വേശ്യാവൃത്തിക്കായി ഉപയോഗിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വളർത്തമ്മ വിചാരണ നേരിടുന്നു
text_fieldsമനാമ: പ്രായപൂർത്തിയാകാത്ത വളർത്തുമകളെ വേശ്യാവൃത്തിക്കായി ഉപയോഗിച്ചുവെന്ന കേസിൽ ഏഷ്യൻ വംശജയായ യുവതി ഡിസംബർ 14ന് ഹൈ ക്രിമിനൽ കോടതിയിൽ വിചാരണക്ക് വിധേയയാകും.
പെൺകുട്ടിയെ ബഹ്റൈനിലേക്ക് കൊണ്ടുവന്ന്, വേശ്യാവൃത്തിക്കായി ഉപയോഗിച്ച് പണം സ്വന്തമാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു പ്രതിയെന്ന് പ്രോസിക്യൂട്ടർമാർ അറിയിച്ചു. നിലവിൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പെൺകുട്ടിയെ ചൂഷണം ചെയ്യുന്നുണ്ടെന്ന് മനുഷ്യക്കടത്ത് വിരുദ്ധ ഡയറക്ടറേറ്റിന് ലഭിച്ച റിപ്പോർട്ടിനെതുടർന്നാണ് കേസ് ആരംഭിച്ചത്. പ്രതി സോഷ്യൽ മീഡിയ, ഇന്റർനെറ്റ് എന്നിവ വഴി വിവിധ രാജ്യക്കാരായ പുരുഷന്മാരെ കണ്ടെത്തി മകൾക്ക് ക്ലയിന്റുകളെ ഏർപ്പാടാക്കി നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. വളർത്തമ്മയായ പ്രതിക്കൊപ്പമാണ് താൻ ബഹ്റൈനിൽ എത്തിയതെന്ന് ഇരയായ പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇരുവരും അഞ്ചുദിവസത്തോളം ഒരു ഹോട്ടലിൽ താമസിച്ചു. അതിനുശേഷം മറ്റൊരു ഹോട്ടലിലേക്ക് മാറി. തുടർന്ന് പ്രതി പുരുഷന്മാരെ കാണാനായി തന്നെ നിർബന്ധിക്കുകയും ചെയ്തുവെന്ന് പെൺകുട്ടി മൊഴി നൽകി.
പണം മുഴുവൻ വളർത്തമ്മ കൈക്കലാക്കിയതായും പെൺകുട്ടി വെളിപ്പെടുത്തി. കേസിന്റെ തുടർനടപടികൾ ഡിസംബർ 14ന് ഹൈ ക്രിമിനൽ കോടതിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

