ദുരിത ജീവിതത്തിനൊടുവിൽ കണ്ണൂർ സ്വദേശി തുടർചികിത്സക്ക് നാട്ടിലേക്ക് മടങ്ങി
text_fieldsകണ്ണൂർ സ്വദേശിയായ ഹംസയെ ഹോപ് പ്രവർത്തകർ
യാത്രയാക്കുന്നു
മനാമ: രോഗത്തെ തുടർന്ന് ദുരിതത്തിലായ കണ്ണൂർ സ്വദേശിയായ ഹംസ നവത് തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ 20 വർഷത്തോളമായി ബഹ്റൈനിലെ ഒരു സ്വകാര്യ ക്ലീനിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന 57 വയസ്സുകാരനായ ഇദ്ദേഹം പക്ഷാഘാതം വന്നതിനെത്തുടർന്ന് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടിലെ സാമ്പത്തിക ബാധ്യതകൾ കാരണമാണ് പ്രായത്തെയും ശാരീരിക ബുദ്ധിമുട്ടുകളെയും അവഗണിച്ച് ഹംസ ബഹ്റൈനിൽ ജോലി തുടർന്നിരുന്നത്. ഏകദേശം ഒന്നര മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ഹംസ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതു മുതൽ ബഹ്റൈനിലെ സന്നദ്ധ സംഘടനയായ ഹോപ് പ്രവർത്തകരാണ് ആവശ്യമായ സഹായങ്ങൾ നൽകിവന്നത്. തുടക്കത്തിൽ സ്ട്രെച്ചർ സഹായം ആവശ്യമുള്ള അവസ്ഥയിലായിരുന്ന അദ്ദേഹത്തിന്, കഴിഞ്ഞ ഒന്നര മാസത്തെ ഫിസിയോതെറപ്പിയിലൂടെ വീൽചെയറിൽ യാത്ര ചെയ്യാൻ സാധിക്കുന്ന നിലയിലേക്ക് എത്തിക്കാൻ ഹോപ്പിന് കഴിഞ്ഞു. കൂടാതെ, നാട്ടിലെ തുടർചികിത്സക്കുള്ള സാമ്പത്തിക സഹായം നൽകുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും, ആവശ്യമായ മാനസിക പിന്തുണ നൽകി ഇന്ന് എയർപോർട്ടിൽനിന്നും യാത്രയാക്കാനും ഹോപ് പ്രവർത്തകർ നേതൃത്വം നൽകി.
ഹോപ് അംഗങ്ങളായ സാബു ചിറമേൽ, അഷ്കർ പൂഴിത്തല, ഫൈസൽ പട്ടാണ്ടി, പുഷ്പരാജൻ, ഷാജി ഇളമ്പിലായി, റഫീഖ് മുഹമ്മദ് എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

