ഓർമകളിൽ ഒരു ക്രിസ്മസ് രാത്രി
text_fieldsപതിയാരക്കര എന്ന ഞങ്ങളുടെ കൊച്ചു ഗ്രാമത്തിൽ ക്രിസ്ത്യൻ കുടുംബം ഇല്ലെങ്കിലും ക്രിസ്മസ് പരീക്ഷയും,ഒപ്പം കുട്ടികളുടെ പ്രസിദ്ധീകരങ്ങളിലെ ക്രിസ്മസ് പതിപ്പും കുഞ്ഞു നാളിൽ തന്നെ ഉണ്ണിയേശുവിനെ ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു.പിന്നീട് കുറച്ചു മുതിർന്നപ്പോൾ വടകര ഒരു പുസ്തക ക്കടയിൽ ജോലിക്ക് പോകാൻ തുടങ്ങിയപ്പോഴാണ് ആദ്യമായി കരോൾ കാണുന്നത്.നഗരത്തിലെ മൊത്ത കച്ചവടക്കുത്തക അക്കാലത്ത് കുന്നംകുളം സ്വദേശികളായ ക്രിസ്തീയ സഹോദരന്മായിരുന്നു എന്നതിനാൽ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സാധനങ്ങൾ വാങ്ങിക്കൊണ്ടിരുന്ന മൊത്ത കച്ചവടക്കാർ തരുന്ന കേക്കുകളിൽ നിന്നാണ് ക്രിസ്മസ് മധുരം ആദ്യമായി അനുഭവിക്കുന്നത്.
ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ തൊട്ടുള്ള സ്റ്റുഡിയോയിൽ ഇരിട്ടിയിലുള്ള എബിൻ എന്ന വ്യക്തിയുമായി വളരെ വേഗത്തിൽ കമ്പനിയായി.അവധി ദിവസങ്ങളിലെ കറക്കത്തിനിടയിലാണ് അവൻ ഒരു സങ്കട മഴയായി എന്നിലേക്ക് പെയ്തിറങ്ങിയത് എന്നു പറഞ്ഞാൽ അതിൽ അതിശയോക്തി പറയാൻ കഴിയില്ല.അമ്മ മരിച്ചതിനു ശേഷം വീട്ടിലേക്ക് കയറിവന്ന രണ്ടാനമ്മയുടെ മോശം സ്വഭാവത്തിൽ മനസ്സ് മടുത്തു വീട് വീട്ടിറങ്ങി പല ജോലികളും, നാടുകളും കടന്നാണ് അവൻ വടകരയിൽ എത്തപ്പെടുന്നത്.രണ്ട് മൂന്ന് സ്റ്റുഡിയോയിൽ മാറി മാറി ജോലിക്ക് നിന്നത് കൊണ്ടാവണം കുറഞ്ഞ കാലം കൊണ്ട് അവൻ നല്ലൊരു വിഡിയോ ഗ്രാഫറായി മാറിയിരുന്നു.വിവാഹ വിഡിയോകൾ വളരെ മനോഹരമാക്കാൻ വല്ലാത്തൊരു കഴിവ് തന്നെ അവനുണ്ടായിരുന്നു.ഒരു ക്രിസ്മസ് രാത്രി അവന്റെ അതിഥിയായി ഒരു കടക്കു മുകളിലുള്ള അവന്റെ കൊച്ചു മുറിയിൽ ഒന്നിച്ചു കേക്ക് മുറിച്ചതാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ ക്രിസ്മസ് ആഘോഷം.മത കാര്യങ്ങളിൽ തികഞ്ഞ നിഷ്ഠ പുലർത്തിയിരുന്ന അവനിൽ ഞാൻ കണ്ട ഏറ്റവും വലിയ കാര്യം മദ്യ പാനം,പുകവലി പോലുള്ള ദുശ്ശീലങ്ങൾ ഒന്നുമില്ല എന്നതായിരുന്നു.
സ്വന്തമായി ഒരു സ്ഥാപനം,സ്വച്ഛന്ദമായൊരു കുടുംബ ജീവിതം തുടങ്ങിയ സ്വപ്നങ്ങൾ അവൻ എന്നോട് പങ്കുവെച്ചിരുന്നു.കോഴിക്കോട് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജോലി തരപ്പെട്ടപ്പോൾ അവനും പ്രവാസത്തിലേക്ക് ഞാനും പറിച്ചു നടപ്പെട്ടു.ഉപയോഗിച്ച് കൊണ്ടിരുന്ന റിലയൻസിന്റെ ഫോൺ കളഞ്ഞു പോയപ്പോൾ അവനുമായുള്ള ബന്ധം കൂടിയാണ് നഷ്ടപ്പെട്ടുപോയത്.
വർഷങ്ങൾക്കിപ്പുറം, അതായത് നീണ്ട രണ്ടു സംവത്സരങ്ങൾക്കുശേഷം എറണാകുളത്തുവെച്ച് ഞാൻ എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ കണ്ടു കിട്ടിയതും തികച്ചും യാദൃച്ഛികമായിട്ടായിരുന്നു.
ആഗ്രഹിച്ച പോലെ കുടുംബസ്ഥനായി ഒരു ചാനലിൽ കാമറാമാനായി നല്ലൊരു ജോലിയുമൊക്കെയായി സന്തോഷത്തിന്റ തുഴകൊണ്ട് ജീവിതത്തോണി തുഴയുന്ന അവനുമായി ഞാൻ ഏറെ നേരം പഴയ ഓർമകൾ പങ്കിട്ടു.
ഓരോ തിരുപ്പിറവി വന്നു കാലത്തിന്റെ താളുകളെ പതുക്കെ മറിച്ചിടുമ്പോഴും ഞാൻ ആ രാത്രിയെ ഓർത്തുപോവാറുണ്ട്.ഞാനും എബിനും ഉണ്ണിയേശുവും മാത്രം ഉണ്ടായിരുന്ന കൊച്ചുമുറിയിലെ ആ ക്രിസ്മസ് രാത്രി അത്രയേറെ മനോഹരമായൊരു രാത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

