ബഹ്റൈനിൽ ഈ വർഷം തീപിടിച്ചത് 800 വാഹനങ്ങൾക്ക് ; കാരണം പെർഫ്യൂം, ഹാൻഡ് സാനിറ്റൈസർ, ലൈറ്റർ
text_fieldsമനാമ: വേനൽക്കാലത്ത് കാറുകളിൽ തീപിടിക്കാനുള്ള സാധ്യത കൂടുതലായതിനാൽ പെർഫ്യൂം, ഹാൻഡ് സാനിറ്റൈസർ, ലൈറ്റർ തുടങ്ങിയ തീപിടിക്കാൻ സാധ്യതയുള്ള സാധനങ്ങൾ കാറിൽ വെക്കുന്നത് ഒഴിവാക്കണമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ്. ഈ വർഷം ഇതുവരെ ഏകദേശം 800 വാഹനങ്ങളിൽ തീപിടിത്തമുണ്ടായതായി ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ വെളിപ്പെടുത്തി.
വാഹനങ്ങൾക്ക് തീപിടിക്കുന്നത് ഒഴിവാക്കാൻ ഡ്രൈവർമാർ മുൻകരുതലുകൾ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാഹനങ്ങളിൽ അഗ്നിശമന ഉപകരണങ്ങൾ സൂക്ഷിക്കാൻ അദ്ദേഹം നിർദേശിച്ചു. ഒരു കാറിന് പൂർണമായും തീപിടിക്കാൻ 20 മിനിറ്റ് മതിയാകും, എന്നാൽ തീ പടരുന്നത് തടയാനും ആളുകളെയും മറ്റ് വാഹനങ്ങളെയും സംരക്ഷിക്കാനും 15 മിനിറ്റ് മതിയാകും. ഏകദേശം 8 ദിനാർ വില വരുന്ന ഒരു അഗ്നിശമന ഉപകരണം വാങ്ങുന്നത് വളരെ സഹായകമാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വാഹനങ്ങൾ തീപിടിക്കാനുള്ള പ്രധാന കാരണം അശ്രദ്ധയും കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവവുമാണ്. പ്രത്യേകിച്ച് ഇലക്ട്രിക്കൽ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താത്തത് അപകടകരമാണ്. കേടായ ഭാഗങ്ങൾ മാറ്റുകയും എൻജിനിൽ ഉണ്ടാകുന്ന ചോർച്ചകൾ തടയുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വേനൽക്കാലത്ത് വാഹനങ്ങൾ അമിതമായി ചൂടാകുന്നത് സാധാരണമാണ്.
ഇതാണ് മിക്കപ്പോഴും തീപിടിത്തത്തിന് കാരണമാകാറ്. എൻജിനിൽ നിന്നോ മറ്റ് ഭാഗങ്ങളിൽ നിന്നോ ഉണ്ടാകുന്ന ഇന്ധന ചോർച്ചയും വാഹനങ്ങൾ അമിതമായി ചൂടാകുന്നതും ഒരുമിച്ച് വരുമ്പോഴാണ് ബഹ്‌റൈനിൽ കാറുകൾക്ക് തീപിടിക്കാനുള്ള പ്രധാന കാരണമാകുന്നത്. പെർഫ്യൂം, പെട്രോളിയം, അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ മറ്റ് വസ്തുക്കൾ എന്നിവ കാറിൽ സൂക്ഷിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയിൽ ഇവ വികസിക്കുകയും ചോർച്ചയുണ്ടാക്കുകയും ചെയ്യാം, ഇത് സ്ഫോടനത്തിന് കാരണമാവുകയും തീപിടിത്തത്തിലേക്ക് നയിക്കുകയും ചെയ്യും.
വാഹനം ഓടിക്കുമ്പോൾ തീപിടിത്തമുണ്ടായാൽ, ഉടൻ തന്നെ റോഡിന്റെ വശത്തേക്ക് മാറ്റി നിർത്തുക. എൻജിൻ ഓഫ് ചെയ്ത് വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലേക്ക് മാറണം. ശേഷം 999-ൽ വിളിച്ച് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ വിവരമറിയിക്കണം. തീപിടിത്തം എൻജിനിൽ മാത്രമാണെങ്കിൽ, ബോണറ്റ് ഉയർത്താതെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

