ഏറെക്കാലത്തെ ചികിത്സക്ക് ശേഷം തൃക്കരിപ്പൂർ സ്വദേശി നാട്ടിലെത്തി
text_fieldsതൃക്കരിപ്പൂർ സ്വദേശിയെ യാത്രയാക്കുന്നു
മനാമ: സൽമാനിയ ഗവൺമെന്റ് ഹോസ്പിറ്റലിൽ ഏറെക്കാലം ചികിത്സയിലായിരുന്ന കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഇന്ത്യൻ എംബസിയുടെയും ബഹ്റൈനിലെ സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. മൂന്ന് വർഷം മുമ്പ് വിസിറ്റ് വിസയിലെത്തി, പിന്നീട് ജോലി വിസയിലേക്ക് മാറാനുള്ള പ്രയാസം കാരണം നാട്ടിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടയിലാണ് ഇദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചത്. ഇതേത്തുടർന്ന് സൽമാനിയ ഐ.സി.യുവിലും പിന്നീട് വാർഡിലുമായി ഇദ്ദേഹം ചികിത്സയിലായിരുന്നു.
ചികിത്സയിൽ കഴിയുന്ന വിവരമറിഞ്ഞ് സുഹൃത്ത് റഹീം വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് ഐ.സി.ആർ.എഫ്, ഹോപ് ബഹ്റൈൻ, ബി.ഡി.കെ എന്നീ സന്നദ്ധ സംഘടനകൾ ഇദ്ദേഹത്തെ സഹായിക്കാൻ രംഗത്തിറങ്ങുകയും ചെയ്തു. ഐ.സി.ആർ.എഫ് ഹോസ്പിറ്റൽ കാര്യങ്ങളുടെ ചുമതലക്കാരനും ബി.ഡി.കെ. ബഹ്റൈൻ ചെയർമാനുമായ കെ.ടി. സലിം ഇദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടുകയും തുടർന്ന് കുടുംബത്തിന്റെ അപേക്ഷ പ്രകാരം ബഹ്റൈൻ ഇന്ത്യൻ എംബസി നാട്ടിലേക്ക് കൊണ്ടുപോകാനാവശ്യമായ നടപടികൾ വേഗത്തിലാക്കുകയുമായിരുന്നു.
ഹോപ് ബഹ്റൈൻ പ്രതിനിധികളായ ഷാജി മുത്തല, ഫൈസൽ പാട്ടാണ്ടി, സാബു ചിറമ്മൽ, ഷാജി ഇളമ്പിലായി എന്നിവർ ആശുപത്രിയിലും നാട്ടിലേക്കുള്ള യാത്രാഒരുക്കങ്ങളിലും ആവശ്യമായ സഹായങ്ങൾ നൽകി. കോഴിക്കോട് എയർപോർട്ടിൽ വിമാനമിറങ്ങിയ അദ്ദേഹത്തിനായി, ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽപ് ഡെസ്ക് വഴി നോർക്ക ആംബുലൻസ് ഏർപ്പാടാക്കി. ഈ ആംബുലൻസിൽ ഇദ്ദേഹത്തെ പയ്യന്നൂർ സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചു. നിയമപരമായ പ്രയാസങ്ങൾക്കിടയിലും രോഗബാധിതനായി ഒറ്റപ്പെട്ടുപോയ പ്രവാസിക്ക് സഹായം നൽകിയ ഇന്ത്യൻ എംബസിയുടെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തനം ഏറെ പ്രശംസനീയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

