മാൽക്കിയ കടൽതീരത്ത് വിഷപ്പാമ്പുകൾ; ചിത്രങ്ങൾ എ.ഐ നിർമിതമെന്ന് അധികൃതർ
text_fieldsമാൽക്കിയ തീരത്ത് കണ്ടെന്ന് പറയപ്പെട്ട പാമ്പിന്‍റെ എ.ഐ നിർമിത ഫോട്ടോ
മനാമ: ബഹ്‌റൈനിലെ മാൽക്കിയ കടൽതീരത്ത് വിഷമുള്ള കടൽപ്പാമ്പുകൾ പ്രത്യക്ഷപ്പെട്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ അംഗം സൈനബ് അൽ ദറാസി വ്യക്തമാക്കി. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതോ സൃഷ്ടിച്ചതോ ആണ് ഈ ചിത്രങ്ങളെന്നാണ് കരുതുന്നത്.
ചിത്രങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനായി മാൽക്കിയ പ്രദേശത്തെ നാട്ടുകാരുമായി താൻ ബന്ധപ്പെട്ടിരുന്നുവെന്ന് അൽ ദറാസി വ്യക്തമാക്കി. എന്നാൽ, ഇത്തരത്തിലുള്ള ചിത്രങ്ങളുടെ ഉറവിടത്തെക്കുറിച്ചോ കടൽതീരത്ത് പാമ്പുകൾ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചോ ആർക്കും യാതൊരു വിവരവുമില്ലെന്ന് നാട്ടുകാർ അറിയിച്ചു. ചിത്രങ്ങൾ എടുത്ത സ്ഥലമോ സമയമോ വ്യക്തമാക്കുന്ന വിശ്വസനീയമായ തെളിവുകളൊന്നുമില്ലാത്തതിനാൽ ഇവയുടെ ആധികാരികതയിൽ സംശയമുണ്ടെന്നും എ.ഐ സാങ്കേതികവിദ്യയുടെ കാലത്ത് ഇത്തരം വ്യാജ ദൃശ്യങ്ങൾ വ്യാപകമാണെന്നും അവർ ചൂണ്ടിക്കാണിച്ചു.
സമൂഹമാധ്യമങ്ങൾ വഴി വാർത്തകളും ചിത്രങ്ങളും പങ്കുവെക്കുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രതയും ഉത്തരവാദിത്തവും പുലർത്തണമെന്ന് സൈനബ് അൽ ദറാസി ആവശ്യപ്പെട്ടു. ഉറവിടം വ്യക്തമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തീരപ്രദേശവാസികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും അനാവശ്യമായ ഭീതി പരത്താൻ ഇടയാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഔദ്യോഗികവും വിശ്വസനീയവുമായ ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും ഏതൊരു വാർത്തയും പങ്കുവെക്കുന്നതിന് മുൻപ് അതിന്റെ നിജസ്ഥിതി ഉറപ്പുവരുത്തണമെന്നും അവർ ഓർമ്മിപ്പിച്ചു.
വ്യാജപ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനും പൊതുജനങ്ങളുടെ സമാധാനം നിലനിർത്തുന്നതിനും സമൂഹത്തിൽ അവബോധം വളർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അവർ കൂട്ടിച്ചേർത്തു.

