ഒരു വിദ്യാർഥിയുടെ ആദ്യ രാഷ്ട്രീയ ഫീച്ചർ
text_fieldsകമാൽ മുഹിയുദ്ദീൻ
1990 ഡിസംബർ മാസം. കേരളം ഭരിച്ചിരുന്ന ഇടതു സർക്കാർ ഭരണവികേന്ദ്രീകരണം ലക്ഷ്യമിട്ട് ത്രിതല പഞ്ചായത്ത് പ്രഖ്യാപിച്ച സമയം. വികേന്ദ്രീകരണത്തിന്റെ നേട്ടങ്ങളും ആവശ്യകതകളും സജീവ ചർച്ചയാണ്. അക്കാദമികവും രാഷ്ട്രീയപരവുമായ ഈ ചർച്ചകൾ ഒരു ജേണലിസം വിദ്യാർഥി എന്ന നിലയിൽ എന്നെ തെല്ലൊന്നുമല്ല ആകർഷിച്ചത്. വലിയ മുൻകരുതലൊന്നുമെടുക്കാതെ ഞാൻ സുപ്രീം കോടതി മുൻ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെ വിളിച്ചു. ഒരു വിദ്യാർഥി എന്നതിലപ്പുറം മറ്റൊരു മേൽവിലാസവുമില്ലാതെ ഞാൻ അദ്ദേഹത്തെ കാര്യം ധരിപ്പിച്ചു. ഒരെതിർപ്പും പറയാതെ, യാതൊരു ശങ്കയുമില്ലാതെ, പത്ത് മണിക്ക് മുമ്പ് എറണാകുളത്തെ വീട്ടിൽ വന്നാൽ കാണാമെന്ന് അദ്ദേഹം സമ്മതിച്ചു.
പക്ഷേ, വീട്ടിലെത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു. അദ്ദേഹത്തിന് ടൗണിൽ ഒരു പ്രഭാഷണമുണ്ട്. അദ്ദേഹത്തെ വിളിക്കാൻ ആളുകൾ പുറപ്പെട്ടിരുന്നു. അദ്ദേഹംതന്നെ ഒരു പ്രതിവിധി കണ്ട് സംഘാടകരോട് പറഞ്ഞ് കാറിൽ കൂടെ പോകാൻ അനുവാദം വാങ്ങി. അങ്ങനെ യാത്രയിൽ, കാറിൽ വെച്ചൊരു അഭിമുഖം. അദ്ദേഹത്തിന്റെ കൂടെ പിൻസീറ്റിൽ ഇരിക്കുമ്പോളാണ് കൂടെ ഇരിക്കുന്ന വ്യക്തിയുടെ പ്രൊഫൈൽ മനസ്സിലേക്ക് ഭീതിയോടെ കടന്നുവന്നത്. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ നിയമമന്ത്രി, ഇന്ത്യൻ നിയമവ്യവസ്ഥ കരുതലോടെ സ്മരിക്കുന്ന പ്രശസ്തമായ വിധിപ്രസ്താവം നടത്തിയ പരമോന്നത കോടതി മുൻ ജസ്റ്റിസ്, അറിയപ്പെടുന്ന പ്രഭാഷകൻ, എഴുത്തുകാരൻ, സർവോപരി മനുഷ്യസ്നേഹി.
"കേരളം പ്രഖ്യാപിച്ച ത്രിതല പഞ്ചായത്തിലൂടെ സംസ്ഥാനത്തിന് എന്തൊക്കെ പ്രതീക്ഷിക്കാം?" എന്റെ ആദ്യ ചോദ്യം കേട്ട അദ്ദേഹം സംസാരം ആരംഭിക്കുന്നതിനുമുമ്പ് എഴുത്ത് തുടങ്ങാൻ ആവശ്യപ്പെട്ടു. നഗരം ചുറ്റി കാർ സമ്മേളന സ്ഥലത്തെത്തുമ്പോഴേക്കും ഞങ്ങളുടെ അഭിമുഖം കഴിഞ്ഞിരുന്നു. ഇന്റർവ്യൂ ചെയ്യുന്ന ആളെക്കാൾ കേട്ടെഴുതുന്ന പണി മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. നല്ല വാചക ഘടനയിൽ, വേണ്ടിടത്ത് നിർത്തിയും കോമ, സെമികോളൺ എന്നിവക്കുവരെ നിർദേശം തന്നുമുള്ള ആ അഭിമുഖത്തെ മറ്റൊരു വാക്കിൽ വിശേഷിപ്പിക്കാൻ ഇന്നും എനിക്ക് വാക്കുകളില്ല. കൃഷ്ണയ്യർ പറയുന്നത് അധികപ്രസംഗമല്ല, ഡെസ്കിൽ അവസാന എഡിറ്റിങ് നടത്തുന്ന എഡിറ്ററുടേതായിരുന്നു.
