ഇന്ത്യക്കാരൻ തട്ടിപ്പ് നടത്തി നാട്ടിലേക്ക് മുങ്ങിയാൽ ചെയ്യേണ്ട നിയമ നടപടികൾ
text_fields? ഞാൻ ഒരു ട്രാവൽ ഏജൻസി നടത്തുന്നയാളാണ്. അടുത്തിടെ ഒരു സ്ഥാപനം ബൾക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. പോസ്റ്റ് ഡേറ്റഡ് ആയി ചെക്ക് നൽകുകയും ചെയ്തു. മുമ്പ് നൽകിയ ചെക്കുകൾ കൃത്യമായി പാസായതിനാൽ ഞങ്ങൾ സംശയിച്ചില്ല. എന്നാൽ, ഇത്തവണ ചെക്ക് മടങ്ങി. അന്വേഷിച്ചപ്പോൾ ഇയാൾ സ്ഥാപനം പൂട്ടി ഇന്ത്യയിലേക്ക് മടങ്ങി എന്നാണ് അറിയാൻ കഴിഞ്ഞത്. എനിക്ക് വളരെയധികം സാമ്പത്തിക നഷ്ടമുണ്ടായി. ഈ പണം തിരികെ ലഭിക്കാൻ എന്ത് നിയമനടപടിയാണ് സ്വീകരിക്കേണ്ടത്.
റഫീഖ്
• താങ്കൾ എത്രയുംവേഗം മടങ്ങിയ ചെക്കിന്റെ അടിസ്ഥാനത്തിൽ ഇവിടെനിന്ന് ഒരു കോടതിവിധി നേടാൻ ശ്രമിക്കണം. ഇവിടത്തെ കോടതി വിധി അനുകൂലമായി ലഭിച്ചാൽ അത് ഇന്ത്യയിൽ നടപ്പാക്കാൻ കഴിയും. ചെക്ക് മടങ്ങിയതിനാൽ അതിന്റെ അടിസ്ഥാനത്തിൽ ഇവിടെ കേസ് കൊടുക്കാം. അതിന് വേറെ രേഖകൾ ഒന്നും ആവശ്യമില്ല. സിവിൽ കേസ് ആയതുകൊണ്ട് കോടതി ഫീസ് നൽകേണ്ടിവരും. ആ ഫീസ് നിശ്ചയിക്കുന്നത് എത്ര തുകയുടെ ചെക്കാണ് മടങ്ങിയത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. കുറ്റാരോപിതനായ വ്യക്തി ഇവിടെ ഇല്ലാത്തതുകൊണ്ട് വിധി ലഭിക്കാൻ കുറച്ചുസമയം എടുത്തേക്കും. അതുപോലെ ആരുടെ പേരിലാണോ കേസ് കൊടുക്കുന്നത്, അയാളുടെ പേരിൽ നോട്ടീസ് നൽകേണ്ടതുണ്ട്. അത് എംബസി മുഖേന നൽകാൻ സാധിക്കുമോ എന്ന് അന്വേഷിക്കണം. അല്ലെങ്കിൽ നോട്ടീസ് നാട്ടിലെ പൊലീസ് വഴി നൽകാൻ സാധിക്കണം. കേസ് ഒരു ബഹ്റൈനി അഭിഭാഷകൻ മുഖേനയാണ് നൽകേണ്ടത്. അദ്ദേഹവുമായി ചർച്ച ചെയ്ത് നോട്ടീസ് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കണം. നോട്ടീസ് കൊടുക്കാതെ വിധി ലഭിച്ചാൽ അത് DEFAULT വിധി ആകും. അത് നാട്ടിൽ ചലഞ്ച് ചെയ്യാൻ കുറ്റാരോപിതന് കഴിയും. അതുകൊണ്ട് നോട്ടീസ് നൽകിയതിനുശേഷം വേണം വിധി വാങ്ങിക്കുവാൻ.
മടങ്ങിയ ചെക്കിന്റെ അടിസ്ഥാനത്തിൽ, ക്രിമിനൽ കോടതി വിധി വേറൊരു രീതിയിൽ വാങ്ങിക്കുവാനും സാധിക്കും. അതിനുവേണ്ടത് മടങ്ങിയ ചെക്ക് പൊലീസ് സ്റ്റേഷനിൽ നൽകുകയാണ്. അങ്ങനെ ചെയ്താൽ പബ്ലിക് പ്രോസിക്യൂഷൻ മുഖേന ക്രിമിനൽ കോടതി വിധി ലഭിക്കും. അതിന് കോടതി ഫീസ് ഇല്ല.
പക്ഷേ, ഈ വിധികൊണ്ട് വലിയ പ്രയോജനം ലഭിക്കുകയില്ല. ബാങ്ക് അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് മടങ്ങിയതിന്റെ ശിക്ഷാവിധിയാണ് ഇതിലൂടെ ലഭിക്കുന്നത്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെങ്കിൽ ഈ വിധിയുടെ അടിസ്ഥാനത്തിൽ പിന്നെ സിവിൽ കേസ് നൽകേണ്ടിവരും.
അപ്പോൾ കോടതി ഫീസ് നൽകണം. സിവിൽ കേസിന്റെ വിധി വരാൻ സമയമെടുക്കുകയും ചെയ്യും. ഇവിടെ സിവിൽ കോടതി വിധി ലഭിച്ചാൽ, അത് പരിഭാഷപ്പെടുത്തി, എംബസിയിൽ അപോസ്റ്റിൽ ചെയ്യണം. നാട്ടിലെ കോടതി അത് സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

