ദേശപ്രൗഢിയുടെ 54 വർഷങ്ങൾ: പവിഴദ്വീപിന് ആദരമർപ്പിക്കാൻ ‘ഗൾഫ് മാധ്യമം’ ഒരുങ്ങുന്നു
text_fieldsമനാമ: പൈതൃകത്തിന്റെയും ആധുനികതയുടെയും ചരിത്രമുറങ്ങുന്ന ബഹ്‌റൈന്റെ 54-ാമത് ദേശീയ വാർഷികാഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ ‘ഗൾഫ് മാധ്യമം’ വിപുലമായ പരിപാടികളൊരുക്കുന്നു. ദീർഘകാലമായി പ്രവാസികൾക്ക് സംരക്ഷക ഇടമായി നിലകൊള്ളുന്ന ഈ രാജ്യത്തോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനാണ് ഡിസംബർ 17ന് ഗൾഫ് മാധ്യമം വിശാലമായൊരു വേദി സജ്ജമാക്കുന്നത്.
രാജ്യം അതിന്റെ വാർഷികത്തിന്റെ അൻപത്തിനാല് വർഷങ്ങൾ പിന്നിടുമ്പോൾ, പൈതൃകത്തെ മുറുകെപ്പിടിച്ച് ആധുനിക ലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സ്വയം പരിഷ്കരിക്കുന്ന ബഹ്‌റൈന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നതാണ് ആഘോഷത്തിന്റെ ലക്ഷ്യം. ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലും ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ കാഴ്ചപ്പാടിലുമുള്ള രാജ്യത്തിന്റെ അനുദിന പുരോഗതിക്ക് അഭിവാദ്യമർപ്പിക്കാൻ ഈ വേദി അവസരം നൽകും.
വരാനിരിക്കുന്ന ഡിസംബർ 17ന് വൈകീട്ട് ക്രൗൺ പ്ലാസയിലെ വിശാലമായ ഹാളിലാണ് ഗൾഫ് മാധ്യമം ഈ പ്രൗഢമായ പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ പൈതൃകവും, വളർന്നു വരുന്ന ടൂറിസം മേഖലയുടെ നേട്ടങ്ങളും പ്രമേയമാകുന്ന ‘പേൾ ഓഫ് വണ്ടർ’ എന്ന് നാമകരണം ചെയ്ത ബൃഹത്തായ പദ്ധതിയാണ് പരിപാടിയുടെ പ്രധാന ആകർഷണം. രാജ്യത്തോടുള്ള ഹിതവും ബഹുമാനവും പ്രകടിപ്പിക്കാനുള്ള ഈ ധന്യവേദിയിൽ ബിസിനസ് രംഗത്തെ അതികായരും കേരളത്തിലെയും ബഹ്‌റൈനിലെയും രാഷ്ട്രീയ, കല, സാമൂഹിക രംഗത്തുള്ള പ്രമുഖരുടെയും നിറസാന്നിധ്യമുണ്ടാകും.
പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സംഗീത വിരുന്ന്, രാജ്യത്തിന് വേണ്ടിയുള്ള സ്നേഹ സന്ദേശങ്ങളും ആദരവുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്മരണികയുടെ പ്രകാശനം, രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകിയ വ്യക്തികളെ ആദരിക്കുന്ന ചടങ്ങ് തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.
രാജ്യത്തിന്‍റെ വളർച്ചക്കനുസൃതമായി വളരുന്നത് നമ്മളും നമ്മുടെ ചുറ്റുമുള്ളവരും കൂടിയാണെന്ന മഹത്തായ ചിന്ത നാമോരോരുത്തരിലുമുണ്ടാവും. അവിടെയാണ് രാജ്യത്തെ ആദരിക്കുന്ന വേളയിൽ നമുക്കും പങ്കാളികളാകേണ്ടതായി വരുന്നത്. ബഹ്റൈന്‍റെ വാർഷിക വേളയിൽ ഈ രാജ്യത്തിന് നൽകാൻ ഏറ്റവും ശ്രേഷ്ടമായിട്ടെന്തുണ്ടെന്നതിനും നമ്മുടേതായി രാജ്യത്തിന് നൽകാനുള്ള സ്നേഹവും ആരവും എന്താണെന്നതിനുമുള്ള ചോദ്യങ്ങൾക്കാണ് ഗൾഫ് മാധ്യമം ‘പേൾ ഓഫ് വണ്ടർ’ പ്രൊജക്ടിലൂടെ മറുപടിയൊരുക്കുന്നത്.
സ്വന്തം രാജ്യത്തെപ്പോലെ ബഹ്‌റൈനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും ഈ ആഘോഷ നിമിഷം ചരിത്രത്തിൽ ഒരു അടയാളപ്പെടുത്തലാകും. രാജ്യത്തോടുള്ള പ്രവാസികളുടെ സ്നേഹവും, കൂറും വിളിച്ചോതുന്ന ഈ മഹോത്സവത്തിൽ പങ്കാളികളാകാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

