ഒരു ബാച്ചിലർ നോമ്പൊർമ
text_fieldsബിനു കരുണാകരൻ
റമദാനും നോമ്പും ചെറുപ്പം മുതലേ കണ്ട് വളർന്നതാണെങ്കിലും സമൂഹ നോമ്പുതുറകൾ പരിചയപ്പെട്ടതും പങ്കാളിയായതും ഗൾഫ് ജീവിതത്തിലാണ്. നാനാമതസ്ഥർ ഒത്തുകൂടി നടത്തുന്ന സമൂഹനോമ്പുതുറകൾ മനുഷ്യസ്നേഹത്തിെൻറയും സഹജീവികളോടുള്ള കരുതലിെൻറയും ഉദാത്തമായ മാതൃകയാണ്.
ഈ നോമ്പുകാലത്ത് മനസ്സിൽ ഓർമ വന്നത് തൊഴിൽ ജീവിതത്തിെൻറ ആരംഭകാലത്ത് നാട്ടുകാരനും സുഹൃത്തുമായ മുജീബിെൻറ നോമ്പ് വിശേഷങ്ങൾ ആണ്. ആ നാളുകളിൽ ഞങ്ങൾ ഒന്നിച്ച് അരൂരിലെ ഒരു ചെറിയ ലോഡ്ജ് മുറിയിലായിരുന്നു താമസം. ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കാൻ പഠിച്ചുവരുന്ന കാലം പതിവുപോലെ റമദാൻ മാസവും വന്നെത്തി. മതവിശ്വാസങ്ങളിൽ വളരെ കൃത്യത പുലർത്തുന്ന അവൻ റമദാൻ നോമ്പുകൾ കൃത്യമായി എടുക്കാറുണ്ട്.
ഭക്ഷണ കലയിൽ പ്രാവീണ്യം ഇല്ലാതിരുന്ന അക്കാലത്ത് ചോറും പയറോ വെണ്ടക്കയോ കൊണ്ടുള്ള മെഴുക്കുപുരട്ടിയും ചമ്മന്തിപ്പൊടിയും ആണ് ദിവസവും മെനു. വൈകീട്ട് വെക്കുന്ന ഈ വിഭവം തന്നെയാണ് പലപ്പോഴും അവെൻറ ഇടയത്താഴവും. മുസ്ലിംകൾ അവിടെ കുറവായിരുന്നതുകൊണ്ടാകാം ബാച്ചിലേഴ്സിനു നോമ്പ് വിഭവങ്ങൾ കിട്ടാൻ സാഹചര്യവും ഇല്ലായിരുന്നു.
ജോലികഴിഞ്ഞു വന്നാൽ ഫ്രഷ് ആയതിനുശേഷം ബസിൽ കുറച്ചകലെയുള്ള പള്ളിയിൽ പോയി നിസ്കരിക്കും. നോമ്പ് തുറക്കുശേഷം ഹോട്ടലിൽ പോയി ഭക്ഷണവും കഴിക്കും. ചില ദിവസങ്ങളിൽ ഒരു പാർസൽ രാവിലത്തേക്കു കൂടി കരുതും. വെളുപ്പിന് ഭക്ഷണസമയത്തിന് അവനെ വിളിച്ചുണർത്താറുണ്ട്.
ചില ദിവസങ്ങളിൽ രണ്ടാളും ഉറങ്ങിപ്പോയാൽ ഇടയത്താഴവും മുടങ്ങും. പക്ഷേ അവൻ നോമ്പ് മുടക്കില്ല. ആ ദിവസങ്ങളിൽ ഏകദേശം 20 മണിക്കൂർ നീളും അവെൻറ നോമ്പ്. കഠിനമായ സാഹചര്യങ്ങളിലും നോമ്പിെൻറ മഹത്ത്വം ആ ഓർമകൾ പറഞ്ഞുതരുന്നു. മഹാമാരിയുടെ ഈ ദിനങ്ങളിൽ ഒത്തുകൂടലുകൾക്ക് കഴിയില്ലെങ്കിലും മനുഷ്യസ്നേഹത്തിെൻറയും സഹജീവികളോടുള്ള കരുതലിെൻറയും നിറവിൽ എല്ലാവർക്കും വിശേഷിച്ച് മുജീബിനും കുടുംബത്തിനും റമദാൻ ആശംസകൾ നേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

