46ാമത് ജി.സി.സി ഉച്ചകോടി; ജി.സി.സി രാജ്യങ്ങൾ കൈവരിച്ച പുരോഗതി എടുത്തുകാട്ടി പ്രത്യേക പവിലിയൻ
text_fieldsബഹ്റൈൻ ദേശീയ മ്യൂസിയത്തിൽ ഒരുക്കിയ പവിലിയൻ
മനാമ: 46ാമത് ജി.സി.സി ഉച്ചകോടിയോടനുബന്ധിച്ച് ജി.സി.സി രാജ്യങ്ങൾ കൈവരിച്ച പുരോഗതി എടുത്തുകാട്ടി ജി.സി.സി ഉച്ചകോടി പ്രത്യേക പവിലിയൻ. സന്ദർശകർക്ക് കൂടുതൽ അറിവ് നേടാനായി, ബഹ്റൈൻ ദേശീയ മ്യൂസിയത്തിൽ തുറന്ന ഈ പവിലിയൻ ഇന്ററാക്ടിവ് ഡിസ്പ്ലേകളും അത്യാധുനിക മൾട്ടിമീഡിയ സാങ്കേതികവിദ്യകളും സമന്വയിപ്പിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ജി.സി.സിയുടെ ചരിത്രം, അതിന്റെ സ്ഥാപനം മുതൽ ഇന്നുവരെയുള്ള രാഷ്ട്രീയ, സാമ്പത്തിക, വികസന, സാംസ്കാരിക മേഖലകളിലെ നേട്ടങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ അനുഭവമാണ് സന്ദർശകർക്ക് ഈ പവിലിയൻ നൽകുന്നത്.
ജി.സി.സി അംഗരാജ്യങ്ങളുടെ പതാകകളും സ്ഥാപക നേതാക്കളുടെ സന്ദേശങ്ങളും ആലേഖനംചെയ്ത പ്രവേശന കവാടത്തിൽനിന്നാണ് സന്ദർശനം ആരംഭിക്കുന്നത്. 1981 മേയ് 25ന് അബൂദബിയിൽ വെച്ച് ജി.സി.സി ചാർട്ടർ ഒപ്പുവെച്ചതുൾപ്പെടെ, കൗൺസിലിന്റെ രൂപവത്കരണത്തിന് മുമ്പുള്ള സംഭവവികാസങ്ങളും ഈ പവിലിയൻ പ്രദർശിപ്പിക്കുന്നു.
ഏകീകൃത കസ്റ്റംസ് നടപടിക്രമങ്ങൾ, ഒറ്റ പ്രവേശന കവാടം, ചരക്കുകളുടെ സ്വതന്ത്രമായ നീക്കം എന്നിവ ഇൻഫോഗ്രാഫിക്സിലൂടെ വിശദീകരിച്ചിട്ടുണ്ട്. കൂടാതെ ജി.സി.സി പൊതുവിപണി, അംഗരാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി എന്നിവയുടെ പുരോഗതിയും എടുത്തുകാണിക്കുന്നു. 2002ൽ ബഹ്റൈനിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചതു മുതൽ 2019ൽ ആദ്യ ഒമാൻ അംബാസഡറെ വാഷിങ്ടണിൽ നിയമിച്ചതുൾപ്പെടെ, ഗൾഫ് വനിതകളുടെ പ്രധാന നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന പ്രത്യേക ഭാഗവുമുണ്ട്. ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂനിയൻ എന്നിവയുമായുള്ള ജി.സി.സിയുടെ തന്ത്രപരമായ സംഭാഷണങ്ങൾ, ആഗോള സമാധാന ശ്രമങ്ങൾക്കുള്ള പിന്തുണ, മാനുഷിക സംഭാവനകൾ എന്നിവയും പവിലിയനിൽ പ്രദർശിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

