ഓറ പോപ്-അപ് മാർക്കറ്റ് ശ്രദ്ധേയമായി
text_fieldsഓറ പോപ്-അപ് മാർക്കറ്റ്
മനാമ: ബഹ്റൈനിലെ പ്രമുഖ കലാകേന്ദ്രമായ ഓറ ആർട്സിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഓറ പോപ്-അപ് മാർക്കറ്റ് വിവിധരാജ്യക്കാരുടെ സ്റ്റാളുകളാൽ ശ്രദ്ധേയമായി. ബഹ്റൈൻ, അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ഫിലിപ്പെയിൻ, ആഫ്രിക്ക, കൊറിയ, സൗദി, കുവൈത്ത്, പാക്കിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യക്കാരുടെ എഴുപതിലധികം സ്റ്റാളുകളാണ് പരിപാടിയിൽ ഉണ്ടായിരുന്നത്. സ്ത്രീകൾ വീട്ടിൽനിന്നും ചെയ്തെടുക്കുന്ന കമ്മൽ, വളകൾ, വിവിധയിനം മാലകൾ, വിവിധ രാജ്യക്കാരുടെ ഭക്ഷണങ്ങൾ, കൈകൊണ്ട് തുന്നിയെടുത്ത മേന്മയേറിയ വസ്ത്രങ്ങൾ, നൂലിൽതുന്നിയെടുത്ത ബാഗുകൾ, വീടുകളിലേക്ക് ആവശ്യമായ അലങ്കാരവസ്തുക്കൾ തുടങ്ങി നിരവധി സാധനങ്ങളാണ് സ്റ്റാളുകളിൽ ലഭ്യമായിരുന്നത്.
വൈകീട്ട് ആറിന് ആരംഭിച്ച മാർക്കറ്റിൽ രാത്രി 11 വരെ സന്ദർശകർ വന്നുകൊണ്ടിരിക്കുകയായിരുന്നു. കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻഡയറക്ടർ യൂസുഫ് ലോറി മാർക്കറ്റ് സന്ദർശിച്ചു. ബഹ്റൈനിലെ വീടുകളിൽ കഴിയുന്ന സ്ത്രീകൾ ഒഴിവ് സമയങ്ങളിൽ ഇത്തരത്തിലുള്ള സാധനങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കുന്നത് അവരവർക്കുണ്ടാകുന്ന പലതരം മനോസംഘർഷങ്ങൾ കുറക്കാൻ സഹായകമാവുമെന്നും ഇത്തരത്തിലുള്ള ഒരാശയം രൂപപ്പെടുത്തി വിജയിപ്പിച്ച ഓറ ആർട്സിന് എല്ലാവിധ സഹായങ്ങളും തന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും യൂസുഫ് ലോറി പറഞ്ഞു. ഓറ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ, ഡയരക്ടർമാരായ സ്മിത മയ്യന്നൂർ, വൈഷ്ണവ് ദത്ത്, വൈഭവ് ദത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
സെവനാട്സ് പ്രസിഡന്റ് ജേക്കബ് തേക്കുതോട്, മീഡിയ പ്രവർത്തകൻ ഇ.വി. രാജീവൻ, ജ്യോതിഷ് പണിക്കർ, രാജേഷ് പെരുങ്ങുഴി, എം.ടി. വിനോദ്കുമാർ, ശ്രീജിത്ത് കുറിഞ്ഞാലിയോട്, സലിം ചിങ്ങപുരം, ഷാജി പുതുക്കുടി, ബൈജു മലപ്പുറം, തൻവിഷെട്ടി, ഇർഫാൻ അമീർ, അർജുൻ, വിഷ്ണു, സ്റ്റെനിൻ, കവിത ഷെട്ടി, വിവ, സജീവ്പാക്കയിൽ, സൂരജ്പാട്ടിൽ, ഇവ, ഗോവർധൻ, ഇർഫാനമൊഹൈദ്, മുഹമ്മദ്ഫാസിൽ, മൊഹമ്മദ്സയ്ദ്, ഡിജെകീല, റീക്ക, സ്മിതേഷ് പി, വിജിഷ, മോഹിത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്നും ബഹ്റൈൻ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഇത്തരത്തിലുള്ള ജനകീയ മാർക്കറ്റ് സംഘടിപ്പിക്കുമെന്ന് ഓറ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

