പ്രവാസികളെ ചേര്‍ത്ത് പിടിച്ച ഭരണാധികാരി
text_fieldsപാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഇ. അഹമ്മദ് എന്നിവർ പ്രിൻസ് ഖലീഫ ബിൻ സൽമാൻ
ആൽ ഖലീഫയെ സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)
മനാമ: രാജ്യത്തെ പൗരന്മാരെയും പ്രവാസികളെയും ചേര്‍ത്ത് പിടിക്കുന്ന ഒരു ഭരണനേതൃത്വമാണ് ബഹ്റൈനുള്ളത്. മറ്റു പല രാജ്യങ്ങളില്‍നിന്നും ബഹ്റൈനെ വ്യത്യസ്തമാക്കുന്നത് ഈ സവിശേഷതയാണ്. ജനക്ഷേമത്തിന് എന്നും മുന്തിയ പരിഗണനയാണ് ബഹ്റൈന്‍ ഭരണകൂടം നല്‍കുന്നത്. അതില്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ച ഭരണാധികാരിയാണ് അന്തരിച്ച പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്മാന് ആൽ ഖലീഫ. അദ്ദേഹത്തിെൻറ വിയോഗം സമസ്ത വിഭാഗം ജനങ്ങളുടെയും നൊമ്പരമാകുന്നതും അതുകൊണ്ടാണ്.
ആധുനിക ബഹ്റൈെൻറ വളര്‍ച്ചയില്‍ ശൈഖ് ഖലീഫയുടെ സംഭാവനകള്‍ എന്നും ഓർമിക്കപ്പെടും. അതോടൊപ്പം രാജ്യത്തെ പ്രവാസി സമൂഹത്തിന് അദ്ദേഹം നല്കിയ കരുതലും സ്നേഹവും. ബഹ്റൈന്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് അദ്ദേഹം വിദേശ കുടിയേറ്റ താമസ വിഭാഗം സമിതി പ്രസിഡൻറായി പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍, പ്രവാസി സമൂഹത്തിെൻറ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും അവരെ ചേര്‍ത്ത് പിടിക്കാനും അദ്ദേഹത്തിനായി. രാജ്യത്ത് 1980കളില്‍തന്നെ ഒരു തൊഴില്‍ രൂപപ്പെടുത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രവാസികളുടെ എന്നത്തെയും ഇഷ്ടപ്പെട്ട തൊഴില്‍ ലക്ഷ്യസ്ഥാനമായി ബഹ്റൈന്‍ മാറാന്‍ കാരണം ഇതൊക്കെയാണ്. ഒരു വിവേചനവുമില്ലാതെ, ബഹുസ്വര സമൂഹമായി, അതിെൻറ എല്ലാ ഊഷ്മളതയിലും സൗന്ദര്യത്തിലും ബഹ്റൈനെ വളര്‍ത്തിയെടുത്തതില്‍ ശൈഖ് ഖലീഫയുടെ പങ്ക് എന്നും ഓർമിക്കപ്പെടും.
അഞ്ചു പതിറ്റാണ്ടോളം കാലമാണ് അദ്ദേഹം രാജ്യത്തെ പ്രധാനമന്ത്രി പദത്തിലിരുന്നത്. ലോക ചരിത്രത്തില്‍ സമാനതകള്‍ അവകാശപ്പെടാനില്ലാത്തതാണ് ഇത്. എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കാതെ രാജ്യത്തെ സമ്പദ്വ്യവസ്ഥയില് സമൂലമായ മാറ്റം വരുത്താനും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. ഇന്നു കാണുന്ന വിധം ആധുനിക ബഹ്റൈെൻറ പിറവിക്ക് കാരണമായ പ്രധാന ഇടപെടലുകളാണ് പ്രധാനമന്ത്രി എന്നനിലയില്‍ അദ്ദേഹം നടത്തിയത്. സമ്പല്‍സമൃദ്ധി മാത്രമല്ല, ശാന്തിയും സമാധാനവും നിറഞ്ഞതായി പവിഴദ്വീപിനെ മാറ്റിയെടുക്കാന്‍ അദ്ദേഹം പ്രയത്നിച്ചു. വിദ്യാഭ്യാസ-സാമൂഹിക-സാസ്കാരികരംഗങ്ങളില്‍ മറ്റെല്ലാ ഗള്‍ഫ് രാജ്യങ്ങളെക്കാളും മുന്നില്‍ നടക്കാന്‍ രാജ്യത്തെ പ്രാപ്തമാക്കുന്നതില്‍ അദ്ദേഹം മഹത്തായ പങ്കു വഹിച്ചു.
