ബഹ്റൈനോട് യാത്ര പറയാനൊരുങ്ങി പ്രവാസികളുടെ പ്രിയപ്പെട്ട സേവകൻ
text_fieldsഅബൂബക്കർ
ഇരിങ്ങണ്ണൂർ
ലോകരാജ്യങ്ങളിലെ പല ദിക്കുകളിൽ നിന്നായി ജീവിതം പടുത്തുയർത്താൻ കടൽ കടക്കുന്നവരാണ് പ്രവാസികൾ. യാത്ര തുടങ്ങുമ്പോഴോ ഇവിടെ എത്തിച്ചേരുമ്പോഴോ പോലും താനെടുക്കേണ്ടി വരുന്ന ജോലി എന്താണെന്നോ മറ്റോ അറിയാത്തവരാവും അധികം പേരും. അത്തരത്തിൽ 1987ൽ ബഹ്റൈനിലെത്തി കോൾഡ് സ്റ്റോർ ജോലിക്കാരനായി തുടങ്ങി ഒടുവിൽ രാജ്യത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ഒരു സ്റ്റാഫായി മാറിയ മലയാളിയുണ്ട്. അദ്ദേഹം നീണ്ട 38 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. ഓർക്കപ്പെടാനും മറക്കപ്പെടാതിരിക്കാനും പാകത്തിൽ അനവധി നല്ല നിമിഷങ്ങളെ ബാക്കിയാക്കിയാണ് അദ്ദേഹം നാടണയുന്നത്.
90കൾക്ക് മുമ്പ് ബോംബെ വഴി ഗൾഫ് രാജ്യങ്ങളിലെത്തിയവരുടെ കൂട്ടത്തിലാണ് കോഴിക്കോട് ജില്ലയിലെ ഇരിങ്ങണ്ണൂർ സ്വദേശിയായ അബൂബക്കറും ബഹ്റൈനിലെത്തുന്നത്. പഠനകാലത്ത് തന്നെ നാട്ടിൽ സജീവ സംഘടനപ്രവർത്തനവും സാമൂഹികപ്രവർത്തനവുമായി തുടരുന്നതിനിടെയാണ് പ്രവാസം പുൽകുന്നത്. തുടർന്നുള്ള സംഘടനാ പ്രവർത്തനങ്ങളും സാമൂഹികപ്രവർത്തനങ്ങളും ബഹ്റൈൻ കേരള സുന്നി ജമാഅത്തിലൂടെ ഈ അടുത്തകാലംവരെ സജീവമായി നിർവഹിച്ചിട്ടുണ്ട്. വന്നിറങ്ങിയ കാലത്ത് ഗൾഫും ചുറ്റുപാടും മനസ്സിലാക്കി തുടങ്ങിയ ശേഷം ചെറിയൊരു കോൾഡ്സ്റ്റോർ ആരംഭിച്ചു. ആഭ്യന്തര പ്രശ്നംവന്ന കാലത്ത് അത് നഷ്ടത്തിലായി. അക്കാലത്ത് വിദേശികളെ ഡിഫൻസുകളിലേക്കും പൊലീസ് ഡിപ്പാർട്ടുമെന്റുകളിലേക്കും റിക്രൂട്ട് ചെയ്യുന്ന സുവർണകാലം കൂടിയാണ്.
അങ്ങനെയാണ് പൊലീസിലേക്ക് സെലക്ഷൻ ലഭിക്കുന്നത്. 2004ലാണ് ജോലിക്കായ് അദ്ലിയ സി.ഐ.ഡി ഓഫിസിലെത്തുന്നത്. അതിനുശേഷം വിരമിക്കുന്നതുവരെ സത്യസന്ധനായൊരു സ്റ്റാഫെന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രശംസയോടെയും പെരുമയോടെയും അവിടെ തുടരുകയായിരുന്നു.
തികഞ്ഞ ആത്മനിർവൃതിയോടെയാണ് പടിയിറങ്ങുന്നത്. വിദേശ രാജ്യങ്ങളിലേക്ക് ജോലിതേടി പോകാൻകഴിയാത്ത രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മരണം, പൊലീസ് കേസ്, പാസ്പോർട്ട് നഷ്ടപ്പെടൽ, യാത്രാവിലക്കുകൾ തുടങ്ങി ഒരുപാട് പ്രവാസി സുഹൃത്തുക്കളുടെ പ്രശ്ന പരിഹാരത്തിന് സഹായിയായും ബുദ്ധിമുട്ടുകളിൽ തണലായും താങ്ങായും ഇക്കാലയളവിനിടയിൽ അബൂബക്കർ മാതൃകാപരമായി പ്രവർത്തിച്ചു. ജാതിമത ഭേദമന്യേ നൂറുകണക്കിന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള സദ്പ്രവർത്തനങ്ങളിൽ ഭാഗഭാക്കായിട്ടുണ്ട്.
