അധ്യയന വർഷം 2025/2026; അധ്യാപകരും ജീവനക്കാരുമെത്തി; നാളെ വിദ്യാർഥികളുമെത്തും
text_fieldsമനാമ: പുതിയ അധ്യയനവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി അധ്യാപകരും ജീവനക്കാരും ഇന്നലെ മുതൽ സ്കൂളുകളിലെത്തിത്തുടങ്ങി. നാളെയാണ് സ്കൂൾ ഔദ്യോഗികമായി തുറക്കുന്നതെങ്കിലും പൊതുവിദ്യാലയങ്ങളിലെ അധ്യാപകരും ജീവനക്കാരും ബഹ്റൈൻ സർവകലാശാലയിലെ അക്കാദമിക് ജീവനക്കാരുമാണ് സ്ഥാപനങ്ങളിലേക്ക് തിരിച്ചെത്തിത്തുടങ്ങിയത്. അതേസമയം, പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇന്നും നാളെയും ഓറിയന്റേഷൻ ദിനങ്ങളായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ അധ്യയനവർഷത്തിലേക്ക് വിദ്യാർഥികളെ തയാറാക്കുന്നതിനും സ്കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നതിനും ലക്ഷ്യമിട്ടാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരം ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 7.30 മുതൽ വൈകീട്ട് നാല് വരെയും ബുധനാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് രണ്ട് വരെയും സ്കൂളുകൾ രക്ഷിതാക്കളെയും വിദ്യാർഥികളെയും സ്വാഗതം ചെയ്യും. രക്ഷിതാക്കളും സ്കൂൾ ജീവനക്കാരും തമ്മിലുള്ള കൂടിക്കാഴ്ചകൾ, പുതിയ അധ്യയനവർഷത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ, സ്കൂൾ സാമഗ്രികൾക്കായുള്ള വൗച്ചറുകൾ, ഓഫറുകൾ, ഡിസ്കൗണ്ടുകൾ എന്നിവയടങ്ങിയ വിദ്യാർഥികളുടെ വിവര ഫയലുകൾ വിതരണം ചെയ്യുക എന്നിവയെല്ലാം ഈ പരിപാടിയുടെ ഭാഗമാണ്. ഓറിയന്റേഷൻ പ്രവർത്തനങ്ങൾ സ്കൂളിലെ സൗകര്യങ്ങളെയും നിയമങ്ങളെയും കുറിച്ച് വിദ്യാർഥികളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്തും. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും തിരിച്ചറിയൽ രേഖകൾ കൈവശം വെക്കേണ്ടതിന്റെ പ്രാധാന്യവും വിദ്യാർഥി ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത സ്കൂളിൽ തന്നെ ഹാജരാകേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു. എല്ലാ പൊതുവിദ്യാലയങ്ങളും ഓറിയന്റേഷൻ ദിനങ്ങളിൽ കുടുംബങ്ങളെ സ്വീകരിക്കാൻ തയാറാണെന്നും മന്ത്രാലയം അറിയിച്ചു.
അറ്റകുറ്റപ്പണികൾ വിലയിരുത്തി അധികൃതർ
മനാമ: അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി, ബഹ്റൈനിലെ സ്കൂളുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ വിലയിരുത്തി അധികൃതർ. പൊതുമരാമത്ത് മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് മിഷ്അൽ ബിൻ മുഹമ്മദ് ആൽ ഖലീഫ, വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി നവാൽ ഇബ്രാഹിം അൽ ഖാതർ എന്നിവരാണ് ബൈത്ത് അൽ ഹിക്മ പ്രൈമറി സ്കൂൾ ഫോർ ഗേൾസ്, ഇസ ടൗൺ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് ഉൾപ്പെടെയുള്ള സ്കൂളുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയത്.
അധികൃതർ പരിശോധനക്കിടെ
വേനലവധി സമയത്ത് 27 സർക്കാർ സ്കൂളുകളിലായി ഒമ്പത് മില്യൺ ബഹ്റൈൻ ദീനാർ ചെലവിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി ശൈഖ് മിഷ്അൽ അറിയിച്ചു. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, പഠനാന്തരീക്ഷം മെച്ചപ്പെടുത്തുക, സൗകര്യങ്ങളുടെ ആയുസ്സ് വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പുതിയ അധ്യയനവർഷത്തേക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിവരുകയാണെന്ന് നവാൽ ഇബ്രാഹിം അൽ ഖാതർ വ്യക്തമാക്കി. സ്കൂളുകളിലെ 29,000ത്തിലധികം എയർ കണ്ടീഷനിങ് യൂനിറ്റുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും ഏകദേശം 5,000 പുതിയ യൂനിറ്റുകൾ സ്ഥാപിക്കുകയും ചെയ്തതായി അവർ അറിയിച്ചു.
സുരക്ഷിതവും ആകർഷകവുമായ പഠന സാഹചര്യം ഒരുക്കുന്നതിനായി എല്ലാ അറ്റകുറ്റപ്പണികളും ഉയർന്ന നിലവാരമുള്ളതും പരിസ്ഥിതിസൗഹൃദവുമായ വസ്തുക്കൾ ഉപയോഗിച്ചാണ് ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വിദ്യാർഥികൾക്ക് ഐഡി കാർഡുകൾ നിർബന്ധം
പുതിയ അധ്യയനവർഷത്തിൽ എല്ലാ സർക്കാർ സ്കൂളുകളിലെയും വിദ്യാർഥികൾക്ക് ഐഡി കാർഡുകൾ നിർബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. സ്കൂൾ അച്ചടക്കം മെച്ചപ്പെടുത്താനും സ്കൂളും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും ലക്ഷ്യമിട്ടാണിത്.