1970കളില്‍ മലയാളക്കരയില്‍നിന്ന് ഗള്‍ഫ് പ്രവാസം ആരംഭിച്ചത് പ്രധാനമായും ബഹ്റൈനിലേക്കായിരുന്നു. കോഴിക്കോട് ഗള്‍ഫില്‍ പോകുക എന്നാല്‍ ബഹ്റൈനില്‍ പോകുക എന്നായിരുന്നു 1990 കള്‍ വരെ പറഞ്ഞിരുന്നത്. ഇവിടെ എത്തിയ പ്രവാസികള്‍ക്ക് ഒരിക്കലും ഈ നാട് അന്യമായി തോന്നിയില്ല. അവരെ ഈ നാട്ടിലെ ഭരണകൂടം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു എന്നതിനാലാണത്. അവര്‍ക്കു പിന്നാലെ വന്ന തലമുറക്കും ഈ നാട് സ്നേഹനിധിയായ പോറ്റമ്മയായി. അതിനു പിന്നിലെ താങ്ങും തണലുമായി ശൈഖ് ഖലീഫ എന്ന പ്രധാനമന്ത്രി ഉണ്ടായിരുന്നു.
പ്രവാസികള്‍ നാടിനെക്കാള്‍ ഏറെ ജീവിച്ചത് ഇവിടെയാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. 'അജ്നബി'എന്ന തോന്നലില്ലാതെ ഇവിടെ അവര്‍ ജീവിച്ചു. അവരുടെ പിന്‍ഗാമികളായ നമ്മളും ജീവിക്കുന്നു. എന്ത് പ്രതിസന്ധിയുണ്ടായാലും ഇവിടെ പിടിച്ച് നില്ക്കാന് നമുക്ക് കരുത്താകുന്നത് ഈ നാടും ഇവിടത്തെ ഭരണകൂടവും നല്കുന്ന കരുത്താണ്. പ്രവാസികള്‍ക്ക്, പ്രത്യേകിച്ച മലയാളി സമൂഹത്തിന് അദ്ദേഹത്തിെൻറ കരുതല്‍ അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. മലയാളി സമൂഹത്തിെൻറ ആത്മാര്‍ഥതയും കഠിനാധ്വാനവും അദ്ദേഹം എപ്പോഴും വിലമതിച്ചു.
ഇ. അഹമ്മദ് വിദേശ സഹമന്ത്രിയായിരിക്കെ ബഹ്റൈന്‍ സന്ദര്‍ശിച്ച വേളയിലും മുഖ്യമന്ത്രി പിണറായി വിജയന് ബഹ്റൈന്‍ സന്ദര്‍ശിച്ചപ്പോഴും ഇക്കാര്യം ശൈഖ് ഖലീഫ അവരുമായി പങ്കുവെച്ചിരുന്നു. തെൻറ മുതുമുത്തച്ഛന്മാര് മുതല്‍ കേരളവുമായും മലയാളികളുമായുമുള്ള ഊഷ്മളമായ ബന്ധമാണ് അദ്ദേഹം പങ്കുവെച്ചത്. മലയാളികളുടെ സത്യസന്ധതയും കഠിനാധ്വാനവും പ്രശംസനീയമാണെന്നും കേരളത്തിെൻറ മാനവ വിഭവശേഷി ബഹ്റൈെൻറ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇ. അഹമ്മദിനോടും മുഖ്യമന്ത്രിയോടും വെളിപ്പെടുത്തിയിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ബഹ്റൈനിലെത്തി പ്രധാന മന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു രാജ്യത്തെ ഭരണാധികാരി ആ രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്കുന്ന ഏറ്റവും മഹത്തായ പരിഗണനയാണ് അദ്ദേഹത്തിെൻറ വാക്കുകളില്‍ നിഴലിച്ചത്. ഇത് തന്നെയാണ് മലയാളി സമൂഹത്തെ അദ്ദേഹത്തിെൻറ വിയോഗ വാര്‍ത്ത ഏറെ നൊമ്പരപ്പെടുത്താന്‍ കാരണം. അദ്ദേഹത്തിെൻറ വിയോഗത്തില്‍ കെ.എം.സി.സി ബഹ്റൈെൻറ അതീവ ദു:ഖം രേഖപ്പെടുത്തുന്നു.
(ഹബീബ് റഹ്മാന് പ്രസിഡൻറ്, കെ.എം.സി.സി ബഹ്റൈന്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

