വീണു കിട്ടിയ 472 ദീനാറും രേഖകളും ഉടമസ്ഥന് തിരികെ നൽകി
text_fieldsമിസാനൂർ റഹ്മാന് പഴ്സ് കൈമാറുന്നു
മനാമ: പണത്തിനേക്കാളേറെ മനസ്സാക്ഷിയുടെ വിളിക്കു വിലകൽപ്പിച്ച പ്രവാസി യുവാവിന്‍റെ സത്യസന്ധത മാതൃകയാകുന്നു. ട്യൂബ്ലിയിലെ കലിമ ഗ്രൂപ് വെയർഹൗസിന് മുന്നിൽ നിന്ന് ലഭിച്ച 472 ബഹ്റൈൻ ദിനാറും പ്രധാനപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സ് ഉടമസ്ഥന് സുരക്ഷിതമായി തിരികെ നൽകി ബംഗ്ലാദേശ് സ്വദേശിയായ ശരീഫ് റഹ്മാൻ മാതൃകയായി.
കലിമ കർട്ടൻ കമ്പനിയിലെ ജീവനക്കാരനായ ശരീഫ് റഹ്മാന് ബുധനാഴ്ചയാണ് വെയർഹൗസിന് മുന്നിൽ നിന്ന് ഒരു പേഴ്‌സ് ലഭിക്കുന്നത്. തുറന്നു നോക്കിയപ്പോൾ അതിൽ 472 ദിനാറും, ഒറിജിനൽ സി.പി.ആർ, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുമുണ്ടായിരുന്നു. ബംഗ്ലാദേശ് സ്വദേശി തന്നെയായ മിസാനൂർ റഹ്മാന്‍റേതാണ് ഈ പേഴ്‌സ് എന്ന് തിരിച്ചറിഞ്ഞ ശരീഫ്, ഒട്ടും വൈകാതെ തന്നെ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു.
ശരീഫ് വിവരം അറിയിച്ചതിനെത്തുടർന്ന് കലിമ ഗ്രൂപ് മാനേജർ ഷിഹാബ്, ജനറൽ മാനേജർ നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ ഉടമയെ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. അവർ ഉടൻ തന്നെ വെയർഹൗസ് മാനേജ്‌മെന്‍റിനെയും പോലീസിനെയും വിവരം കൈമാറി. തുടർന്ന് വദീമ ക്ലിയറൻസ് ഉടമ ജുനൈദ് വഴി നടത്തിയ അന്വേഷണത്തിലാണ് പേഴ്‌സ് ഉടമസ്ഥനായ മിസാനൂർ റഹ്മാന്‍റെ കമ്പനിയുമായി ബന്ധപ്പെടാൻ സാധിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കലിമ ഗ്രൂപ് ഓഫീസിലെത്തിയ മിസാനൂർ റഹ്മാന്, നഷ്ടപ്പെട്ട തുകയോടും രേഖകളോടും കൂടി പേഴ്‌സ് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

