പരസ്യ ലൈസൻസുകൾ ഇനി അഞ്ച് പ്രവൃത്തിദിവസത്തിനുള്ളിൽ ; നടപടികൾ വേഗത്തിലാക്കി മന്ത്രാലയം
text_fieldsമനാമ: ബഹ്‌റൈനിൽ വാണിജ്യ പരസ്യങ്ങൾക്കുള്ള ലൈസൻസുകൾ അഞ്ച് പ്രവൃത്തിദിവസത്തിനുള്ളിൽ അനുവദിക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ-കർഷക മന്ത്രാലയം. സാങ്കേതികവും ഭരണപരവുമായ നിബന്ധനകൾ പൂർത്തിയാക്കുന്ന അപേക്ഷകളിലാണ് വേഗത്തിൽ തീരുമാനമെടുക്കുകയെന്ന് മുനിസിപ്പാലിറ്റി കാര്യ-കർഷക മന്ത്രി വാഇൽ അൽ മുബാറക് വ്യക്തമാക്കി. ശൂറാ കൗൺസിൽ അംഗം ഡോ. ഇബ്തിസാം അൽ ദലാലിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ നാഷനൽ ഇ-ഗവൺമെന്റ് പോർട്ടൽ വഴിയോ ലളിതമായി ഡിജിറ്റൽ അപേക്ഷ സമർപ്പിക്കാം.
അപേക്ഷകൾ സൂക്ഷ്മമായി പരിശോധിക്കാൻ 18 ഭരണനിർവഹണ ഉദ്യോഗസ്ഥരെയും 15 നിശ്ചിത ഇൻസ്പെക്ടർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പരസ്യങ്ങളുടെ വലുപ്പം, സ്ഥാനം, സുരക്ഷ മാനദണ്ഡങ്ങൾ എന്നിവ ഇവർ കർശനമായി പരിശോധിക്കുമെന്നും പരിഷ്കാരത്തിൽ പ്രധാനമായും പറയുന്നുണ്ട്.
കൂടാതെ, പരസ്യങ്ങളിൽ അറബി ഭാഷ കൃത്യമായും തെറ്റുകൂടാതെയും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക ‘ലിംഗ്വിസ്റ്റിക് റിവ്യൂ’ നടത്തും. 1973ലെ 14ാം നമ്പർ നിയമമനുസരിച്ചുള്ള പരസ്യ സമിതിക്കാണ് ഇതിന്റെ ചുമതല. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനായി നിലവിലുള്ള പരസ്യ നിയമങ്ങളിൽ ഭേദഗതി വരുത്താൻ മന്ത്രാലയം രണ്ട് കരട് നിർദേശങ്ങൾ നിയമസഭക്ക് സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

