'40 ബ്രദേഴ്സ്' ഫുട്ബോൾ ടൂർണമെന്റ് നാളെ മുതൽ
text_fields40 ബ്രദേഴ്സ്' ഫുട്ബാൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന്
മനാമ: ബഹ്റൈനിലെ ഫുട്ബാൾ പ്രേമികളുടെ പ്രമുഖ കൂട്ടായ്മയായ '40 ബ്രദേഴ്സ്', ‘ജില്ല കപ്പ് സീസൺ 3’ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. നവംബർ 13, 14, 15 തീയതികളിലായി സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെ.എം.സി.സി കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ബി.എം.ഡി.എഫ് മലപ്പുറം, പാലക്കാട്, തൃശൂർ, സൗത്ത് സോൺ എന്നീ എട്ട് പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഓരോ ടീമിലും ഇന്ത്യയിൽ നിന്നുള്ള മൂന്ന് ഗെസ്റ്റ് പ്ലെയർമാർക്ക് അവസരം നൽകിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. വിജയികൾക്ക് 400 യു.എസ് ഡോളർ പ്രൈസ് മണിയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 200 യു.എസ് ഡോളറും ട്രോഫിയും സമ്മാനിക്കും.
ടൂർണമെന്റിലെ മികച്ച വ്യക്തിഗത താരങ്ങൾക്കും പ്രത്യേക ട്രോഫികൾ സമ്മാനിക്കും. കൂടാതെ ജില്ല കപ്പിന് പുറമെ, 40 വയസ്സിന് മുകളിലുള്ള കളിക്കാരെ പങ്കെടുപ്പിച്ച് ‘വെറ്ററൻസ് കപ്പ് സീസൺ 3’ ഉം സംഘടിപ്പിക്കുന്നുണ്ട്. 13ന് രാത്രി ഒമ്പത് മുതലാണ് മത്സരം ആരംഭിക്കുക. ഇതുകൂടാതെ, 15ന് ബഹ്റൈനിലെ പ്രശസ്ത അക്കാദമികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുള്ള ടൂർണമെന്റും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ 40 ബ്രദേഴ്സ് പ്രസിഡന്റ് ഖലീൽ റഹ്മാൻ, ട്രഷറർ ഇബ്റാഹീം ചിറ്റാണ്ട, റഷീദ് വടക്കാഞ്ചേരി, മുസ്തഫ ടോപ്മാൻ, ശറഫുദ്ദീൻ മാട്ടൂൽ, ഇസ്മായിൽ എലത്തൂർ, നൗഫൽ കണ്ണൂർ, ജെ.പി.കെ. തിക്കോടി, ശിഹാബ് പ്ലസ്, പ്രസാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

