ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി  ശബ്​ദമുയർത്തി സെമിനാർ

09:28 AM
10/01/2019
‘തണൽ’ ബഹ്‌റൈൻ ചാപ്റ്ററി​െൻറ നേതൃത്വത്തിൽ നടത്തുന്ന ഭിന്നശേഷി വിദ്യാർഥികളുടെ പരിപാടികളുടെ ഉദ്​ഘാടന ചടങ്ങിൽ സുപ്രീം കോടതി മുൻ ജഡ്​ജി കുര്യൻ ജോസഫ് സംസാരിക്കുന്നു
മനാമ: ‘തണൽ’ ബഹ്‌റൈൻ ചാപ്റ്ററി​​െൻറ നേതൃത്വത്തിൽ നടത്തുന്ന ഭിന്നശേഷി വിദ്യാർഥികളുടെ പരിപാടികൾക്ക്​ തുടക്കമായി. ഇൗസ ടൗൺ ഇന്ത്യൻ സ്‌കൂളിൽ നാട്ടിൽ നിന്നെത്തിയ ‘തണൽ’ ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച ‘കാലത്തി​​െൻറ താളിൽ ഒരമ്മയുടെ കയ്യൊപ്പ്’ എന്ന നാടകത്തോടെയാണ്​ പരിപാടികൾ തുടങ്ങിയത്​.  സോഷ്യൽ റിഹാബിലിറ്റേഷൻ ആൻറ്​ വെൽഫെയർ അസി. അണ്ടർ സെക്രട്ടറി ശൈഖ ആയിഷ ആൽ ഖലീഫ ഉദ്​ഘാടനം ചെയ്​തു. ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ ജയ്​ഫർ മൈദാനി അധ്യക്ഷനായിരുന്നു. പ്രോഗ്രാം കൺവീനർ ആർ. പവിത്രൻ സ്വാഗതം പറഞ്ഞു. 
   ഭൂമിയിൽ ജനിക്കാനുള്ള അവകാശത്തിൽ തുടങ്ങുന്ന ഭിന്ന ശേഷിക്കാരുടെ പ്രശ്​നങ്ങൾ ഇനിയും സമൂഹം തിരിച്ചറിഞ്ഞിട്ടില്ലെന്നും അവർക്ക്​ നീതി ലഭ്യമാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്​ച ഉണ്ടാകരുതെന്നും സെമിനാറിൽ സംസാരിച്ചവർ പറഞ്ഞു. സഹതാപമോ സഹായമോ അല്ല മറിച്ച് അവർക്ക്​ അവകാശങ്ങൾ അനുവദിക്കുകയാണ്​ വേണ്ടതെന്ന്​ സെമിനാർ ഏകശബ്​ദത്തിൽ പറഞ്ഞു. 
  സുപ്രീം കോടതി മുൻ ജഡ്​ജി കുര്യൻ ജോസഫ്, ബഹ്‌റൈൻ എം.പി ഡോ. മാസൂമ ഹസ്സൻ അബ്​ദുറഹിം, ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പളനി സ്വാമി, ഗവേഷക അന്ന ക്ലെമ​െൻറ്​സ്​, ബഹ്‌റൈൻ മൊബിലിറ്റി ഇൻറർനാഷനൽ ചെയർമാൻ ആദിൽ സുൽത്താൻ അൽ മുത്തവ്വ,  ഹൈക്കോടതി അഭിഭാഷക സ്​മിത നിസാർ, ‘തണൽ’ ചെയർമാൻ ഡോ. വി. ഇദ്‌രീസ്, റസാഖ് മൂഴിക്കൽ, ‘തണൽ’ ചാപ്​റ്റർ ജനറൽ സെക്രട്ടറി യു.കെ. ബാലൻ എന്നിവർ സംസാരിച്ചു.
 ‘തണൽ-കരുണ സ്‌പെഷൽ സ്‌കൂൾ’ കുറ്റ്യാടിക്ക് വേണ്ടി ചെയ്​ത പ്രവർത്തനങ്ങൾ പരിഗണിച്ച്​ ജമാൽ ശുവൈത്തർ ചെയർമാൻ ഫുആദ് മുഹമ്മദ് അൽ റയീസിനെ ആദരിച്ചു.  ട്രഷറർ റഷീദ് മാഹി നന്ദി പ്രകാശിപ്പിച്ചു.   
   വ്യാഴാഴ്​ച വൈകീട്ട്​ ഏഴു മണിക്ക്​ ‘തണൽ’ സ്​പെഷൽ സ്​കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ‘ചിരി​യിലേക്കുള്ള ദൂരം’ എന്ന സാമൂഹിക ബോധവത്​കരണ നാടകം കേരളീയ സമാജത്തിൽ അരങ്ങേറും.വെള്ളിയാഴ്​ച നാലു മുതൽ ഏഴുവരെ റാംലി മാൾ ലുലുവിൽ സ്​കിറ്റും അവതരിപ്പിക്കുന്നുണ്ട്​. ശനിയാഴ്​ച നാലു മണി മുതൽ ‘നമ്മളൊന്ന്​’ എന്ന നാടകം അവതരിപ്പിക്കും. ഇൗസ ടൗണിലെ മൊബിലിറ്റി ഇൻറർനാഷനലിലാണ്​ ഇൗ പരിപാടി നടക്കുന്നത്. 
 
Loading...
COMMENTS