ബീച്ച് കായികോത്സവം സംഘടിപ്പിച്ചു
text_fieldsമനാമ: വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ച മൂന്നാമത് തീര കായികോത്സവത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. അൽ ജസായിർ ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് കായികോത്സവത്തിൽ 20 സ്കൂളുകളിൽ നിന്നായി 400ലധികം വിദ്യാർഥികൾ പങ്കാളികളായി. വിദ്യാഭ്യാസ സേവന വിഭാഗം അസി.അണ്ടർ സെക്രട്ടറി കിഫായത് അൽ അൻസൂ അടക്കമുള്ള മന്ത്രാലയ ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
ബീച്ച് കായിക മത്സരങ്ങളും വിനോദ പരിപാടികളും ഗെയിമുകളും സംഘടിപ്പിക്കുകയും ചെയ്തു. വടംവലി, പട്ടം പറത്തൽ, കടലാസ് വിമാനം പറത്തൽ തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങളാണ് ഒരുക്കിയിരുന്നത്. കുട്ടികളിൽ ഐക്യബോധവും മത്സര മേഖലയിൽ മുന്നേറാനുള്ള കരുത്തും നൽകുന്നതിന് ഇത്തരം പരിപാടികൾ ഉപകരിക്കുമെന്ന് കിഫായത് അൻസൂ വ്യക്തമാക്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ അനുമോദിക്കുകയും ചെയ്തു.
