കാർഷിക ചന്ത; ശനിയാഴ്ച എത്തിയത് 16,000ലധികം സന്ദർശകർ
text_fieldsമനാമ: ബുദൈയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന കാർഷിക ചന്തയുടെ ഒമ്പതാം ആഴ്ചയിൽ എത്തിയത് 16000ലധികം സന്ദർശകർ. എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന ചന്തയിൽനിന്ന് തദ്ദേശീയ കാർഷികോൽപന്നങ്ങൾ വാങ്ങുന്നതിന് മറ്റ് ജി.സി.സി രാജ്യങ്ങളിൽനിന്നുപോലും ആളുകൾ എത്തുന്നുണ്ട്. ബഹ്റൈനിൽ കരകൗശല നിർമാണരംഗത്ത് പ്രവർത്തിക്കുന്നവർക്കും കാർഷികമേള മികച്ച അവസരമാണ് ഒരുക്കുന്നത്. ചന്തയിൽ പ്രദർശിപ്പിച്ചിട്ടുള്ള ഇവരുടെ ഉൽപന്നങ്ങൾ വാങ്ങാനും നിരവധി പേർ എത്തുന്നുണ്ട്. വ്യത്യസ്ത തരത്തിലുള്ള കരകൗശല ഉൽപന്നങ്ങളാണ് ഇവിടെ വിൽപനക്കെത്തിച്ചിരിക്കുന്നത്.
തുടർച്ചയായ രണ്ടാം വർഷവും മേളയിൽ എത്താൻ കഴിഞ്ഞതിന്റെ സന്തോഷം കുട്ട നെയ്ത്തുകാരനായ അബ്ദുൽ രിദ ഹിലാൽ അബു ഹിലാൽ പങ്കുവെച്ചു. ബഹ്റൈനി ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള ഏറ്റവും മികച്ച വേദിയാണ് കാർഷിക ചന്തയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 40 വർഷത്തിലേറെയായി മൺപാത്ര നിർമാണ രംഗത്തുള്ള അബ്ബാസ് അബ്ദുൽ ഹുസൈൻ അബ്ദുല്ലയാണ് മേളയിൽ പങ്കെടുക്കുന്ന മറ്റൊരാൾ.
കാർഷിക ചന്തയോടനുബന്ധിച്ചുള്ള പ്രത്യേക മൂലയിലാണ് കരകൗശല ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ബഹ്റൈന്റെ തനത് കരകൗശല പാരമ്പര്യം അടുത്തറിയാനും ആസ്വദിക്കാനും ആവശ്യക്കാർക്ക് ഉൽപന്നങ്ങൾ വാങ്ങാനുമുള്ള അവസരമാണ് ഇവിടെ ലഭിക്കുന്നത്. ഓരോ ആഴ്ചയിലും വർധിച്ചുവരുന്ന സന്ദർശകരുടെ എണ്ണവും കാർഷിക ചന്തക്ക് ലഭിക്കുന്ന സ്വീകാര്യതക്ക് തെളിവാണ്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളും മായമില്ലാത്ത ഉൽപന്നങ്ങൾ വാങ്ങാൻ ധാരാളമായി എത്തുന്നുണ്ട്. പത്താം വർഷത്തിലെത്തിയ കാർഷിക ചന്ത ഏപ്രിൽ വരെ നീണ്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

