കാറിന്റെ വലതുവശത്തെ സീറ്റിൽ ഒരു കവി
text_fields(കവിതയ്ക്കുള്ളിൽ എപ്പോളും ഒരു യുവാവ്, എൺപതാം പിറന്നാളിൽ കെ. സച്ചിദാനന്ദനെ ഓർക്കുമ്പോൾ )
കഴിഞ്ഞ ദിവസം എൺപതാം പിറന്നാൾ ആഘോഷിച്ച പ്രിയ കവി കെ. സച്ചിദാനന്ദനെ ഓർക്കുമ്പോൾ എനിക്ക് ആദ്യം മനസ്സിലേക്ക് വരുന്നത് ഒരു പുസ്തകത്തിന്റെ മണം അല്ല, ഒരു സമ്മേളന വേദിയുടെ തിരക്കുമല്ല ഒരു യാത്രയുടെ ഉള്ളിൽ തെളിഞ്ഞ മനുഷ്യനാണ്. ബഹ്റൈന്റെ റോഡുകളിലൂടെ സന്ധ്യ വെളിച്ചം പതുക്കെ നീങ്ങിക്കൊണ്ടിരുന്ന ദിവസങ്ങൾ. എന്റെ കാറിന്റെ വലതുവശത്തെ സീറ്റിൽ ഇരുന്ന് ജാലകത്തിന് പുറത്തേക്ക് ഒഴുകുന്ന നഗരത്തെ നോക്കിക്കൊണ്ട് അദ്ദേഹം സംസാരിച്ചിരുന്നത് കവിതയെക്കുറിച്ച് മാത്രമല്ല. മനുഷ്യനെക്കുറിച്ചായിരുന്നു. തോറ്റുപോകുന്ന മനുഷ്യരെക്കുറിച്ച്. മിണ്ടാതെയിരിക്കുന്ന ജനക്കൂട്ടങ്ങളുടെ ഭയത്തെക്കുറിച്ച്. എല്ലാം തകർന്നുപോയാലും മനുഷ്യന്റെ ഉള്ളിൽ ഒരു ചെറുവെളിച്ചം ശേഷിക്കുമെന്ന വിശ്വാസത്തെക്കുറിച്ച്.
2003ൽ ബഹ്റൈൻ കേരളീയ സമാജം സാഹിത്യ അവാർഡിനെക്കുറിച്ച് ആലോചിക്കുമ്പോൾ അതിന് മുമ്പ് ആ ബഹുമതി ലഭിച്ചിരുന്നത് ആദരണീയരായ എം. ടി വാസുദേവൻ നായർക്കും, എം. മുകുന്ദനും ആയിരുന്നു. രണ്ടുപേരും മലയാളത്തിലെ എണ്ണം പറഞ്ഞ നോവലിസ്റ്റുകൾ. അപ്പോൾ സമാജം പ്രസിഡന്‍റ് ആർ. പവിത്രനും, സെക്രട്ടറി പി. പി. ബഷീറും, സാഹിത്യ വിഭാഗം സെക്രട്ടറിയായ എനിക്കും മറ്റു കമ്മിറ്റി അംഗങ്ങൾക്കും ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളു ഇനി ഈ അവാർഡ് കവിതയുടെ കൈകളിലേക്ക് എത്തണം. പിന്നീട് സച്ചിദാനന്ദൻ ബഹ്റൈനിലെത്തി ആ അവാർഡ് സ്വീകരിച്ച നിമിഷം മുതൽ ആ തീരുമാനം എത്ര ശരിയായിരുന്നുവെന്ന് ഞങ്ങൾ വീണ്ടും തിരിച്ചറിഞ്ഞു.
അദ്ദേഹം വേദിയിൽ നിന്നും വലിയ വാക്ദോരണികൾ ഇല്ലാതെ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചപ്പോൾ അത് ഒരു കവിയെന്നതിലപ്പുറം കാലത്തിന്റെ സാക്ഷിയായി തോന്നി.
“എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ പക്ഷേ, നാക്കിലപ്പപ്പെനിക്കുതരിൻ- പൂക്കിലപ്പൂടയെനിക്കുതരിൻ- കൈതോലവാലെനിക്കുതരിൻ- തീപ്പൊരിച്ചേലെനിക്കുതരിൻ- പുത്തരിയങ്കമെനിക്കുതരിൻ...
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ പോട്ടെ, കോഴിക്കൊമ്പു നിങ്ങളെടുത്തോളിൻ.”