ഇലക്ഷൻ കാലത്ത് എനിക്ക് ഇപ്പോഴും ആദ്യം ഓർമയിൽ വരുക എന്റെ ആദ്യത്തെ രാഷ്ട്രീയ ഫീച്ചർ ആർട്ടിക്ക്ൾ ആണ്. അധികാര വികേന്ദ്രീകരണത്തിന്റെ പ്രസക്തിക്ക് കേരളത്തിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ടുവരാം തുടങ്ങി പലതും അദ്ദേഹം പറഞ്ഞു.
കൃഷ്ണയ്യരുടെ അഭിമുഖം ലഭിച്ച ആവേശത്തിൽ തൃശൂരിലേക്ക് വെച്ചുപിടിച്ചു. ദേശാഭിമാനിയിൽനിന്ന് പുറത്തുപോയി അത്യാവശ്യം വിവാദങ്ങളിലൊക്കെ ഏർപ്പെട്ടുകഴിയുകയായിരുന്നു അവരുടെ പഴയ അസോസിയറ്റ് എഡിറ്റർ വി.ടി. ഇന്ദുചൂഡൻ. പാർട്ടിയോട് അകലം പാലിക്കുമ്പോഴും വലതു രാഷ്ട്രീയത്തെ പരസ്യമായി പുണർന്നിരുന്നില്ല അന്ന് അദ്ദേഹം. ഇന്റർവ്യൂവിനിടയിൽ അനുവാദം വാങ്ങാതെ വന്നുകയറിയ ബി.ജെ.പി പ്രവർത്തകരോട് അദ്ദേഹം അനിഷ്ടം പ്രകടിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനിയും ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന ജെ.പി മൂവ്മെന്റിന്റെ ദേശീയ ജനറൽ സെക്രട്ടറിയും മാതൃഭൂമി മുൻജനറൽ മാനേജരും ആയിരുന്ന ആർ.എം. മനക്കലാത്ത് വടക്കാഞ്ചേരിക്ക് അടുത്ത് വിശ്രമ ജീവിതത്തിലായിരുന്നു. ത്രിതല പഞ്ചായത്ത് ഗാന്ധി ദർശനങ്ങളുമായി എത്ര ചേർന്നു പോകുന്നുണ്ടെന്ന് അദ്ദേഹം വിശദമാക്കി.
പ്രശസ്ത ചിത്രകാരൻ ‘ഗായത്രി’യെ ഗുരുവായൂരിൽ അദ്ദേഹത്തിന്റെ പർണശാല സമാനമായ സ്റ്റുഡിയോയിൽ വെച്ച് അഭിമുഖം നടത്തിയപ്പോൾ അത് എന്റെ ആദ്യ രാഷ്ട്രീയ ഫീച്ചറിന് സൗന്ദര്യം കൂട്ടി. കോഴിക്കോട് പോയി എന്റെ ഫീച്ചർ അന്ന് മാധ്യമം ലീഡർ പേജ് ചെയ്തിരുന്ന ഗുരുതുല്യനായ ഡോ. യാസീൻ അഷ്റഫ് സാറിന് കൈമാറി. രണ്ടാം ദിവസം എഡിറ്റ് പേജിൽ അത് അച്ചടിച്ചുവന്നപ്പോഴുള്ള ഒരു കോളജ് വിദ്യാർഥിയുടെ സന്തോഷം ഊഹിക്കാവുന്നതേയുള്ളൂ. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, അധികാര വികേന്ദ്രീകരണം എന്തൊക്കെ മാറ്റങ്ങളാണ് ഈ സംസ്ഥാനത്തിന് നേടിത്തന്നത് എന്നത് നമ്മൾ കേരളീയർക്ക് അഭിമാനിക്കാൻ വക നൽകുന്നുണ്ട്. ശക്തമായ പ്രാദേശിക ഭരണത്തിലൂടെ കേരളം ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഭരണവികേന്ദ്രീകരണം നടത്തിയ സംസ്ഥാനമായി മാറി. ഐക്യരാഷ്ട്രസഭ, വേൾഡ് ബാങ്ക് എന്നിവയുൾപ്പെടെയുള്ള അന്തർദേശീയ സ്ഥാപനങ്ങൾ കേരള മാതൃകയെ പ്രശംസിച്ചു. അന്ന് എന്റെ ഫീച്ചറിൽ പങ്കെടുത്ത എല്ലാവരും ഊന്നിപ്പറഞ്ഞിരുന്നത് ഇന്ന് യാഥാർഥ്യമാകുന്നു എന്നത് മുപ്പത്തിയഞ്ച് വർഷത്തിനുശേഷവും എന്നെ തെല്ലൊന്നുമല്ല ഉത്തേജിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

