'ആഗാഖാൻ മ്യൂസിക് അവാർഡ്'; ഫൈനലിസ്റ്റായിബഹ്റൈൻ ഖലാലി ഫോക്ക് ബാൻഡ്
text_fieldsബഹ്റൈൻ ഖലാലി ഫോക്ക് ബാൻഡ്
മനാമ: ബഹ്റൈൻ സാംസ്കാരിക പൈതൃകത്തിന് അഭിമാനമായി, രാജ്യത്തെ പ്രശസ്തമായ ഖലാലി ഫോക്ക് ബാൻഡ് 2025ലെ ആഗാഖാൻ മ്യൂസിക് അവാർഡിന്റെ ഫൈനലിസ്റ്റ് പട്ടികയിൽ ഇടം നേടി. ലോകമെമ്പാടുമുള്ള 16 രാജ്യങ്ങളിൽ നിന്നുള്ള 22 മികച്ച സംഗീതജ്ഞരെയും കലാകാരന്മാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള നോമിനേഷൻ പട്ടികയാണ് ആഗാഖാൻ മ്യൂസിക് പ്രോഗ്രാം പ്രഖ്യാപിച്ചത്. ഒരു നൂറ്റാണ്ടിലേറെയായി ബഹ്റൈന്റെ തനതായ മാരിടൈം സംഗീത പാരമ്പര്യം സംരക്ഷിക്കുന്നതിനായി ഈ ബാൻഡ് സമർപ്പിതമായി പ്രവർത്തിക്കുന്നു. മുത്തു ചിപ്പി എടുക്കലുമായി ബന്ധപ്പെട്ട പാട്ടുകൾ, മുങ്ങൽ വിദഗ്ദ്ധർ തിരിച്ചെത്തിയ ശേഷം കരയിൽ അവതരിപ്പിക്കുന്ന കലാരൂപം എന്നിവ ഈ സംഗീതത്തിന്റെ പ്രത്യേകതയാണ്.
ബഹ്റൈന്റെ ദേശീയ പൈതൃകം സംരക്ഷിക്കുന്നതിൽ മുൻനിരയിലുള്ളതും രാജ്യത്തിന്റെ സംഗീത സ്മരണയുടെ പ്രധാന ഭാഗവുമാണ് ഖലാലി ഫോക്ക് ബാൻഡ്. മുഹറഖിലെ ഖലാലി ഗ്രാമത്തിലെ ജനങ്ങളുടെ കലാപരമായ തനിമ വിളിച്ചോതുന്ന അതുല്യമായ താളങ്ങളും നൃത്തങ്ങളും ചേർന്ന വിവിധ ബഹ്റൈനി നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിൽ ഈ ബാൻഡ് പ്രശസ്തമാണ്.
ഇസ്ലാമിക സംസ്കാരങ്ങളിലെ മികച്ച സംഗീതപരമായ നേട്ടങ്ങളെ ആദരിക്കുന്നതിനായി 2018-ലാണ് ആഗാ ഖാൻ മ്യൂസിക് അവാർഡ് ആരംഭിച്ചത്. സംഗീത പാരമ്പര്യങ്ങളുടെ സുസ്ഥിരതക്കും പുനരുജ്ജീവനത്തിനും പൈതൃകവും നൂതനത്വവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും, സാംസ്കാരിക സംവാദത്തിനും സമാധാനത്തിനും സംഗീതം ഉപയോഗിക്കുന്നതിനും അവാർഡുകൾ പിന്തുണ നൽകുന്നു. അവാർഡ് ദാന ചടങ്ങ് നവംബർ 22ന് ലണ്ടനിലെ സൗത്ത്ബാങ്ക് സെന്ററിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

