അനാഥ ബാല്യങ്ങളുടെ സംരക്ഷകന്‍ വേറിട്ട ആദരം
text_fieldsഅനാഥരുടെ പിതാവ് എന്ന് അറിയപ്പെടുന്ന ഖലീൽ അബു അഹമ്മദിന് നൽകിയ ആദരം
മനാമ: നിരവധി അനാഥ ബാല്യങ്ങൾക്ക് സംരക്ഷണമൊരുക്കിയ വയോധികന് ബഹ്റൈന്റെ വ്യത്യസ്ത ആദരം. അനാഥരുടെ പിതാവ് എന്ന് അറിയപ്പെടുന്ന ഖലീൽ അബു അഹ്മദാണ് അപ്രതീക്ഷിത ആദരം ഏറ്റുവാങ്ങിയത്.
കഴിഞ്ഞ ദിവസം തിരക്കേറിയ തെരുവിലൂടെ ടെസ്റ്റ് ഡ്രൈവിനായി അദ്ദേഹം ക്ഷണിക്കപ്പെടുന്നതിലൂടെയാണ് അവിസ്മരണീയ സംഭവങ്ങളുടെ തുടക്കം. ദിയാർ അൽ മുഹറഖിലെ ട്രാഫിക് സിഗ്നലിൽ അദ്ദേഹമെത്തിയപ്പോൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം റോഡ് അടച്ചു. ബാബ ഖലീൽ എന്ന് ആദരപൂർവം വിളിക്കപ്പെടുന്ന അദ്ദേഹത്തിന്റേത് ഉൾപ്പെടെ എല്ലാ വാഹനങ്ങളും റോഡിൽ നിശ്ചലമായി. നിമിഷങ്ങൾക്കകം റോഡിലേക്ക് കൊണ്ടു വന്ന വലിയ ഡിജിറ്റൽ സ്ക്രീനിലെ അക്ഷരങ്ങളിൽ അദ്ദേഹത്തിന്റെ പേരും ചിത്രവും തെളിഞ്ഞുവന്നു.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായിത്തുടങ്ങിയതോടെ അദ്ദേഹം ചെറുതായി പുഞ്ചിരിച്ചു. പിന്നെ അതൊരു വിതുമ്പലായി. താൻ പോറ്റി വളർത്തിയ കുഞ്ഞുമക്കൾ സ്ക്രീനുകളിൽ വന്ന് നന്ദിയുടെ വാക്കുകൾ മൊഴിഞ്ഞപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞു. തൊട്ടുപിറകെ സ്നേഹ പ്രകടനങ്ങളുമായി നിരവധി പേരെത്തി. നഗരത്തിലെ പാതയോരത്ത് നിറഞ്ഞ കൈയടികൾക്കിടയിൽ കണ്ണു തുടച്ചു അദ്ദേഹം സ്നേഹമേറ്റുവാങ്ങി. 'അനാഥ മക്കൾ ഇതിനേക്കാൾ ഒരു പാട് കൂടുതൽ അർഹിക്കുന്നുണ്ട്. ഞാൻ ഇതൊന്നും അർഹിക്കുന്നില്ല'എന്നാണ് അദ്ദേഹം പറഞ്ഞത്. ഇൻഫർമേഷൻ മന്ത്രാലയവും എസ്.ടി.സിയും ചേർന്ന് അവതരിപ്പിക്കുന്ന 'കഫുവ്'എന്ന റമദാൻ ടെലിവിഷൻ പരിപാടിയുടെ ഭാഗമായിട്ടാണ് ഇത്തരമൊരു സ്നേഹാദരം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

