റോയൽ ബഹ്റൈൻ കോൺകോഴ്സിന് വർണാഭമായ സമാപനം
text_fieldsറോയൽ ബഹ്റൈൻ കോൺകോഴ്സിൽ പങ്കെടുക്കാനെത്തിയ കിരീടാവകാശി
മനാമ: റോയൽ ഗോൾഫ് ക്ലബിൽ നടന്ന റോയൽ ബഹ്റൈൻ കോൺകോഴ്സിന്റെ സമാപന ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രാജകീയ സാന്നിധ്യം ശ്രദ്ധേയമായി. രാജ്യത്തെ ടൂറിസം മേഖലയുടെ കരുത്തും നൂതനമായ അടിസ്ഥാന സൗകര്യങ്ങളും പ്രഫഷണലിസവും മികവും കാഴ്ചവെക്കുന്ന ദേശീയ തൊഴിലാളി സമൂഹത്തിന്റെ കഴിവും എടുത്തുകാണിക്കുന്നതാണ് ഇത്തരത്തിലുള്ള പ്രധാനപ്പെട്ട ആഗോള ഇവന്റുകൾ സംഘടിപ്പിക്കാനുള്ള ബഹ്റൈന്റെ തുടർവിജയമെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു.
ബഹ്റൈനെ ഒരു പ്രമുഖ ടൂറിസം കേന്ദ്രവും പ്രധാന പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്ന ഹബ്ബുമായി ശക്തിപ്പെടുത്തുന്നതിന്, ലോകോത്തര നിലവാരമുള്ള അന്താരാഷ്ട്ര ഇവന്റുകളെ ആകർഷിക്കുന്ന സംരംഭങ്ങളുമായി മുന്നോട്ട് പോകാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശി വ്യക്തമാക്കി.
രാജ്യത്ത് നടന്ന് ആദ്യ റോയൽ ബഹ്റൈൻ കോൺകോഴ്സിന്റെ വിജയം, ലോകോത്തര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ബഹ്റൈന്റെ മത്സരക്ഷമതയും കഴിവും പ്രതിഫലിപ്പിക്കുന്നു. ഇത് വാഹനപ്രേമികൾക്കുള്ള ഒരു കേന്ദ്രം എന്ന നിലയിൽ രാജ്യത്തിന്റെ ഖ്യാതി വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
സമാപനചടങ്ങിൽ കിരീടാവകാശി വിജയികൾക്ക് അവാർഡുകൾ സമ്മാനിച്ചു. ക്രൗൺ പ്രിൻസ് ഓഫ് ബഹ്റൈൻ അവാർഡ് സൗദി അറേബ്യയിൽ നിന്നുള്ള പ്രിൻസ് ഫൈസൽ എ. അൽ ഫൈസലിന് ലഭിച്ചു. ഇദ്ദേഹം 2008ലെ 'ഫെറാരി സഗാറ്റോ നിബ്ബിയോ'യുടെ ഉടമയാണ്. ബെസ്റ്റ് ഓഫ് ഷോ അവാർഡ് ബഹ്റൈനിൽ നിന്നുള്ള ഡോ. ഖാലിദ് എം അബ്ദുൽ റഹീമി സ്വന്തമാക്കി. ഇദ്ദേഹത്തിന്റെ പക്കൽ മുൻ ഇറാൻ ഷായുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 1972ലെ 'ലംബോർഗിനി മിയുറ എസ്.വി' വാഹനമാണുള്ളത്.
വിവിധ വിഭാഗങ്ങളിലെ വിജയികൾക്കും സ്പോൺസർ സ്ഥാപനങ്ങൾക്കും സംഘാടകസമിതിക്കും അവാർഡുകൾ വിതരണം ചെയ്തു.ഇവന്റ് സംഘടിപ്പിക്കുന്നതിൽ പങ്കെടുത്ത എല്ലാവർക്കും എച്ച്.ആർ.എച്ച് പ്രിൻസ് സൽമാൻ ബിൻ ഹമദ് നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
വൈകാരികമായി പ്രിൻസ് ഖലീഫയുടെ കാർ
മനാമ: ഈ വർഷത്തെ റോയൽ ബഹ്റൈൻ കോൺകോഴ്സ് കാർ പ്രദർശനത്തിലെ ഏറ്റവും വലിയ ആകർഷണം ചരിത്രപരമായ ഒരു വാഹനമായിരുന്നു. അന്തരിച്ച പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ കാറിന്റെ പ്രത്യേക പ്രദർശനമായിരുന്നു അത്. ബഹ്റൈന്റെ മുൻ പ്രധാനമന്ത്രിയും പ്രിയങ്കരനായ നേതാവുമായിരുന്ന അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ് ഈ മനോഹരമായ കാർ പ്രദർശനത്തിനെത്തിച്ചത്. ബഹ്റൈന്റെ ചരിത്രത്തിലെ ഈ സുപ്രധാന വ്യക്തിത്വത്തിന് നൽകിയ ഹൃദയസ്പർശിയായ ശ്രദ്ധാഞ്ജലി കൂടിയായി ഈ കാറിന്റെ പ്രദർശനം.
പ്രിൻസ് ഖലീഫയുടെ കാർ പ്രദർശനത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

