എ.എഫ്.സി. അണ്ടർ-23 യോഗ്യത റൗണ്ട്; പത്തരമാറ്റ് വിജയവുമായി ബഹ്‌റൈൻ
text_fieldsബഹ്റൈൻ അണ്ടർ-23 ടീം അംഗങ്ങൾ മത്സര ശേഷം
മനാമ: എ.എഫ്.സി 2026 അണ്ടർ-23 യോഗ്യത മത്സരത്തിൽ ബ്രൂണൈ ദാറുസ്സലാമിനെതിരെ ബഹ്‌റൈന്‍റെ അണ്ടർ-23 ഒളിമ്പിക് ഫുട്ബാൾ ടീമിന് പത്തരമാറ്റ് ജയം. ദോഹയിലെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ 10 ഗോളുകൾക്കാണ് ബഹ്‌റൈൻ വിജയിച്ചത്.
ആദ്യ മത്സരത്തിൽ ഇന്ത്യയോട് 0-2ന് പരാജയപ്പെട്ട ടീമിന് ഈ വിജയം ഗ്രൂപ് എച്ചിൽ നിർണായക പോയന്‍റുകൾ നേടാനും യോഗ്യത പ്രതീക്ഷകൾ സജീവമാക്കാനും സഹായിച്ചു. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ തന്നെ ബഹ്‌റൈൻ ഏകപക്ഷീയമായ അഞ്ച് ഗോളുകൾ സ്വന്തമാക്കിയിരുന്നു.
കളിയാരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ ബഹ്റൈൻ താരം അബ്ദുല്ല ഒബൈദ്ലി എതിർ ടീമിന്‍റെ വലകുലുക്കി തുടങ്ങിയിരുന്നു. രണ്ടാംപകുതിയിലും ബഹ്‌റൈൻ തങ്ങളുടെ ആക്രമണം തുടരുകയായിരുന്നു. ഈ വിജയത്തോടെ ബഹ്‌റൈൻ ഗ്രൂപ് എച്ചിൽ മൂന്ന് പോയന്‍റുകളുമായി രണ്ടാംസ്ഥാനത്തെത്തി. ഇന്ത്യക്കും മൂന്ന് പോയന്‍റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ബഹ്‌റൈൻ മുന്നിലാണ്. രണ്ട് വിജയങ്ങളുമായി ഖത്തറാണ് ഗ്രൂപ്പിൽ ഒന്നാമത്. രണ്ട് കനത്ത പരാജയങ്ങളുമായി ബ്രൂണൈ ദാറുസ്സലാം അവസാന സ്ഥാനത്താണ്.
ഈ വിജയം ബഹ്‌റൈന്‍റെ യോഗ്യത സാധ്യതകൾ വർധിപ്പിച്ചിരിക്കയാണ്. ഗ്രൂപ് ചാമ്പ്യന്മാരായി നേരിട്ട് യോഗ്യത നേടാനോ അല്ലെങ്കിൽ 11 ഗ്രൂപ്പുകളിൽ നിന്ന് ഏറ്റവും മികച്ച നാല് രണ്ടാംസ്ഥാനക്കാരിലെത്തി യോഗ്യത നേടാനോ ടീമിന് അവസരമുണ്ട്. ബഹ്‌റൈന്‍റെ അടുത്ത മത്സരം ചൊവ്വാഴ്ച രാത്രി 8ന് ആതിഥേയരായ ഖത്തറിനെതിരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

