സുസ്ഥിര ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കും -മന്ത്രി
text_fieldsആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ, ലോകാരോഗ്യ സംഘടന വിദഗ്ധ സമർ അൽ ഫഖിയുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: സുസ്ഥിര ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ വ്യക്തമാക്കി. ലോകാരോഗ്യ സംഘടന വിദഗ്ധ സമർ അൽ ഫഖിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകാരോഗ്യ സംഘടനയുടെ ആരോഗ്യലക്ഷ്യം നേടുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നുണ്ട്. സുസ്ഥിര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും എല്ലാവർക്കും മെച്ചപ്പെട്ട ആരോഗ്യസുരക്ഷ ലഭ്യമാക്കുന്നതിനുമാണ് മന്ത്രാലയം ശ്രമിക്കുന്നത്. ഇതിനായി വിവിധ അന്താരാഷ്ട്ര വേദികളുമായി സാധ്യമായ രൂപത്തിൽ സഹകരിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ മെഡിക്കൽ യൂനിവേഴ്സിറ്റികൾ മികച്ച നിലവാരം കാത്തു സൂക്ഷിക്കുന്നതായി ഡോ. സമർ അൽ ഫഖി വിലയിരുത്തി. ആരോഗ്യ ദായകമായ വിദ്യാഭ്യാസ അന്തരീക്ഷമുണ്ടാക്കിയെടുക്കുകയെന്ന ദൗത്യത്തിലാണ് നിലവിൽ ലോകാരോഗ്യ സംഘടന. ഇക്കാര്യത്തിൽ ബഹ്റൈന്റെ ശ്രദ്ധയും താൽപര്യവും ഏറെ ശ്ലാഘനീയമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ആരോഗ്യ മന്ത്രാലയത്തിലെ പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗം അസി. അണ്ടർസെക്രട്ടറി ഡോ. മർയം അൽ ഹാജിരി, ലോകാരോഗ്യ സംഘടനയുടെ ബഹ്റൈൻ പ്രതിനിധി തസ്നീം എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.