വർക്ക് പെർമിറ്റ് പുതുക്കാൻ 30 ദിവസത്തെ കാലാവധി അനുവദിക്കണം
text_fieldsശൂറാ കൗൺസിൽ സർവിസസ് കമ്മിറ്റി കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽനിന്ന്
മനാമ: തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് 30 ദിവസത്തെ അധിക സമയം അനുവദിക്കണമെന്ന നിർദേശവുമായി ശൂറാ കൗൺസിൽ സർവിസസ് കമ്മിറ്റി. കൂടാതെ, നൽകുന്ന പെർമിറ്റുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുന്നതിനെക്കുറിച്ചും നിർദേശത്തിൽ പരാമർശിച്ചിട്ടുണ്ട്. വർക്ക് പെർമിറ്റ് പുതുക്കുന്നതിന് തൊഴിലുടമകൾക്ക് പിഴ കൂടാതെ ഒരു മാസം അധിക സമയം നൽകണമെന്നാണ് ആവശ്യം.
നിലവിലെ നിയമം അനുസരിച്ച്, കൃത്യസമയത്ത് പുതുക്കിയില്ലെങ്കിൽ ആർട്ടിക്കിൾ 36 പ്രകാരം പിഴ ചുമത്തും. അനുവദിക്കുന്ന പെർമിറ്റുകളുടെ എണ്ണത്തിന് എൽ.എം.ആർ.എ ഒരു നിശ്ചിത ഉയർന്ന പരിധി നിശ്ചയിക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം. നിലവിൽ അനുമതി നൽകുന്നതിന് നിയമപരമായി നിയന്ത്രണമില്ല.
കമ്മിറ്റി ചെയർപേഴ്സൻ ഡോ. ജമീല മുഹമ്മദ് റെധ അൽ സൽമാന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ 2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നിയമത്തിൽ വരുത്തേണ്ട രണ്ട് നിയമ ഭേദഗതികളാണ് ചർച്ച ചെയ്തത്. വർക്ക് പെർമിറ്റ് പുതുക്കുന്നതിന് അധിക സമയ നിർദേശത്തിനുപുറമെ കലാപരമായ തൊഴിലുകൾ നിയന്ത്രിക്കുന്നതിനുള്ള ഒരു കരട് നിയമവും ചർച്ചചെയ്തു. ഈ നിർദേശം അനുസരിച്ച്, കലാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും ലൈസൻസ് സ്വന്തമാക്കണം.
ബഹ്റൈനി കലാകാരന്മാർക്ക് പ്രഫഷനൽ കാർഡുകൾ നൽകാനും ചില ആനുകൂല്യങ്ങൾ ലഭ്യമാക്കാനും കരട് നിയമം പദ്ധതിയിടുന്നു. കലാകാരന്മാർക്ക് സാമ്പത്തികവും സാമൂഹികവുമായ പിന്തുണ നൽകുന്നതിനുള്ള വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് നിബ്രാസ് മുഹമ്മദ് താലിബ്, തൊഴിൽ മന്ത്രാലയത്തിലെ ലേബർ റിലേഷൻസ് ഡയറക്ടർ മാഇ ഹസ്സൻ അൽ അസ്മി, കൂടാതെ ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

