അബ്ദുല്ല കാട്ടുകണ്ടിക്ക് സ്വീകരണം
text_fieldsമനാമ: പ്രത്യാശയുടെ അത്ഭുത ഗോപുരം തീർത്ത കാട്ടുകണ്ടി അബ്ദുല്ലക്ക് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സ്വീകരണം നൽകി. അംഗപരിമിതി വകവെക്കാതെ പ്രത്യാശയുടെ അത്ഭുതലോകം കീഴടക്കിയ പ്രതിഭയാണ് അദ്ദേഹമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് സഈദ് റമദാൻ നദ്വി പറഞ്ഞു. 1993ലാണ് വാഹനത്തിനു മുകളിൽ മരം വീണ് അദ്ദേഹത്തിന്റെ നട്ടെല്ലിന് ക്ഷതമേൽക്കുന്നത്. ശേഷം മരണത്തിന്റെയും ജീവിതത്തിന്റെയും നേർത്ത നൂൽപാലത്തിൽ സഞ്ചരിക്കുകയായിരുന്നു.
എന്നാൽ, വിധിയെ പഴിക്കാതെ തന്റെ കിടപ്പു ജീവിതത്തിലൂടെ അതിജീവനത്തിന്റെ പുതുചരിത്രം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. നിരവധി പുസ്തക രചനകൾ നടത്തി തന്റെ പ്രതീക്ഷ നിറഞ്ഞ ജീവിതാനുഭവങ്ങളിലൂടെ തളർന്നുപോയവർക്കുവേണ്ടി സമർപ്പിത ജീവിതം നയിക്കുകയാണ് ഇപ്പോൾ അബ്ദുല്ലയെന്നും സഈദ് റമദാൻ നദ്വി ചൂണ്ടിക്കാട്ടി. റസാഖ് മൂഴിക്കൽ, നൂറുദ്ദീൻ ഷാഫി, അബ്ദുല്ലയുടെ ഭാര്യ റുഖിയ, മക്കൾ തുടങ്ങിയവരും പങ്കെടുത്തു. പരിപാടിയിൽ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ സ്വാഗതവും ജനറൽ സെക്രട്ടറി എം. അബ്ബാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

