50 ശതമാനം സ്വദേശിവത്കരണം:പുനഃപരിശോധിക്കണമെന്ന് സർക്കാർ
text_fieldsമനാമ: സ്വകാര്യവത്കരണ കരാറുകളിൽ 50 ശതമാനം ബഹ്റൈൻ പൗരന്മാർക്ക് നിയമനം നിർബന്ധമാക്കാനുള്ള നിർദിഷ്ട നിയമനിർമ്മാണം പുനഃപരിശോധിക്കണമെന്ന് ബഹ്റൈൻ സർക്കാർ പാർലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം ഒരു നിബന്ധന നിലവിലെ നിയമങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും രാജ്യത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തെയും സാമ്പത്തിക സ്വാതന്ത്ര്യത്തെയും ദോഷകരമായി ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
കടുത്ത എതിർപ്പാണ് സർക്കാർ മെമ്മോറാണ്ടത്തിൽ രേഖപ്പെടുത്തിയത്. സ്വകാര്യവത്കരണ നയങ്ങളെയും നിയന്ത്രണങ്ങളെയും സംബന്ധിച്ച 2002ലെ ഡിക്രി-നിയമം നമ്പർ (41)ലെ ആർട്ടിക്കിൾ (നാല്) ഭേദഗതി ചെയ്യാനുള്ള നിർദേശമാണ് സർക്കാർ എതിർക്കുന്നത്. ഇത് നിലവിലെ നിയമത്തിലെ ആർട്ടിക്കിൾ (രണ്ട്), (ആറ്) എന്നിവയുമായി വൈരുധ്യമുണ്ടാക്കുന്നു. സ്വകാര്യവത്കരണ നയങ്ങളും നിയന്ത്രണങ്ങളും നിശ്ചയിക്കാൻ മന്ത്രിസഭക്ക് മാത്രമാണ് അധികാരം നൽകിയിരിക്കുന്നത്.
ഒരു നിശ്ചിത ബഹ്റൈനൈസേഷൻ ശതമാനം നിർബന്ധമാക്കുന്നത് മന്ത്രിസഭയുടെ വിവേചനാധികാരത്തെ പരിമിതപ്പെടുത്തുകയും ഫലപ്രദമായ സ്വകാര്യവത്കരണ മാനേജ്മെന്റിന് ആവശ്യമായ വഴക്കം ഇല്ലാതാക്കുകയും ചെയ്യും. ഇത്തരമൊരു കർശനമായ വ്യവസ്ഥ, എല്ലാത്തരം പദ്ധതികൾക്കും അനുയോജ്യമാകില്ല. ഇത് ഓഹരി വിൽപന, മത്സരാധിഷ്ഠിത ടെൻഡറുകൾ, ഔട്ട്സോഴ്സിങ്, സംയുക്ത സംരംഭങ്ങൾ തുടങ്ങിയ വിവിധ സ്വകാര്യവത്കരണ സംവിധാനങ്ങൾക്ക് വിരുദ്ധമായേക്കാം.
ഇത് ദേശീയ, വിദേശ നിക്ഷേപകരെ നിരുത്സാഹപ്പെടുത്താൻ സാധ്യതയുണ്ടെന്നും സർക്കാർ അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ (10), ദേശീയ കർമ്മപദ്ധതി എന്നിവ ഉറപ്പുനൽകുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തിന് നിർദിഷ്ട ഭേദഗതി എതിരാണെന്നും സർക്കാർ ഊന്നിപ്പറഞ്ഞു. ഇത് നിക്ഷേപ ആകർഷണീയത കുറക്കാനും കാര്യക്ഷമതയും മത്സരശേഷിയും വർധിപ്പിക്കുക എന്ന സ്വകാര്യവത്കരണത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾക്ക് വിരുദ്ധമാവാനും ഇടയുണ്ട്.
ദേശീയ തൊഴിൽലക്ഷ്യങ്ങൾ നിലവിലെ സ്വകാര്യവത്കരണ ചട്ടക്കൂട് വഴി തന്നെ നേടുന്നതായി സർക്കാർ അറിയിച്ചു.നിലവിലെ നടപടിക്രമങ്ങൾ അനുസരിച്ച്, ഉയർന്ന ബഹ്റനൈസേഷൻ പ്രതിബദ്ധതകളോ ദേശീയ പൗരന്മാർക്കുള്ള പരിശീലന പരിപാടികളോ ഉള്ള നിർദേശങ്ങൾക്ക് മുൻഗണന നൽകി, ടെൻഡർ വിലയിരുത്തൽ പ്രക്രിയയുടെ ഭാഗമായി ദേശീയ തൊഴിലാളികളുടെ പങ്കാളിത്ത ശതമാനം ഉൾപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

