എ.സി.സി അണ്ടർ-19 പ്രീമിയർ കപ്പ്; കുവൈത്തിനെതിരെ ബഹ്റൈന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം
text_fieldsബഹ്റൈൻ അണ്ടർ 19 ടീം കുൈവത്തിനെതിരായ മത്സരത്തിന് മുമ്പ്
മനാമ: യു.എ.ഇയിൽ നടക്കുന്ന എ.സി.സി പുരുഷ അണ്ടർ-19 പ്രീമിയർ കപ്പിൽ കുവൈത്തിനെതിരെ ബഹ്റൈൻ അണ്ടർ 19 ടീമിന് ഏഴ് വിക്കറ്റിന്റെ വിജയം. മലയാളിയും ടീം ക്യാപ്റ്റനുമായ മുഹമ്മദ് ബാസിലിന്റെയും സായി സാർഥക് വഡ്ഡിരാജുവിന്റെയും മികച്ച ഇന്നിങ്സാണ് ടീമിന്റെ വിജയം അനായാസമാക്കിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും പൂർണാധിപത്യം ബഹ്റൈൻ ടീമിനായിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കുെവെത്ത് 42.2 ഓവറിൽ 137 റൺസിന് ഓൾഔട്ടായി. ബഹ്റൈൻനിരയുടെ ശക്തമായ ബാളിങ് ആക്രമണത്തിൽ കുവൈത്ത് നിര തകർന്നടിയുകയായിരുന്നു. ആദ്യ ഒമ്പത് പന്തുകൾക്കുള്ളിൽതന്നെ മൂന്ന് വിക്കറ്റുകൾ കുവൈത്തിന് നഷ്ടമായിരുന്നു. ഓപണർമാരായ ഉമ്മർ അബ്ബാസ് (2), മെൽറിക്ക് വിനിത്ത് സെറാവോ (0) എന്നിവരെ ആദ്യ ഓവറിൽ തന്നെ ബഹ്റൈന്റെ അനസ് ഒബൈദ് സയ്യിദ് കൂടാരം കയറ്റി.
വിക്കറ്റ് കീപ്പർ ഹെറ്റ് ഹിൻസു ഒമ്പത് റൺസെടുത്ത് പുറത്തായപ്പോൾ കുവൈത്ത് 27/3 എന്ന നിലയിലായിരുന്നു. നാലാം നമ്പറിൽ ഇറങ്ങിയ ജയ് മഹേഷ്കുമാർ മേത്തയുടെ (51 റൺസ്, 85 പന്തുകൾ) അർധ സെഞ്ച്വറിയാണ് കുവൈത്ത് ഇന്നിങ്സിനെ കുറച്ചെങ്കിലും താങ്ങിനിർത്തിയത്. 10 ഓവറിൽ 20 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ നേടിയ അനസ് ഒബൈദ് സയ്യിദാണ് ബഹ്റൈൻ ബൗളിങ് നിരക്ക് കരുത്തേകിയത്. 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബഹ്റൈന് തുടക്കത്തിൽ തന്നെ അയാൻ ഒബൈദ് സയ്യിദിനെ (ഒരു റൺസ്) നഷ്ടമായി. ഓപണർ അഭിനവ് വസിഷ്ഠ് 32 പന്തിൽ ഒമ്പത് റൺസെടുത്തു. 16ാം ഓവറിൽ 32/2 എന്ന നിലയിൽ അദ്ദേഹം പുറത്തായത് ബഹ്റൈന് സമ്മർദമുണ്ടാക്കി. പതുങ്ങി തുടങ്ങിയ ബഹ്റൈനെ കളിയിലേക്ക് പൂർണമായി കൊണ്ടുവന്ന ഇന്നിങ്സാണ് പിന്നീട് വൈസ് ക്യാപ്റ്റൻ സായി സാർഥക് വഡ്ഡിരാജുവും ക്യാപ്റ്റൻ മുഹമ്മദ് ബാസിലും കാഴ്ചവെച്ചത്. 121 പന്തുകളിൽ 56 റൺസും രണ്ട് വിക്കറ്റും സായി നേടി.
കളിയിലെ താരവും സായിയാണ്. ക്യാപ്റ്റൻ മുഹമ്മദ് ബാസിലിന്റെ അഞ്ച് ഫോറും രണ്ട് സിക്സുമടക്കമുള്ള (59 റൺസ്, 58 പന്തുകൾ) പ്രകടനവും ബഹ്റൈന് അനായാസ വിജയം നേടിക്കൊടുത്തു. സായിയും ബേസിലും ചേർന്നുള്ള മൂന്നാം വിക്കറ്റിലെ 98 റൺസിന്റെ കൂട്ടുകെട്ട് ബഹ്റൈനെ 130/3 എന്ന നിലയിൽ എത്തിച്ചു. തുടർന്ന് സുനിഷ് ബയലൻ സായിക്കൊപ്പം ചേർന്ന് 37.5 ഓവറിൽ വിജയം പൂർത്തിയാക്കുകയായിരുന്നു. നാല് ഗ്രൂപ്പുകളിലായി 15 ടീമുകളാണ് എ.സി.സി പ്രീമിയർ കപ്പിൽ മാറ്റുരക്കുന്നത്. ബഹ്റൈനടങ്ങിയ ഗ്രൂപ് ബിയിൽ കുവൈത്തിന് പുറമേ ആതിഥേയരായ യു.എ.ഇയുമാണുള്ളത്. ഹോങ്കോങ്, ജപ്പാൻ, സൗദി അറേബ്യ, നേപ്പാൾ, മാൽദീവ്സ്, ഖത്തർ, ഒമാൻ, ഇറാൻ, മലേഷ്യ, സിംഗപ്പൂർ, തായ്ലൻഡ് എന്നിവരാണ് മറ്റ് ടീമുകൾ. അവസാന മൂന്ന് ടീമുകൾ വരാനിരിക്കുന്ന അണ്ടർ 19 ഏഷ്യൻ കപ്പിന് യോഗ്യത നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