ഈ ഐഡി കാർഡുകളിൽ വിദ്യാർഥികളെ എളുപ്പത്തിൽ തിരിച്ചറിയാൻ ആവശ്യമായ വിവരങ്ങൾ അടങ്ങിയിരിക്കും. കാർഡിന്റെ മുൻഭാഗത്ത് വിദ്യാർഥിയുടെ പേര്, ക്ലാസ്, രക്ഷിതാവിന്റെ ഫോൺ നമ്പർ എന്നിവയും പിൻഭാഗത്ത് സ്കൂളിന്റെ പേരും ഫോൺ നമ്പറും ഉണ്ടാകും. ഇത് ഔദ്യോഗിക ആശയവിനിമയ ചാനലുകൾ ശക്തിപ്പെടുത്താനും അടിയന്തര സാഹചര്യങ്ങളിൽ വിദ്യാർഥികളെ പെട്ടെന്ന് തിരിച്ചറിയാനും സഹായിക്കും.
വിദ്യാർഥികൾ യാത്ര ചെയ്യുന്ന രീതിക്കനുസരിച്ച് ഐഡി കാർഡുകൾക്ക് വ്യത്യസ്ത നിറങ്ങൾ നൽകിയിട്ടുണ്ട്. സ്കൂൾ ബസുകൾ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് മഞ്ഞ കാർഡുകളും സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് പച്ച കാർഡുകളുമാണ് നൽകുക. ഇത് വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാനും അവരുടെ സഞ്ചാരം കൂടുതൽ കാര്യക്ഷമമാക്കാനും സഹായിക്കും. അധ്യയനവർഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഈ കാർഡുകൾ വിതരണം ചെയ്യാൻ സ്കൂൾ പ്രിൻസിപ്പൽമാർക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
സ്കൂൾ കെട്ടിടങ്ങൾ സജ്ജമാക്കുക, പാഠപുസ്തകങ്ങൾ വിതരണം ചെയ്യുക, അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുക തുടങ്ങിയ വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ തീരുമാനം.
സുരക്ഷിതവും ശുചിത്വവുമുള്ള അധ്യയനവർഷം നടപ്പാക്കിയത് വിവിധ മന്ത്രാലയങ്ങളുടെ കീഴിൽ വിപുലമായ പദ്ധതികൾ
സുരക്ഷിതവും ശുചിത്വവുമുള്ള അധ്യയനവർഷം ഉറപ്പാക്കുന്നതിനായി വിവിധ മന്ത്രാലയങ്ങളും ഏജൻസികളും സംയുക്തമായി വിപുലമായ പദ്ധതികളാണ് നടപ്പാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റും സുരക്ഷ, ഗതാഗതസുരക്ഷ, ശുചിത്വം എന്നിവ വർധിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സ്കൂളുകൾക്ക് ചുറ്റും സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഒരുക്കുന്നതിനുള്ള പരിശീലന പരിപാടികൾ ട്രാഫിക് ഡയറക്ടറേറ്റ് സംഘടിപ്പിച്ചു. സർക്കാർ, സ്വകാര്യ സ്കൂളുകളിലെ കമ്യൂണിറ്റി സർവിസ് പൊലീസ് ഓഫിസർമാർക്കും സ്കൂൾ ഗാർഡുകൾക്കുമാണ് പരിശീലനം നൽകിയത്.
ട്രാഫിക് ഡയറക്ടറേറ്റിന്റെ കീഴിൽ ബോധവത്കരണം നൽകുന്നു
സ്കൂൾപരിസരങ്ങൾ സുരക്ഷിതമാക്കുക, വിദ്യാർഥികളോടും രക്ഷിതാക്കളോടുമുള്ള ആശയവിനിമയശേഷി വർധിപ്പിക്കുക, സ്കൂൾ ഗേറ്റുകളിലെ ഗതാഗതം നിയന്ത്രിക്കുക എന്നിവയിൽ പരിശീലനം ശ്രദ്ധ കേന്ദ്രീകരിച്ചു. വിദ്യാർഥികളെ ഇറക്കിവിടുന്ന രക്ഷിതാക്കൾ നടത്തുന്ന നിയമലംഘനങ്ങൾ കുറക്കുന്നതും പരിശീലനം ലക്ഷ്യമിടുന്നു. വിദ്യാർഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും ഗതാഗതം തടസ്സപ്പെടുത്താതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സ്കൂൾ ബസുകൾക്കായുള്ള നിശ്ചിത സ്ഥലങ്ങളിൽ നിർത്തുന്നതിനും വേണ്ടിയുള്ള ഏകോപനം എത്രത്തോളം പ്രധാനമാണെന്നും പരിശീലനത്തിൽ ചൂണ്ടിക്കാട്ടി.
അതോടൊപ്പം, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനും തിരക്കേറിയ സ്കൂൾ പരിസരങ്ങളിൽ സുഗമമായ ഗതാഗതം നിലനിർത്താനും കമ്യൂണിറ്റി സർവിസ് പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് രക്ഷിതാക്കളോടും ഡ്രൈവർമാരോടും അഭ്യർഥിച്ചു. പബ്ലിക് സേഫ്റ്റി സംബന്ധിച്ച് അവബോധം നൽകുന്നതിനായി ഗാർഡ്സ് ജനറൽ ഡയറക്ടറേറ്റ് സർക്കാർ സ്കൂളുകളിൽ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

