തെരുവ് കച്ചവടക്കാർക്കെതിരെ നടപടി; മനാമയിലും ഗുദൈബിയയിലും റെയ്ഡ്
text_fieldsമനാമ: തലസ്ഥാന നഗരിയിലെ മനാമ, ഗുദൈബിയ പ്രദേശങ്ങളിൽ അനധികൃതമായി തെരുവിൽ കച്ചവടം നടത്തിവന്ന സ്ഥാപനങ്ങളിൽ കാപിറ്റൽ മുനിസിപ്പാലിറ്റി അധികൃതർ റെയ്ഡ് നടത്തി. റെയ്ഡിനിടെ ഇലക്ട്രോണിക് സാധനങ്ങൾ, വസ്ത്രങ്ങൾ, ഷൂസുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു.
പൊതുജനാരോഗ്യ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊതുവഴിയിൽ തുറന്നുവെച്ച് ഭക്ഷണ സാധനങ്ങളുൾപ്പെടെ വിൽക്കുന്ന താൽക്കാലിക കച്ചവട കേന്ദ്രങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. തൊഴിലാളികളെ ലക്ഷ്യമിട്ട് വിവിധ ഉൽപന്നങ്ങൾ വിറ്റഴിക്കുന്ന ഈ താൽക്കാലിക കടകൾ പലപ്പോഴും നടപ്പാതകൾ തടസ്സപ്പെടുത്തുന്നതായി പരാതിയുണ്ടായിരുന്നു.
അനധികൃതമായി തെരുവുകച്ചവടം നടത്തുന്ന, രേഖകളില്ലാത്ത പ്രവാസികൾ നടത്തുന്ന ഇത്തരം കച്ചവടങ്ങൾ ലൈസൻസുള്ള ചെറുകിട വ്യാപാരികളുടെ ബിസിനസ് തകർക്കുന്നതായി നേരത്തെ കൗൺസിലർമാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തടയാനായി നാല് ഗവർണറേറ്റുകളിലും വർഷം മുഴുവൻ പരിശോധന നടത്തണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു. തെരുവ് കച്ചവടങ്ങളോ മറ്റോ സംബന്ധിച്ച് പൊതുജനങ്ങൾക്ക് എന്തെങ്കിലും ആശങ്കകളോ പരാതികളോ ഉണ്ടെങ്കിൽ വ്യവസായ വാണിജ്യ മന്ത്രാലയത്തെ അറിയിക്കാവുന്നതാണ്.ഇ-മെയിൽ: consumer_protection@moic.gov.bh. , വിളിക്കേണ്ട നമ്പർ: 17007003.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

