വിട്ടുവീഴ്ച സമൂഹത്തിന്റെ ആണിക്കല്ല്
text_fields‘നന്മയും, തിന്മയും സമമാകില്ല. നന്മകൊണ്ട് തിന്മയെ പ്രതിരോധിക്കുക. അപ്പോൾ ശത്രു മിത്രമായി മാറും. പ്രത്യേക സൗഭാഗ്യം ശ്രദ്ധിച്ച ക്ഷമാശീലർക്ക് മാത്രമേ ഇത് സാധ്യമാകൂ.’ (വിശുദ്ധ ഖുർആൻ 41:34'35). പ്രവാചകപത്നി ആയിശ സിദ്ദീഖയോട് നബി (സ)യുടെ സ്വഭാവത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ പരിശുദ്ധ ഖുർആനാണ് നബിയുടെ സ്വഭാവം എന്നവർ മറുപടി പറഞ്ഞു. 23 വർഷക്കാലത്തെ ജീവിതംകൊണ്ട് പരിശുദ്ധ ഖുർആനിന്റെ സന്ദേശം സ്വാംശീകരിച്ച പ്രവാചകൻ എല്ലാ വിഷയങ്ങളിലുമെന്ന പോലെ വിട്ടുവീഴ്ചയുടെ കാര്യത്തിലും മാതൃകയായിരുന്നു. ഉദാരമായ പെരുമാറ്റം, ക്ഷമ, മാപ്പ്, വിട്ടുവീഴ്ച, നല്ല പ്രതികാര മനഃസ്ഥിതി ഇതിലെല്ലാം മുൻപന്തിയിലായിരുന്നു.
1400 അനുയായികളുമായി ഉംറ നിർവഹിക്കുവാൻ ഹിജ്റ ആറാം വർഷം ദുൽഖഅദ് മാസം മക്കയിലേക്ക് യാത്രയായ പ്രവാചകനെ ഹുദൈബിയയിൽ വെച്ച് ശത്രുക്കൾ തടയുകയും ബഹുലമായ സംഭവങ്ങൾക്കു ശേഷം ഒരു സന്ധിയിൽ ഏർപ്പെടുകയും ചെയ്തു. സന്ധി രേഖപ്പെടുത്തിയ അലി ഇബിൻ അബിത്വാലിബ് (റ) ബിസ്മികൊണ്ട് തുടങ്ങിയത് ഖുറൈശി പ്രതിനിധി സുഹൈൽ ഇബിനു അംറ് സമ്മതിച്ചില്ല. അത് പ്രവാചകൻ (സ) അംഗീകരിച്ചു. അല്ലാഹുവിന്റെ പ്രവാചകനായ മുഹമ്മദിൽനിന്നുള്ള കരാർ എന്നെഴുതിയപ്പോൾ അതും എതിരാളി സമ്മതിച്ചില്ല. പ്രവാചകൻ (സ) വീട്ടുവീഴ്ചാ മനോഭാവത്തോടെ സ്വന്തം കൈകൊണ്ടത് മായ്ച്ചു. ഈ വർഷം മടങ്ങി പോകണം, അടുത്തവർഷം വന്ന് ഉംറ ചെയ്യാം എന്ന വ്യവസ്ഥയും അംഗീകരിച്ചു. മക്കയിൽനിന്ന് ആരെങ്കിലും മദീനയിലേക്ക് വന്നാൽ അവരെ നിരുപാധികം തിരിച്ചയക്കണം എന്നും മദീനയിൽനിന്ന് ആരെങ്കിലും മക്കയിലേക്ക് വന്നാൽ അവരെ മടക്കി അയക്കില്ല എന്ന ഡിമാൻഡും വിട്ടുവീഴ്ചയുടെ ഭാഗമായി അംഗീകരിച്ചു. ഈ സന്ധി ഇസ്ലാമിന് പരാജയമായി തോന്നിയെങ്കിലും പിന്നീട് വമ്പിച്ച വിജയമായി വിലയിരുത്തപ്പെട്ടു.‘‘ഫതഹുൽ ഫത്തഹ്’’- വിജയത്തിന്റെ തുടക്കം എന്നാണ് ചരിത്രം ഈ സന്ധിയെ രേഖപ്പെടുത്തിയിട്ടുള്ളത്. ഹുദൈബിയ സന്ധിയിലൂടെ ഇസ്ലാമിന്റെ മഹത്വം മനസ്സിലാക്കിയ ധാരാളം ആളുകൾ ഇസ്ലാം ആശ്ലേഷിച്ചു.
രണ്ടുവർഷം പിന്നിട്ടപ്പോഴേക്കും സൈനിക ബലം പതിനായിരത്തോളം എത്തുകയും ഹിജ്റ എട്ടാം വർഷം റമദാനിൽ ഒരു രക്തരഹിത വിപ്ലവത്തിലൂടെ മക്കാ സാമ്രാജ്യം ഇസ്ലാമിന് അധീനപ്പെടുകയും ചെയ്തു. ഏഴാം വർഷം മുഹർറം മാസത്തിൽ ഖൈബറും ഇസ്ലാമിലേക്ക് വന്നു. പ്രമുഖ സ്വഹാബി ബറാഇബിനു ആസിബ് (റ) പ്രസ്താവിച്ചതായി ബുഖാരി ഉദ്ധരിക്കുന്നു. ‘‘ഇസ്ലാമിന്റെ വിജയമായി എല്ലാവരും എണ്ണുന്നത് മക്കം ഫത്തഹിനെയാണ്. അതു വിജയംതന്നെ. എന്നാൽ, യഥാർഥ വിജയം അതിനു മുഖാന്തരമായി തീർന്ന ഹുദൈബിയ സന്ധിയാണ്’’.
കുടുംബജീവിതവും, മഹല്ല് ജമാഅത്തുകളും, സാമൂഹിക, സാമുദായിക, രാഷ്ട്രീയ സംഘടനകളും സമാധാനപൂർണം ആകുന്നതിന് വിട്ടുവീഴ്ച അനിവാര്യ ഘടകമാണ്. ആത്മസംസ്കരണത്തിന്റെ മാസമായ പരിശുദ്ധ റമദാൻ വിട്ടുവീഴ്ചയുടെയും കാലമാണ്. സമൂഹത്തോട്, കുടുംബത്തോട്, സഹപ്രവർത്തകരോട്, തന്റെ കീഴിൽ പ്രവർത്തിക്കുന്നവരോട് വിട്ടുവീഴ്ചാമനോഭാവത്തോടെ പ്രവർത്തിക്കുക. അതിലൂടെ ദൈവപ്രീതി കരസ്ഥമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

