ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ 23ന് ബഹ്റൈനിൽ വിപുലമായ സ്വീകരണം ഒരുക്കും
text_fieldsആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ ബഹ്റൈനിലെത്തുന്നതുമായി ബന്ധപ്പെട്ട്
നടത്തിയ പത്രസമ്മേളനത്തിൽനിന്ന് - സത്യൻ പേരാമ്പ്ര
മനാമ: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപോലീത്തയും പരിശുദ്ധ പരുമല തിരുമേനിയുടെ പിൻഗാമിയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ പ്രഥമ സന്ദർശനത്തിനായി ഒക്ടോബർ 23ന് ബഹ്റൈനിലെത്തും. വൈകീട്ട് ഏഴിന് സന്ധ്യാപ്രാർഥനയോടെ മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപന ശുശ്രൂഷയും നടത്തപ്പെടും.
ഒക്ടോബർ 24ന് രാവിലെ 6.45ന് പ്രഭാത നമസ്കാരവും തുടർന്ന് എട്ടിന് ശ്രേഷ്ഠ ബാവാ വിശുദ്ധ കുർബാനയും അർപ്പിക്കും. പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ വൈകീട്ട് സൽമാബാദിലുള്ള ഗൾഫ് എയർ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വീകരണ-അനുമോദന സമ്മേളനം പ്രൗഢഗംഭീരമാകും. ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയുടെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.
ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയാകും. ബഹ്റൈൻ ഗവൺമെൻറ് പ്രതിനിധികളും അപ്പോസ്തോലിക് വികാർ ഓഫ് നോർത്തേൺ അറേബ്യ എച്ച്.ഇ. ബിഷപ്പ് ആൽഡോ ബെരാർഡി, ഇടവക വികാരി വെരി. റവ. സ്ലീബാ പോൾ കോർഎപ്പിസ്ക്കോപ്പ വട്ടവേലിൽ എന്നിവരും പങ്കെടുക്കും.
ബഹ്റൈനിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നായകന്മാരും വിവിധ സഭാ പ്രതിനിധികളും സമ്മേളനത്തിന് ആശംസകൾ അർപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച് ചലച്ചിത്ര പിന്നണി ഗായിക മൃദുലാ വാര്യർ, ഐഡിയ സ്റ്റാർ സിംഗർ താരം അരവിന്ദ്, ഗായകൻ ജോയ് സൈമൺ തുടങ്ങിയവർ അണിനിരക്കുന്ന 'സിംഫോണിയ - 2025' എന്ന ഗാന സന്ധ്യയും അരങ്ങേറും.
പ്രൗഢഗംഭീരമായ സ്വീകരണവും അനുമോദന സമ്മേളനവുമാണ് ഒരുക്കിയിരിക്കുന്നതെന്ന് വാർത്തസമ്മേളനത്തിൽ മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ബെന്നി പി. മാത്യു (വൈസ് പ്രസിഡന്റ്), മനോഷ് കോര (സെക്രട്ടറി), ജെൻസൺ ജേക്കബ് (ട്രസ്റ്റി), സാബു പൗലോസ് (ജോയന്റ് ട്രസ്റ്റി), എൽദോ വി.കെ (ജോയന്റ് സെക്രട്ടറി), കമ്മിറ്റി ഭാരവാഹികളായ ലിജോ കെ അലക്സ്, ബിജു തേലപ്പിള്ളി, പ്രിനു കുര്യൻ, ലൗലി തമ്പി, ജിനോ സ്കറിയ, ജയ്മോൻ തങ്കച്ചൻ, ആൻസൺ പി. ഐസക്ക് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. മനോഷ് കോര- 33043810.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

