ഇന്ത്യ-ബഹ്റൈൻ ഉഭയകക്ഷി വ്യാപാരത്തിൽ 54 ശതമാനം വളർച്ച
text_fieldsഇന്ത്യ-ഗൾഫ് ബയർ സെല്ലർ മീറ്റ് അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ കഴിഞ്ഞ വർഷം 54 ശതമാനം വളർച്ച കൈവരിച്ചു. ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയും ബഹ്റൈനിലെ ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യ-ഗൾഫ് ബയർ സെല്ലർ മീറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
1.65 ബില്യൺ ഡോളറിെന്റ ഉഭയകക്ഷി വ്യാപാരമാണ് 2021-22ൽ നടന്നത്. ഇത് എക്കാലത്തെയും ഉയർന്ന വ്യാപാരമാണ്. ഉഭയകക്ഷി വ്യാപാരത്തിൽ മുഖ്യഭാഗവും ഭക്ഷ്യ, കാർഷികോൽപന്നങ്ങളാണ്.
ബഹ്റൈനിലെക്ക് അരിയും മാംസവും പഞ്ചസാരയും സുഗന്ധവ്യഞ്ജനങ്ങളും പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യന്ന പ്രമുഖ രാജ്യമാണ് ഇന്ത്യ. അടുത്തകാലത്ത്, ഇന്ത്യയിൽനിന്നുള്ള സംസ്കരിച്ച ഭക്ഷ്യോൽപന്നങ്ങളും ജൈവ, ആരോഗ്യകരമായ ഭക്ഷണങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയും ബഹ്റൈനിൽ പ്രചാരം നേടിയിട്ടുണ്ട്. ഉയർന്ന ഗുണുമേൻമയും ന്യായ വിലയുമാണ് ഇതിന് കാരണം.
ബഹ്റൈെന്റ ഭക്ഷ്യസുരക്ഷാ പദ്ധതികളിൽ നിർണ്ണായക പങ്കാളിയാകാൻ ഇന്ത്യ ആഗ്രഹിക്കുന്നതായി സംഗമം ഉദ്ഘാടനം ചെയ്ത അംബാസഡർ പീയൂഷ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയിലെ ഭക്ഷ്യ പാർക്കുകളിൽ നിക്ഷേപത്തിനുള്ള അവസരങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനാമ ഇന്റർകോണ്ടിനന്റൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽറഹ്മാൻ ജുമയും സന്നിഹിതനായിരുന്നു. ഇന്ത്യൻ ഭക്ഷ്യ, പാനീയ രംഗത്തെ 13 പ്രമുഖ കയറ്റുമതിക്കാരും ബഹ്റൈനിലെ റീട്ടെയ്ൽ, ഇറക്കുമതി, വിതരണ രംഗത്തെ 45 പ്രമുഖരും സംഗമത്തിൽ പങ്കെടുത്തു.
ഇന്ത്യയിൽനിന്നുള്ള ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ചായ, കാപ്പി, തനത് ഇന്ത്യൻ മധുരപലഹാരങ്ങൾ, ബേക്കറി, ശീതീകരിച്ചതും അല്ലാത്തതുമായ ഭക്ഷ്യോൽപന്നങ്ങൾ, ടിന്നിലടച്ച ഭക്ഷണങ്ങൾ, ആൽക്കഹോൾ ഇതര പാനീയങ്ങൾ, റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ, റെഡി ടു കുക്ക് ഭക്ഷണങ്ങൾ, ആരോഗ്യകരമായ ഭക്ഷണങ്ങൾ തുടങ്ങിയവ യോഗത്തിൽ പരിചയപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.