അഹ്ലൻ റമദാൻ പ്രഭാഷണവും സി.എച്ച് സ്മാരക വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും ഇന്ന്
text_fieldsകെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിയ വാർത്തസമ്മേളനം
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി വ്യാഴാഴ്ച നടത്തുന്ന അഹ്ലൻ റമദാൻ, സി.എച്ച് സ്മാരക വിദ്യാഭ്യാസ പുരസ്കാര സമർപ്പണത്തിൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്ദീൻ പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെട്ട നൂറോളം പ്രവാസികൾക്കും അവരുടെ വിധവകൾക്കും വേണ്ടി വർഷങ്ങളായി നടത്തുന്ന പ്രവാസി വിധവ പെൻഷന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന ഏഴാമത് അഹ്ലൻ റമദാൻ പ്രഭാഷണവും ജില്ല കമ്മിറ്റി സി.എച്ച് അനുസ്മരണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച പ്രഥമ സി.എച്ച്. മുഹമ്മദ് കോയ സ്മാരക വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും വ്യാഴാഴ്ച രാത്രി എട്ടിന് മനാമ കെ.എം.സി.സി ഹാളിൽ നടക്കുമെന്ന് കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് ഇന്നു കാണുന്ന സർവ പുരോഗതിക്കും നിദാനമായ പ്രവർത്തനങ്ങൾ നടത്തിയ മുൻ കേരള വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ പേരിലുള്ള പ്രഥമ വിദ്യാഭ്യാസ അവാർഡ് പ്രഫ. ഖാദർ മൊയ്ദീൻ, ഡോ. സുബൈർ ഹുദവിക്ക് സമ്മാനിക്കും. ഉത്തരേന്ത്യൻ സംസ്ഥാനമായ ബിഹാറിലെ വിദ്യാഭ്യാസ പരമായി പിന്നാക്കം നിൽക്കുന്ന കിഷൻഗഞ്ചിൽ നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനത്തെ മുൻനിർത്തിയാണ് സുബൈർ ഹുദവിയെ അവാർഡിനായി തെരഞ്ഞെടുത്തത്. നൂറോളം പേർക്ക് പ്രവാസി വിധവ പെൻഷൻ മാസങ്ങളിൽ അവരുടെ അക്കൗണ്ടിൽ എത്തുന്ന രീതിയിലാണ് ജില്ല കെ.എം.സി.സി പെൻഷൻ പ്രവർത്തനം നടത്തുന്നത്. വടകര സി.എച്ച്. സെന്ററിന്റെ കീഴിൽ വരുന്ന മെഡിക്കൽ ലാബ് തുടങ്ങിയ ഒരുപാട് കർമപദ്ധതികൾ ഇനിയും പൂർത്തീകരിക്കാനുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
റമദാനെ വരവേറ്റ് ഡോ. സുബൈർ ഹുദവി അഹ്ലൻ റമദാൻ പ്രഭാഷണം നടത്തും. മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി സി.കെ. സുബൈർ, കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ തുടങ്ങിയവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ കെ.എം.സി.സി മീഡിയ കൺവീനർ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, ട്രഷറർ സുഹൈൽ മേലടി, ഓർഗനൈസിങ് സെക്രട്ടറി ഇസ്ഹാഖ് വില്യാപള്ളി, സ്വാഗതസംഘം വർക്കിങ് ചെയർമാൻ നാസർ ഹാജി പുളിയാവ്, ഫൈസൽ കണ്ടിതാഴ, അഷ്റഫ് നരിക്കോടൻ, അഷ്റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, മുഹമ്മദ് ഷാഫി വേളം, ഷാഹിർ ബാലുശ്ശേരി മുനീർ ഒഞ്ചിയം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

