46ാമത് ജി.സി.സി ഉച്ചകോടി ഡിസംബർ മൂന്നിന് ബഹ്റൈനിൽ
text_fieldsബഹ്റൈൻ നാഷനൽ മ്യൂസിയത്തിൽ ജി.സി.സി ഉച്ചകോടി പവലിയൻ
ഉദ്ഘാടനം ചെയ്യുന്നു
മനാമ: 46ാമത് ജി.സി.സി ഉച്ചകോടിക്ക് ഡിസംബർ മൂന്നിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കും. ജി.സി.സി രാജ്യങ്ങളുടെ ഐക്യം, സംയോജനം, സഹകരണം എന്നിവ ഉച്ചകോടിയിൽ ശ്രദ്ധാകേന്ദ്രമാകും. ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനം പ്രകടിപ്പിച്ച വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആൽ സയാനി, ഈ സമ്മേളനം ജി.സി.സിയുടെ സ്വത്വം ഉൾക്കൊള്ളുന്നതായും കൂടുതൽ പുരോഗതിക്കും വളർച്ചക്കും സമൃദ്ധിക്കും വേണ്ടിയുള്ള അംഗരാജ്യങ്ങളുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതായും വ്യക്തമാക്കി.
ഗൾഫ് പൗരന്മാർക്ക് അതീവ പ്രാധാന്യമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ അജണ്ടയെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു. ബഹ്റൈൻ നാഷനൽ മ്യൂസിയത്തിൽ ജി.സി.സി ഉച്ചകോടി പവലിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇരുവരും. വിവരസാങ്കേതിക മന്ത്രി ഡോ. റംസാൻ അൽ നുഐമി, ബഹ്റൈനിലെ ജി.സി.സി അംബാസഡർമാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പുതുതായി ഉദ്ഘാടനം ചെയ്ത ജി.സി.സി പവലിയന്റെ പ്രാധാന്യവും ബുദൈവി എടുത്തുപറഞ്ഞു. കഴിഞ്ഞ 44 വർഷത്തെ കൗൺസിലിന്റെ യാത്ര ഈ പവലിയനിൽ പ്രദർശിപ്പിക്കുന്നുണ്ട്. കൗൺസിലിന്റെ സ്ഥാപനത്തിന് മുന്നോടിയായ ഘട്ടങ്ങൾ, സ്ഥാപനത്തിന് ശേഷം വിവിധ മേഖലകളിലെ വികസനം, നേട്ടങ്ങൾ, ഗൾഫ് സഹകരണം, സംയോജനം എന്നിവയെല്ലാം പവലിയൻ വരച്ചുകാട്ടുന്നു. ജി.സി.സിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനായി എല്ലാവരും പവലിയൻ സന്ദർശിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

