നിസ്സാര തർക്കം കൈയാങ്കളിയായി; പിഴ വിധിച്ച് കോടതി
text_fieldsമനാമ: വ്യക്തിപരമായ തെറ്റിദ്ധാരണയെത്തുടർന്ന് പരസ്പരം ആക്രമിച്ച രണ്ടുപേർക്ക് കോടതി 50 ബഹ്റൈനി ദീനാർ വീതം പിഴ ചുമത്തി. കീഴ്ക്കോടതി വിധിച്ച ഈ ശിക്ഷ ശരിവെച്ചുകൊണ്ട് ബഹ്റൈൻ കേസേഷൻ കോടതിയാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. നിസാരകാര്യത്തിന്റെ പേരിൽ തർക്കിച്ച ഇരുവരും കൈയാങ്കളിയിലേക്കും നീങ്ങുകയും തുടർന്ന് ഒന്നാം പ്രതി രണ്ടാമനെ ആക്രമിച്ചതോടെ ഇരുവരും തമ്മിൽ തെരുവിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ രണ്ടാമത്തെയാൾക്ക് മൂക്കിലും ഇടതുകൈയിലും പരിക്കേറ്റു. എന്നാൽ, മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം രണ്ടുപേർക്കും സംഭവിച്ച പരിക്കുകൾ 20 ദിവസത്തിൽ കൂടുതൽ വിശ്രമം ആവശ്യമുള്ളത്ര ഗുരുതരമായിരുന്നില്ല. സംഭവമറിഞ്ഞതോടെ പരസ്പരം ആക്രമിച്ചതിന് പബ്ലിക് പ്രോസിക്യൂഷൻ ഇരുവർക്കുമെതിരെ കേസെടുക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി ഇരുവരും ഒരുപോലെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 50 ദിനാർ വീതം പിഴ വിധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

