ഓൾഡ് മുഹറഖിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ ഇനി ഇഷ്ടികകൊണ്ട് അടക്കും
text_fieldsമനാമ: ഓൾഡ് മുഹറഖ് മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും ജീർണാവസ്ഥയിലുമുള്ള കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങൾ ഇഷ്ടികയോ കോൺക്രീറ്റ് ബ്ലോക്കുകളോ ഉപയോഗിച്ച് സ്ഥിരമായി അടക്കാൻ മുഹറഖ് മുനിസിപ്പൽ കൗൺസിൽ ഐക്യകണ്ഠ്യേന തീരുമാനിച്ചു.
നിലവിൽ മരപ്പലകകൾ ഉപയോഗിച്ച് അടക്കുന്ന രീതി ഫലപ്രദമല്ലെന്ന് കണ്ടതിനെത്തുടർന്നാണ് ഈ പുതിയ നീക്കം. കെട്ടിടങ്ങൾ ശരിയായി സുരക്ഷിതമല്ലാത്തതിനാൽ അതിക്രമിച്ചു കയറുന്നതും, ഇത്തരം ഇടങ്ങൾ നിയമവിരുദ്ധവും സദാചാര വിരുദ്ധവുമായ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതും തടയുകയാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. മുനിസിപ്പൽ കൗൺസിലിലെ സർവിസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ അൽ സയ്യിദാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.
നിലവിൽ ഉപയോഗിക്കുന്ന തടിപ്പലകകൾ എളുപ്പത്തിൽ മാറ്റാൻ കഴിയുന്നവയാണ്. ഇത് സാമൂഹിക വിരുദ്ധർക്ക് കെട്ടിടത്തിലേക്ക് പ്രവേശനം എളുപ്പമാക്കുന്നുണ്ട്. ഇഷ്ടിക ഉപയോഗിക്കുന്നതോടെ കെട്ടിടങ്ങൾ കൂടുതൽ സുരക്ഷിതമാകുമെന്നാണ് വിലയിരുത്തുന്നത്. കെട്ടിടങ്ങളിൽ അതിക്രമിച്ചുകയറുന്നതിനെക്കുറിച്ചും രാത്രികാലങ്ങളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും പ്രദേശവാസികളിൽനിന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.
മരപ്പലകകൾ മാറ്റപ്പെടുമ്പോൾ വീണ്ടും വീണ്ടും അത് സ്ഥാപിക്കേണ്ടിവരുന്നത് മുനിസിപ്പാലിറ്റിക്ക് വലിയ സാമ്പത്തിക ബാധ്യതയും സമയനഷ്ടവും ഉണ്ടാക്കുന്നുണ്ട്. ഇഷ്ടിക ഉപയോഗിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമാണെന്ന് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ മുഹമ്മദ് അൽ മഹ്മൂദ് പറഞ്ഞു.
മുനിസിപ്പൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ച ഈ നിർദേശം ഇപ്പോൾ അന്തിമ അവലോകനത്തിനും നടപ്പിലാക്കുന്നതിനുമായി മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രി വഈൽ അൽ മുബാറക്കിന് സമർപ്പിച്ചിരിക്കുകയാണ്. മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ ഓൾഡ് മുഹറഖിലെ ജനസാന്ദ്രതയേറിയതും ചരിത്രപ്രധാനവുമായ ഇടങ്ങളിലെ അപകടസാധ്യതയുള്ള കെട്ടിടങ്ങളിൽ മുൻഗണനാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

