ലേബര്‍ ക്യാമ്പുകൾക്ക് 40 നിബന്ധനകള്‍
text_fieldsമനാമ: ലേബര്‍ ക്യാമ്പുകളിൽ 40 നിബന്ധനകള്‍ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച വ്യവസ്ഥകൾ ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹാണ് വിശദീകരിച്ചത്.
തൊഴിലുടമകൾ ലേബര്‍ ക്യാമ്പുകളിൽ ഇൗ വ്യവസ്ഥകൾ പാലിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ഓരോ തൊഴിലാളിക്കും നാല് ചതുരശ്ര മീറ്റര്‍ വിസ്താരമുണ്ടാകണം. ഒരു മുറിയിൽ എട്ടു പേരില്‍ അധികമുണ്ടാവാന്‍ പാടില്ല. അടുക്കളക്കും പാചകസാമഗ്രികള്‍ക്കും പ്രത്യേക സംവിധാനമൊരുക്കണം. അവ ഹാളിൽ സ്ഥാപിക്കാന്‍ പാടില്ല. ആവശ്യമായ കാറ്റും വെളിച്ചവും ലേബര്‍ ക്യാമ്പുകളിലുണ്ടാവണം. വാതിലുകളും ജനലുകളും സുരക്ഷിതവും പ്രാണികള്‍ കയറാത്തതുമാകണം. പ്രവേശന കവാടത്തിലോ ഇടനാഴിയിലോ മേല്‍ക്കൂരയിലോ താമസം പാടില്ല. കിടക്ക, സാധന സാമഗ്രികള്‍ സൂഷിക്കാനുള്ള ഇടം എന്നിവ ലഭ്യമാക്കണം. കട്ടിലിന് 20 സെൻറിമീറ്ററില്‍ കൂടുതല്‍ ഉയരം പാടില്ല. ഓരോ കട്ടിലിനുമിടയില്‍ ഒരുമീറ്റര്‍ അകലം പാലിക്കണം.
ലേബര്‍ ക്യാമ്പുകളില്‍ പക്ഷികളെയോ മൃഗങ്ങളെയോ വളര്‍ത്താൻ പാടില്ല. എയര്‍ ഫ്രഷ്നറുകള്‍, കുടിവെള്ള സംവിധാനം, സിവില്‍ ഡിഫന്‍സ് സര്‍ട്ടിഫിക്കറ്റോടുകൂടിയ അഗ്നിശമന ഉപകരണങ്ങള്‍, മാലിന്യ നിര്‍മാര്‍ജന സംവിധാനം, ഫസ്റ്റ് എയ്ഡ് ബോക്സ്, വസ്ത്രം അലക്കാനുള്ള സൗകര്യം എന്നിവ ലഭ്യമാക്കണം. കുടിവെള്ളം ശുദ്ധമാകണം. തെന്നിവീഴാത്ത രീതിയിലുള്ള തറ വെള്ളം പെട്ടെന്ന് ഒഴുകാനാവശ്യമായ ചരിവുള്ളതാകണം. ഭിത്തി പെട്ടെന്ന് വൃത്തിയാക്കാന്‍ കഴിയുന്ന തരത്തില്‍ മിനുസമുള്ളതാകണം. വാതിലുകള്‍ താെന അടയുന്നതും പ്രാണിശല്യം പ്രതിരോധിക്കുന്നതുമാകണം. വസ്ത്രങ്ങള്‍ കഴുകുന്ന വെള്ളം ഒഴുകിപ്പോകാൻ ഡ്രെയ്നേജ് സംവിധാനവുമായി ബന്ധിപ്പിക്കണം.
പാത്രങ്ങളും സുരക്ഷ ഉപകരണങ്ങളും സൂക്ഷിക്കാൻ സൗകര്യമൊരുക്കണം. ഭക്ഷണം സൂക്ഷിക്കുന്ന സംവിധാനം, അടുക്കളയിൽ എക്സോസ്റ്റ് ഫാന്‍, ഭക്ഷണം സൂക്ഷിക്കാൻ ഫ്രിഡ്ജ്, തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചുള്ള ഗ്യാസ് അടുപ്പുകള്‍ എന്നിവയും സജ്ജമാക്കണം. ബാത്ത്റൂമുകളുടെ തറയും ഭിത്തിയും പെട്ടെന്ന് വൃത്തിയാക്കാന്‍ കഴിയുന്ന തരത്തിലുള്ളതാകണം. പ്രാണികള്‍ കടക്കാതെ ആവരണം ചെയ്ത ജനലുകളും എക്സോസ്റ്റ് ഫാനുകളും വെള്ളം പെട്ടെന്ന് ഒഴുകിപ്പോകാൻ സൗകര്യവും ഹീറ്ററും കൈഴുകുന്നതിനുള്ള ലിക്വിഡ് സോപ്പുകളുമുണ്ടാകണം. ഭക്ഷണ ഹാളില്‍നിന്ന് ബാത്ത്റൂമിലേക്ക് നേരിട്ട് തുറക്കുന്ന വാതിലുകൾ പാടില്ല. മൂന്നു തൊഴിലാളികൾക്ക് ഒന്ന് എന്ന തോതില്‍ ഫ്ലഷ് ടാങ്ക് ഘടിപ്പിച്ച ബാത്ത്റൂം സൗകര്യം ലഭ്യമാക്കണം. ഓരോ എട്ടു തൊഴിലാളിക്കും ഒന്ന് എന്ന തോതില്‍ കുളിക്കാനും വസ്ത്രം മാറാനുമുള്ള സൗകര്യം, അലക്കാനുള്ള സംവിധാനം എന്നിവയും ഒരുക്കണം.
അതത് സമയത്ത് ലേബര്‍ ക്യാമ്പുകളിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് തൊഴിലുടമ ശ്രദ്ധിക്കണമെന്നും നിഷ്കര്‍ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

