വീണുകിട്ടിയ പണം തിരികെ നൽകി മലയാളിയുടെ സത്യസന്ധതയെ പ്രശംസിച്ച് ഈജിപ്ത് സ്വദേശി
text_fieldsഈജിപ്ത് സ്വദേശിക്കൊപ്പം ഗുൽസാർ അലി
മനാമ: വഴിയിൽനിന്ന് വീണുകിട്ടിയ പണം തിരികെനൽകിയ മലയാളിയുടെ സത്യസന്ധതയെ വൈറലാക്കി ഈജിപ്ത് സ്വദേശി. കഴിഞ്ഞദിവസം ഹൂറ എക്സിബിഷൻ റോഡിലെ കാർ പാർക്കിങ്ങിൽനിന്നാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഗുൽസാർ അലിക്ക് വൻതുകയും മറ്റ് രേഖകളും കളഞ്ഞുകിട്ടുന്നത്.അതിലുണ്ടായിരുന്ന നമ്പറിൽ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് ഗുൽസാർ അലി സമീപത്തെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് പണവും രേഖകളും കൈപ്പറ്റി രേഖകളിലൊപ്പിടീപ്പിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് പണം നഷ്ടപ്പെട്ടയാൾ തിരികെ വിളിച്ചത്. അറബി അറിയില്ലായിരുന്നതിനാൽ ഫോൺ ഗുൽസാർ അലി പൊലീസിന് കൈമാറി. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ ഈജിപ്ഷ്യൻ സ്വദേശി ഗുൽസാർ അലിക്ക് നന്ദിപറഞ്ഞ് പണം കൈപ്പറ്റുകയായിരുന്നു. അദലിയയിലെ കോഫീഫോപ്പിലെ ജീവനക്കാരനായിരുന്നു പണം നഷ്ടപ്പെട്ടയാൾ.
സ്ഥാപനത്തിന്റെ പണമായിരുന്നു നഷ്ടപ്പെട്ടതെന്നും പണം തിരികെ കിട്ടിയില്ലായിരുന്നെങ്കിൽ ജോലിപോലും നഷ്ടപ്പെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു. അലിക്കൊപ്പമുള്ള ഫോട്ടോയും വിഡിയോയുമെടുത്തശേഷമാണ് അദ്ദേഹം തിരികെപ്പോയത്.വിഡിയോ ഈജിപ്ഷ്യൻ സ്വദേശി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിഡിയോ കണ്ട് നിരവധിപേർ വിളിച്ചഭിനന്ദിച്ചെന്ന് ഗുൽസാർ അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