ഈ വരികൾ അദ്ദേഹം സ്റ്റേജിൽ നിന്ന് വായിച്ചപ്പോൾ ഒരു സാധാരണ കവിത ചൊല്ലൽ മാത്രമായല്ല തോന്നിയത്, തന്റെ അവകാശത്തിന്റെ ഏറ്റവും ചെറിയ അവശിഷ്ടം പോലും വിട്ടുകൊടുക്കാതെ പിടിച്ചുനിൽക്കുന്ന മനുഷ്യനെയാണ് കണ്ടത്.
സച്ചിദാനന്ദന്റെ കവിതകളിൽ വിശപ്പിനും ദാരിദ്ര്യത്തിനും പോലും ഒരു ആത്മാഭിമാനത്തിന്റെ ചൂടുണ്ട് അന്നും ഇന്നും എന്നും തോന്നിയിട്ടുണ്ട്. മനുഷ്യന്റെ വേദന ഒരേയൊരു രാജ്യത്തിന്റെയോ ഭാഷയുടെയോ അല്ലെന്ന വിശാലമായ രാഷ്ട്രീയ-മാനവിക ബോധവും കവിതകളിൽ വ്യക്തമാകാറുണ്ട്. ഈ രചനകൾക്ക് ഇപ്പോഴും അപ്പോഴും എപ്പോഴും ഒരു വിചിത്രമായ സ്വഭാവമുണ്ട്. അവ വലിയ ശബ്ദത്തിൽ സംസാരിക്കാറില്ല. പക്ഷേ വായിച്ചു കഴിഞ്ഞാൽ വളരെ നേരം നമ്മുടെ ഉള്ളിൽ അവയുണ്ടാക്കുന്ന ഉൾക്കിടിലം തുടരും. ഒരു പുഴ രാത്രിയിൽ ഒഴുകുന്നതുപോലെ അവ മനസ്സിന്റെ അടിത്തട്ടിലൂടെ സഞ്ചരിക്കും.
ബഹ്റൈനിലെ ആ അഞ്ച് ദിവസങ്ങൾ ഇന്നും എന്റെ ഓർമ്മയിൽ തിളങ്ങി നിൽക്കുന്നു. കാറിന്റെ വലതുവശത്തെ സീറ്റിൽ ഇരുന്ന് നഗരത്തിന്റെ വിളക്കുകൾക്കിടയിലൂടെ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നും ഉള്ളിൽ മുഴങ്ങുന്നു. സത്യം ചിലർ സംസാരിക്കുമ്പോൾ നമുക്ക് അറിവ് ലഭിക്കും. ചിലർ സംസാരിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഉറങ്ങിയിരുന്ന മനുഷ്യൻ ഉണരും. സച്ചിദാനന്ദൻ അങ്ങനെയുള്ള ഒരാളാണ്.
ഇന്ന് അദ്ദേഹം എൺപതാമത്തെ ജന്മദിനത്തിലെത്തുമ്പോൾ എനിക്ക് തോന്നുന്നത് മറ്റൊന്നാണ് കാലം അദ്ദേഹത്തിന്റെ ശരീരത്തിലൂടെ നടന്നുപോയിട്ടുണ്ട്; അദ്ദേഹം ഇടയ്ക്കിടക്ക് ക്ഷീണം എന്ന വാക്ക് ഫേസ്ബുക്കിലൂടെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് വായിച്ചിട്ടുണ്ട്, പക്ഷേ കവിത ഇപ്പോഴും അദ്ദേഹത്തിനുള്ളിൽ ഒരു യുവാവിന്റെ ഹൃദയമിടിപ്പോടെ ജീവിക്കുന്നു. പ്രിയ സച്ചിദാനന്ദൻ സാർ, ഈ എൺപതാം ജന്മദിനത്തിൽ ഹൃദയം നിറഞ്ഞ സ്നേഹവും ആദരവും നന്ദിയും. ഇനിയും എഴുതുക. കാരണം മനുഷ്യനെക്കാൾ വലിയൊരു മതവും ഇല്ലെന്നും, സത്യത്തെക്കാൾ വലിയൊരു കവിതയും ഇല്ലെന്നും ഈ കാലത്തോട് വീണ്ടും വീണ്ടും പറയാൻ നിങ്ങളുടെ വാക്കുകൾക്ക് ഇപ്പോഴും കഴിയുന്നുണ്ട്. നിങ്ങൾ ഇന്നലെ പറഞ്ഞതുപോലെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

