ഓട്ടോ റിക്ഷക്ക് സമാനമായ വാഹനം ബഹ്റൈനിലെ റോഡുകളിൽ
text_fieldsമനാമ: ദിയാർ അൽ മുഹറഖിൽ ഹൈവേയിൽ കഴിഞ്ഞ ദിവസം കാണപ്പെട്ട ഓട്ടോ റിക്ഷക്ക് സമാനമായ വാഹനം ഉപയോഗിച്ചതിനെതിരെ ആശങ്കയറിയിച്ച് എം.പിയും സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് വക്താവുമായ ഖാലിദ് ബു അനക്. ഇത്തരം വാഹനങ്ങൾ റോഡിൽ ഉപയോഗിക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നും എം.പി ആഹ്വാനം ചെയ്തു. പൊതുസുരക്ഷ മുൻനിർത്തിയാണ് എം.പി ആശങ്കയറിയിച്ചത്. ഇതുപോലുള്ള വാഹനങ്ങൾ ഈ പ്രദേശങ്ങളിൽ മാത്രമല്ല രാജ്യത്തിന്റെ പലയിടങ്ങളും കണ്ടുവരുന്നതായും എം.പി പറഞ്ഞു. ഈ വാഹനത്തിന് ലൈസൻസോ അടിസ്ഥാന സുരക്ഷാ സവിശേഷതകളോയില്ല എന്നാലും ഹൈവേകളിലും താമസ ഏരിയകളിലെ റോഡുകളിലും ഇത് ഉപയോഗിച്ചു വരുന്നെന്നും അദ്ദേഹം പറഞ്ഞു.
പല രാജ്യത്തും ഹ്രസ്വദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങൾ ബഹ്റൈനിൽ ഉപയോഗിക്കാൻ അനുവാദമില്ല. ഇതിന്റെ ഉപയോഗം ജനങ്ങളിലാകമാനം ആശങ്കക്കിടയാക്കിയിട്ടുണ്ടെന്നും എം.പി പറഞ്ഞു. ഒരു സ്ത്രീ ഈ വാഹനം ഓടിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് ആശങ്കയറിയിച്ച് ജനങ്ങളും പൊതുപ്രവർത്തകരും രംഗത്ത് വന്നത്. റെഗുലേറ്ററി അംഗീകാരമില്ലാതെ ഈ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനോ ഇറക്കുമതി ചെയ്യുന്നതിനോ ശ്രമിക്കുന്നത് തടയണമെന്ന് ആഭ്യന്തര മന്ത്രാലയത്തോടും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിനോടും എം.പി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