40 വർഷം ബഹ്റൈൻ പ്രവാസിയായി തുടർന്ന് ഒടുവിൽ പാസ്പോർട്ടും വിസയും സ്പോൺസറും ഒന്നുമില്ലാതെ മരിച്ച വടകര വള്ള്യാട് സ്വദേശി കീരൻകണ്ടി കുഞ്ഞബ്ദുല്ലയുടെ മൃതദേഹം വിട്ടുകിട്ടാൻ നടത്തിയ പ്രയത്നങ്ങൾ അബൂബക്കർ ഇപ്പോഴും ഓർക്കുന്നുണ്ട്. തന്റെ സ്വന്തം രേഖകൾ സി.ഐ.ഡി ഓഫിസിൽ സമർപ്പിച്ചാണ് കുഞ്ഞബ്ദുല്ലക്ക് ഇന്ത്യാക്കാരണെന്ന് തെളിയിക്കുന്ന രേഖയായി ഒരു പാസ്പോർട്ട് എമ്പസി കൊടുത്തത്. അതിൽ കെ.എം.സി.സിയുടെ പേര് പ്രിന്റ് ചെയ്തു വന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തിട്ടുണ്ട്. ഇത്തരം മാനുഷികമൂല്യമുള്ള സഹകരണങ്ങളിൽ കെ.എം.സി.സി പോലുള്ള സംഘടനകൾ വഹിച്ച പങ്കും അവരുടെ പ്രവർത്തനങ്ങളെയും ഈ സാഹചര്യത്തിൽ അബൂബക്കർ ഓർത്തെടുക്കുന്നു.
അനാഥമാകുന്ന മൃതദേഹങ്ങളും ബഹ്റൈനിൽ തന്നെ മറമാടുന്ന മൃതദേഹങ്ങളും പവിത്രതയോടെതന്നെ അതിന്റെ ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിൽ കരീം കുളമുള്ളതിൽ, ഒ.കെ. കാസിം പോലുള്ളവർ വഹിക്കുന്ന സഹകരണ മനോഭാവത്തെയും അദ്ദേഹം ബഹുമാനപൂർവം സ്മരിക്കുന്നുണ്ട്.
മറക്കാൻ ശ്രമിക്കുന്ന ഓർമ
ഔദ്യോഗികജീവിതത്തിനിടയിൽ തന്റെ മുതിർന്ന ഉദ്യേഗസ്ഥരുടെ മുന്നിൽ തലകുനിക്കേണ്ടി വന്ന ഒരേയൊരു സാഹചര്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അത് ബഹ്റൈൻ ദേശീയദിനവുമായി ബന്ധപ്പെട്ട് പ്രമുഖ മലയാളി പ്രവാസിസംഘടന നടത്തിയ റാലിയും അതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നപരിഹാരവിഷയത്തിലാണ്.
മതിയായ അനുമതിയില്ലാതെ നടത്തിയ റാലി പൊലീസ് തടയുകയും അതിന് നേതൃത്വം നൽകിയ മൂന്നുപേരെ പിടികൂടുകയും ചെയ്തിരുന്നു. ആ സമയം സംഘടനയുടെ നേതൃനിരയിലെ ചിലർ തന്നെ വിളിച്ച് രക്ഷപ്പെടുത്താനുള്ള എന്തെങ്കിലും വഴി ഉണ്ടാക്കണമെന്ന് പറഞ്ഞതുകൊണ്ടുമാത്രമാണ് മാനുഷികമായി ഈ വിഷയത്തിൽ അവർക്കുവേണ്ടി തന്റെ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചതെന്നും അബൂബക്കർ പറയുന്നു.
എന്നാൽ ഉദ്യോഗസ്ഥർ നീരസത്തോടെ തന്നോട് മറുപടി പറഞ്ഞതായും മേലിൽ ഇത്തരം പരിപാടികൾ അനുവാദമില്ലാതെ നടത്തിയാൽ ജയിലും നാടുകടത്തലും ഉണ്ടാകുമെന്നും അറിയിച്ചു.
അന്ന് ഇടപെട്ടില്ലായിരുന്നെങ്കിൽ മൂന്ന് പേരെയും നാടുകടത്തുകയും സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങള സാരമായി ബാധിക്കുകയും ചെയ്യുമായിരുന്നു. 38 വർഷത്തെ പ്രവാസജീവിതസേവനത്തിൽ അഭിമാനമാനനിമിഷമായാണ് അബൂബക്കർ ഈ വിഷയത്തെ കാണുന്നതും ഓർത്തുവെക്കുന്നതും. തുടർന്ന് കേസൊന്നുമില്ലാതെ മൂന്നുപേരെയും വിട്ടയച്ചപ്പോൾ അവർ ഒരുനന്ദി വാക്ക് പോലും പറഞ്ഞില്ല എന്നും അബൂബക്കർ ഓർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

