മോശം കാലാവസ്ഥ: തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ദമ്മാമിലിറക്കി
text_fieldsദമ്മാം എയർപോർട്ടിൽ വിശ്രമിക്കുന്ന യാത്രക്കാർ
മനാമ: തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദമ്മാം എയർപോർട്ടിലിറക്കി. രണ്ട് തവണ ബഹ്റൈൻ എയർപോർട്ടിലിറക്കാൻ ശ്രമിച്ചെങ്കിലും ക്യാപ്റ്റൻ പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതിനെതുടർന്നാണ് ദമ്മാം എയർപോർട്ടിലിറക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരത്ത് നിന്നുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യക്കാർക്ക് സൗദിയിൽ ട്രാൻസിസ്റ്റ് വിസ അനുമതിയല്ലാത്തതിനാലും ബഹ്റൈനിൽതന്നെ ഇറങ്ങേണ്ട വിമാനം വഴിതിരിച്ചു വിട്ടു എന്നതിനാലും യാത്രക്കാർ നിലവിൽ വിമാനത്താവളത്തിൽതന്നെ തുടരുകയാണ്. പകൽ സമയം നോമ്പായിരുന്നതിനാൽ ഭക്ഷണം വിതരണം ചെയ്യാൻ തടസ്സമുണ്ടായതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നടപടികൾ വേഗത്തിലാക്കാൻ സൗദി അധികൃതരുമായി എയർ ഇന്ത്യ അധികൃതർ ബന്ധപ്പെട്ടുകൊണ്ടിരിക്കയാണ്.
ജോലി സമയക്രമീകരണം തടസ്സമുള്ളതിനാൽ ക്യാപ്റ്റന് വിമാനം വീണ്ടും പറത്താനുള്ള അനുമതിയുണ്ടായിരുന്നില്ല. അതുകൊണ്ട് യാത്രക്കാർ ഇന്ന് ദമ്മാം എയർപോർട്ടിൽ തന്നെ തുടരേണ്ടി വരും. ഞായറാഴ്ച രാവിലെ സൗദി പ്രാദേശിക സമയം 9.30നാണ് വിമാനം ദമ്മാമിൽനിന്ന് പുറപ്പെടുക.ബഹ്റൈൻ സമയം രാവിലെ 10.05ന് എത്തിച്ചേരും. ഇന്ന് വൈകിട്ട് ഇതേ വിമാനത്തിൽ ബഹ്റൈനിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന യാത്രക്കാരെ എയർഇന്ത്യ ബഹ്റൈനിൽതന്നെ ഭക്ഷണ സൗകര്യത്തോടു കൂടിയ ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കയാണ്. ഞായർ രാവിലെ 10.55ന് ബഹ്റൈനിൽനിന്ന് വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചതായി യാത്രക്കാരുമായി സംസാരിച്ച സാമൂഹിക പ്രവർത്തകൻ ഫസൽ ഹഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

