വേഗത്തെ തോൽപിച്ച വിമാനം ‘കോൺകോഡ്’ ബഹ്റൈനിലിറങ്ങിയിട്ട് 49 വർഷം
text_fieldsബഹ്റൈൻ എയർപോർട്ടിൽ ഇറങ്ങിയ കോൺകോഡ് വിമാനം (ഫയൽ ചിത്രം)
മനാമ: ബ്രിട്ടൻ-ഫ്രാൻസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അത്ഭുതവിമാനമായ കോൺകോഡ് ബഹ്റൈനിലിറങ്ങിയിട്ട് 49 വർഷം. ലോക രാജ്യങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട് ശബ്ദത്തെ തോൽപിച്ച വേഗതയുമായി വ്യാമയാന മേഖലയിൽ വിപ്ലവം സൃഷ്ടിച്ച കോൺകോഡ് ബഹ്റൈൻ എയർപോർട്ടിൽ ആദ്യമായിറങ്ങുന്നത് 1976 ജനുവരി 21നാണ്.
ബ്രിട്ടീഷ് എയർവേ കോൺകോഡ് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്നാണ് ബഹ്റൈനിലേക്ക് അതിന്റെ കന്നി യാത്രനടത്തിയത്. അതേദിവസം തന്നെ മറ്റൊരുവിമാനമായ എയർഫ്രാൻസ് കോൺകോഡ് പാരിസിൽ നിന്ന് റിയോ ഡി ജനീറോയിലേക്കും പറന്നു. അക്കാലത്ത് ഒരു യാത്രക്കാരനിൽനിന്ന് ലണ്ടൻ-ബഹ്റൈൻ ടിക്കറ്റു വിലയായി ഈടാക്കിയിരുന്നത് 356 പൗണ്ടാണ്. അതായത് ഇന്നത്തെ 29264 ഇന്ത്യൻ രൂപക്ക് തുല്യം. 100 സീറ്റുകളടങ്ങിയ രണ്ടു കാബിനുകളായിരുന്നു ബഹ്റൈനിലേക്ക് പറന്ന ആദ്യ കന്നിയാത്രയിൽ വിമാനത്തിലുണ്ടായിരുന്നത്. മുൻഭാഗത്തെ കാബിനിൽ 40ഉം പിൻകാബിനിൽ 60 ഉം യാത്രക്കാരുൾപ്പെടെ രണ്ട് പൈലറ്റുമാരടക്കം ഒമ്പത് ക്രൂ അംഗങ്ങളും കന്നിയാത്രയിൽ ഭാഗഭാക്കായി.
യാത്രക്കാരുമായി കൊമേഴ്ഷ്യൽ സർവിസ് നടത്തിയിരുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ വിമാനങ്ങളിലൊന്നാണ് കോൺകോഡ് അഥവാ ശബ്ദാതിവേഗ വിമാനം. 1350 മൈൽ വേഗതയിൽ സഞ്ചരിച്ച ഈ നൂതന എയർക്രാഫ്ട് സാധാരണ വാണിജ്യ വിമാനങ്ങളെ അപേക്ഷിച്ച് യാത്രാസമയം പകുതിയിലധികമായി കുറച്ചു.
മണിക്കൂറിൽ 402 കിലോമീറ്ററാണ് കോൺകോഡിന്റെ ടേക്ക് ഓഫ് സ്പീഡ്. ലാൻഡിങ് വേഗത മണിക്കൂറിൽ 300 കിലോമീറ്ററും. ഭൂമിയിൽനിന്ന് 60000 അടി ഉയരത്തിലും വിമാനത്തിന് പറക്കാൻ കഴിയുമായിരുന്നു.
പതിനാല് കോൺകോഡുകളേ വ്യാവസായികാവശ്യത്തിനായി ഉപയോഗിച്ചിട്ടുള്ളു. ഇതുവരെ നടത്തിയത് 50000 യാത്രകളാണ്. 2.5 മില്യൺ പേർ യാത്രക്കാരുമായി. 2003 ഒക്ടോബർ 24നായിരുന്നു കോൺകോഡ് അവസാനമായി പറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

