'ഒഴുകും പുസ്തകമേള കാണാൻ ജനപ്രവാഹം' 40,000 പേർ സന്ദർശിച്ചു
text_fieldsലോഗോസ് ഹോപ് കപ്പൽ
മനാമ: ‘ലോഗോസ് ഹോപ്’ കപ്പലിലെ പുസ്തകമേള സന്ദർശിക്കാൻ ബഹ്റൈൻ ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് വൻ ജനപ്രവാഹമായിരുന്നു. ഞായറാഴ്ച വരെ ഏകദേശം 40,000 പേർ കപ്പൽ സന്ദർശിച്ചതായാണ് കണക്കാക്കുന്നത്. അവധിദിവസങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ വൻ ജനപ്രവാഹമായിരുന്നു.
മേള കാണാൻ വയോധികരടക്കം ആയിരങ്ങൾ ഒഴുകിയെത്തി. 5000ത്തിലേറെ പുസ്തകങ്ങളാണ് ലോഗോസ് ഹോപ് കപ്പല്‍ പുസ്തകശാലയില്‍ ഒരുക്കിയിരുന്നത്. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ലോകോത്തര എഴുത്തുകാരുടെ നോവലുകള്‍, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാനശേഖരമടങ്ങുന്ന പുസ്തകങ്ങൾ പ്രദര്‍ശിപ്പിച്ചിരുന്നു. ദുർലഭമായ പുസ്തകങ്ങൾ വാങ്ങാനുള്ള അസുലഭാവസരം നിരവധി പേർ പ്രയോജനപ്പെടുത്തി.
ലോഗോസ് ഹോപ് കപ്പലിലെ പുസ്തകമേള സന്ദർശിക്കാനുള്ള തിരക്ക്
ഇത് രണ്ടാം തവണയാണ് പുസ്തകങ്ങളുടെ മഹാസമുദ്ര പ്രദര്‍ശനത്തിന് ബഹ്റൈൻ വേദിയാകുന്നത്. 2013ൽ ലോഗോസ് ഹോപ് ബഹ്റൈൻ സന്ദർശിച്ചിരുന്നു. അന്ന് മിന സൽമാൻ പോർട്ടിലായിരുന്നു കപ്പൽ അടുപ്പിച്ചിരുന്നത്. 65ലേറെ രാജ്യങ്ങളില്‍നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരാണ് പുസ്തകമേളയുടെ ഭാഗമായി കപ്പലിലുള്ളത്. റുമേനിയക്കാരനായ ലോനറ്റ് വ്ലോദാണ് കപ്പലിന്റെ ക്യാപ്റ്റൻ. ഏഴുവര്‍ഷമായി ഭാര്യക്കും മക്കള്‍ക്കുമൊപ്പം അദ്ദേഹം കപ്പലിലാണ് കഴിഞ്ഞുവരുന്നത്. ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത് ‘ഗുഡ് ബുക്സ് ഫോർ ഓൾ’ എന്ന ചാരിറ്റബ്ൾ ഓർഗനൈസേഷനാണ്.
കുട്ടികള്‍ക്കായുള്ള വിനോദപരിപാടികളും സാംസ്കാരിക പരിപാടികളുമെല്ലാം കപ്പലില്‍ ഒരുക്കിയിരുന്നു. 2005ൽ കപ്പൽ കമീഷൻ ചെയ്തതു മുതൽ 1,32,619 നോട്ടിക്കൽ മൈൽ യാത്ര ചെയ്യുകയും 77 രാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. 132.5 മീറ്റർ നീളമുള്ളതാണ് കപ്പൽ. 9.34 ദശലക്ഷം സന്ദർശകർ ഇതുവരെ ലോഗോസ് ഹോപ് സന്ദർശിച്ചതായാണ് കണക്ക്. 10 ദശലക്ഷത്തിലധികം പുസ്തകങ്ങൾ വിൽക്കുകയും ചെയ്തു.
ജിബൂതി, സൗദി അറേബ്യ, ജോർഡൻ, ഈജിപ്ത്, ലബനാൻ, ഇറാഖ്, റാസൽഖൈമ, ദുബൈ, അബൂദബി എന്നിവിടങ്ങളിൽ പുസ്തക പ്രദർശനം നടത്തിയതിനുശേഷമാണ് കപ്പൽ ബഹ്റൈനിലെത്തിയത്. ഇനി ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. അൽമൊയാദ് വിൽഹെംസെൻ കമ്പനിയായിരുന്നു ബഹ്റൈനിലെ ഷിപ്പിങ് ഏജന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

