ടി.കെ അഷ്റഫിനെതിരെയെടുത്ത നടപടി പിൻവലിക്കണം -വിസ്ഡം ബഹ്റൈൻ ചാപ്റ്റർ
text_fieldsമനാമ: സൂംബ വിവാദ പശ്ചാത്തലത്തിൽ, വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫിനെതിരെയെടുത്ത സസ്പെൻഷൻ നടപടി ഗവൺമെന്റ് പദ്ധതികളോട് വിമർശനമുന്നയിക്കുന്നവർക്കെതിരെയുള്ള കടുത്ത അസഹിഷ്ണുതയാണ് കാണിക്കുന്നതെന്നും, ഈ നടപടിയെ ശക്തമായി വിമർശിക്കുന്നുവെന്നും വിസ്ഡം ബഹ്റൈൻ ചാപ്റ്റർ അഭിപ്രായപ്പെട്ടു.
അഭിപ്രായ വൈവിധ്യങ്ങൾക്കും വിമർശനങ്ങൾക്കുമെതിരെ ശിക്ഷാപരമായ സമീപനം സ്വീകരിക്കുന്ന രീതി ഫാഷിസ്റ്റ് ചിന്താഗതിയാണെന്നും, സൂംബയിലെ അശാസ്ത്രീയത ചോദ്യം ചെയ്തതിനെതിരെ ചർച്ചയും സംവാദവും ആവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട ടി.കെ. അഷ്റഫിനെ പോലുള്ളവരെ പുറത്താക്കിയ വിദ്യാഭ്യാസ വിഭാഗത്തിന്റെ തീരുമാനം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീക്കമാണെന്നും പ്രതികരണ ബോധമുള്ള അധ്യാപക വിഭാഗത്തെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണെന്നും യോഗം അഭിപ്രായപ്പെട്ടു. വിദ്യാർഥികളിൽ ലഹരിയോടുള്ള ആസക്തി കുറക്കാൻ 'സൂംബ' പോലുള്ള മ്യൂസിക്കൽ ഡാൻസ് പ്രോഗ്രാമുകൾക്ക് സാധിക്കുമെന്ന് ശാസ്ത്രീയമായി ഒരു തെളിവും ഇല്ല എന്നിരിക്കെ, എല്ലാ മതസ്ഥരും പഠിച്ചു വളരേണ്ട പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്തുമ്പോൾ കൃത്യമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം മാത്രമേ ഏതൊരു മാറ്റവും കൊണ്ടുവരാവൂവെന്നുമാണ് ടി.കെ ആവശ്യപ്പെട്ടത്.
സൂംബ നിര്‍ബന്ധമില്ലെന്നും പങ്കെടുക്കുന്നവര്‍ക്ക് ഇഷ്ടവസ്ത്രം ധരിക്കാമെന്നും പറഞ്ഞ വിദ്യാഭ്യാസ വകുപ്പുതന്നെ സൂംബയോട് വിയോജിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്യാന്‍ മാനേജ്മെന്റിനോട് നിർദേശിച്ചത് ഇരട്ടത്താപ്പാണെന്നും, സര്‍ക്കാര്‍ ശമ്പളം സ്വീകരിക്കുന്നവര്‍ സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയലും ജനാധിപത്യവിരുദ്ധവുമാണെന്നും യോഗം അഭിപ്രായപ്പെട്ടു. തങ്ങളുടെ മതവിശ്വാസത്തിനെതിരായതിനാൽ ദേശീയഗാനം ആലപിക്കുന്നതിൽനിന്ന് യഹോവ സാക്ഷികളെ ഒഴിവാക്കിയ സുപ്രീംകോടതി ഉത്തരവ് ഈ രാജ്യത്ത് നിലനിൽക്കെ, ദേശീയഗാനത്തേക്കാൾ വലുതല്ലാത്ത സൂംബയിൽ ഇത്ര കാർക്കശ്യമെന്തിനെന്നും, സൂംബ തടയുമെന്നല്ല, മറിച്ച് താനും തന്റെ കുട്ടിയും അതിൽനിന്ന് വിട്ടുനിൽക്കുന്നുവെന്നാണെന്നും, അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം കേരളത്തിൽ ഇല്ലേ എന്നും യോഗം നിരീക്ഷിച്ചു. അഷ്റഫ് മാഷിനെതിരെ വിദ്യാഭ്യാസ വകുപ്പും സർക്കാറും ഇത്ര ശുഷ്കാന്തിയിൽ നടപടി എടുത്തത് സംശയാസ്പദമാണെന്നും യോഗം വിലയിരുത്തി.
എല്ലാവർക്കും പഠിക്കാമെങ്കിലും അങ്ങനെ എല്ലാവർക്കും പഠിപ്പിക്കാൻ കഴിയുന്ന ഒന്നല്ല സൂംബ. പ്രത്യേക പരിശീലനവും ലൈസൻസും നേടിയ ഇൻസ്ട്രക്ടർമാരാണ് സൂംബ പരിശീലിപ്പിക്കേണ്ടത്. ഇന്നു ലോകത്താകമാനം രണ്ടു ലക്ഷത്തിലധികം പരിശീലകരാണ് ഇത്തരത്തിൽ ലൈസൻസ് നേടിയവരായിട്ടുള്ളത്, എന്നിരിക്കെ അക്ഷരം പഠിപ്പിക്കേണ്ട അധ്യാപകർ കൃത്യമായ പരിശീലനമില്ലാതെ കുട്ടികൾക്ക് എന്തെങ്കിലും കാട്ടിക്കൂട്ടലുകൾ കാണിച്ചുകൊടുത്താൽ അതിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാവുമെന്നും ഇതെല്ലാം ഗവൺമെന്റ് ഒരു സമിതിയെവെച്ച് പഠനവിധേയമാക്കണമെന്നും, ആവിഷ്കാര സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടുന്ന സാഹിത്യകാരന്മാരും സർക്കാരും ഈ കാര്യങ്ങൾ ഗൗരവമായി എടുക്കണമെന്നും ടി.കെ. അഷ്റഫിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നും യോഗം നിർദേശിച്ചു. പ്രസിഡന്റ് അബ്ദുൽ അസീസ് ടി.പി അധ്യക്ഷതവഹിച്ചു. മീറ്റിങ്ങിൽ, ജനറൽ സെക്രട്ടറി രിസാലുദ്ദീനുവേണ്ടി ബിനു ഇസ്മയിൽ, സാദിഖ് ബിൻ യഹ്യ, അബ്ദു ലത്വീഫ് സി.എം എന്നിവർ പ്രമേയമവതരിപ്പിച്ചു സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

