നാല് പതിറ്റാണ്ടിെൻറ പ്രവാസം; അബ്ദുൽ ഫത്താഹ് ഇനി നാട്ടിലേക്ക്
text_fieldsപി.സി. അബ്ദുൽ ഫത്താഹ്
മനാമ: നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിടുകയാണ് കോഴിക്കോട് താമരശേരി പൂനൂർ സ്വദേശി പി.സി. അബ്ദുൽ ഫത്താഹ്. ഇബ്ൻ അൽ ഹൈതം സ്കൂൾ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജീവനക്കാരനായ ഇദ്ദേഹം ജൂൺ 29ന് നാട്ടിലേക്ക് മടങ്ങും.
1979 സെപ്റ്റംബർ 11നാണ് ബോംബെയിൽ നിന്ന് ബഹ്റൈനിലെ മുഹറഖിൽ വന്നിറങ്ങിയത്. അന്നത്തെ മുഹറഖ് കണ്ട് അമ്പരന്നു. സ്വർണം വിളയുന്ന, പെട്രോൾ ഒഴുകുന്ന ഭൂമി സ്വപ്നം കണ്ട് എത്തിയ ഇദ്ദേഹത്തിന് കാണാനായത് ഇടിഞ്ഞു പൊളിഞ്ഞ പഴയ അറേബ്യൻ മാതൃകയിലുള്ള ചെറിയ കെട്ടിടങ്ങളും പകിട്ടില്ലാത്ത റോഡുകളുമാണ്. ഈ റോഡുകളിലൂടെ കഴുത വണ്ടിയിൽ കല്ലും മണലും വഹിച്ചു ഗലികളിലൂടെ വീടുകളിൽ എത്തിക്കുന്ന പ്രായം ചെന്ന അറബികൾ. എന്നാൽ, വളരെ സ്വഭാവ ശുദ്ധിയുള്ളവരും സത്യസന്ധരുമായിരുന്നു അവർ.
ജീവിതത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കുന്നവർ. താമസത്തിന് ഇന്നത്തെ പോലെ സൗകര്യമുണ്ടായിരുന്നില്ല. രാത്രി ഉറക്കം ടെറസിൽ ആയിരുന്നു. ടെലിഫോൺ സൗകര്യവുമില്ല. പ്രിയപ്പെട്ടവരുടെ വിവരം അറിയാനുള്ള ഏക ആശ്രയം കത്തായിരുന്നു. അതുകൊണ്ടാണ് എസ്.എ ജമീലിെൻറ ദുബൈ കത്ത് പാട്ടുകൾ അത്രക്ക് ജനപ്രിയമായത്. സ്വന്തമായി മേൽവിലാസം ഇല്ലാത്തവർ ഏതെങ്കിലും കടകളിലെ പോസ്റ്റ് ബോക്സ് നമ്പർ ആണ് നൽകിയിരുന്നത്. വൈകുന്നേരം ജോലി കഴിഞ്ഞുവരുന്നവർ ആദ്യം പോയി നോക്കിയിരുന്നത് കടയിൽ സ്ഥാപിച്ച പോസ്റ്റ് ബോക്സിൽ ആയിരുന്നു. ഒരു കത്ത് കിട്ടിയാൽ വല്ലാത്ത സന്തോഷമായിരുന്നു.
നാട്ടിൽനിന്ന് ഇവിടെ എത്തുന്നവരുടെ വിദ്യാഭ്യാസ യോഗ്യത അധികവും 10ാം ക്ലാസോ അതിൽ താഴെയോ ആയിരിക്കും. അതിനാൽ ജോലി കണ്ടെത്തുക പ്രയാസമാണ്. അൽപം ഇംഗ്ലീഷ് മനസ്സിലാകുന്നവർ ഏതെങ്കിലും ഓഫിസിൽ ഓഫിസ് ബോയ് ആയിട്ടെങ്കിലും കയറിക്കൂടും. മിടുക്ക് കൊണ്ട് മാനേജർ പദവികളിൽ വരെ എത്തിയവരുണ്ട്. ഒരു യോഗ്യതയും ഇല്ലാത്തവരുടെ ആശ്രയം മിനാ സൽമാൻ സീ പോർട്ടും സെൻട്രൽ മാർക്കറ്റും ആയിരുന്നു. ഇങ്ങനെ ഒരു തലമുറ കഷ്ടപ്പെട്ടതിെൻറ ഫലമാണ് കേരളത്തിെൻറ ഇന്നത്തെ പുരോഗതിയെന്ന് അബ്ദുൽ ഫത്താഹ് പറയുന്നു.
ബഹ്റൈെൻറ പുരോഗതി നേരിൽ അനുഭവിക്കാൻ കഴിഞ്ഞയാളാണ് ഇദ്ദേഹം. ഇവിടത്തെ ഭരണാധികാരികളുടെ നന്മയും അർപ്പണബോധവും ദീർഘവീക്ഷണവും കൊണ്ടാണ് ഈ പുരോഗതി നേടാനായതെന്ന് അബ്ദുൽ ഫത്താഹ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

