യുവത്വത്തിന്റെ പ്രസരിപ്പോടെ 40 ബ്രദേഴ്സ് ഫുട്ബാൾ കൂട്ടായ്മ
text_fields40 വയസ്സിന് മുകളിലുള്ള പ്രവാസി ഫുട്ബാൾ പ്രേമികൾക്കായി രൂപം കൊണ്ട ഒരു കൂട്ടായ്മയാണ് 40 ബ്രദേഴ്സ്. പ്രവാസജീവിതത്തിനിടയിലും ജീവിതശൈലി രോഗങ്ങളോട് പടപൊരുതി, എന്നും ചൈതന്യത്തോടെ ജീവിക്കുക എന്ന ആരോഗ്യപരമായ ലക്ഷ്യമാണ് ക്ലബിന്റെ അടിസ്ഥാനം. പ്രവാസികളുടെ പ്രതീക്ഷകൾക്ക് പ്രസന്നതയുടെ പ്രസരിപ്പ് സമ്മാനിക്കുക എന്ന വലിയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
2023ൽ ആണ് ക്ലബിന്റെ തുടക്കം. ഷറഫു മാട്ടൂൽ, ഡോൺ വർഗീസ്, ഇസ്മയിൽ, സക്കീർ, ജാക്സൺ, മൊയ്തീൻ, ബാബു എന്നിവരാണ് ഈ ആശയം പങ്കുവെച്ചത്. ഈ ആശയം ഉൾക്കൊണ്ട് 70ൽ അധികം പേർ ആദ്യഘട്ടത്തിൽ തന്നെ ക്ലബുമായി സഹകരിച്ചു. ക്ലബ് ഇപ്പോൾ കേരള ഫുട്ബാൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് വളരെ വ്യവസ്ഥാപിതമായാണ് മുന്നോട്ട് പോകുന്നത്. ക്ലബിലെ പ്രധാന പ്രവർത്തനം ഫുട്ബാൾതന്നെയാണ്. ഇതിലൂടെ അംഗങ്ങളുടെ ആരോഗ്യവും ചൈതന്യവും നിലനിർത്തുന്നു. അംഗങ്ങളുടെ കുടുംബാംഗങ്ങളുടെ പൂർണപിന്തുണയോടെ, സ്ത്രീകൾക്കും കുട്ടികൾക്കുമായി കായികവും കലാപരവുമായ വിവിധ പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്. കുട്ടികളുടെ കായികശേഷി വർധിപ്പിക്കാൻ ക്ലബ് പ്രത്യേക പ്രാധാന്യവും നൽകി വരുന്നു. ഗ്രൗണ്ടിൽ കുഴഞ്ഞു വീണു മരിച്ച, ക്ലബുമായി സഹകരിച്ചിരുന്ന ഔസേപ് ഡേവിസിന്റെ കുടുംബത്തിന് ക്ലബ് എല്ലാ സഹായസഹകരണങ്ങളും നൽകി പിന്തുണച്ചിരുന്നു.
അംഗങ്ങൾക്കായി എല്ലാവർഷവും രണ്ട് ടൂർണമെന്റുകൾ ക്ലബ് സംഘടിപ്പിക്കാറുണ്ട്. ഈ വർഷത്തെ ജില്ല കപ്പ് ഫുട്ബോൾ ടൂർണമെന്റ് സീസൺ-3 യും വെറ്ററൻസ് കപ്പ് സീസൺ-3 യും നവംബർ 13, 14, 15 തീയതികളിൽ സിഞ്ചിലെ അഹ്ലി ക്ലബിൽ നടക്കും. ഇതിന്റെ പോസ്റ്റർ പ്രകാശനം ഇന്ത്യൻ ഫുട്ബോൾ താരം വി.പി. സുഹൈർ നിർവഹിച്ചിരുന്നു. ടൂർണമെന്റിന്റെ എല്ലാ ഒരുക്കവും കൺവീനവർ റഷീദ് വടക്കാഞ്ചേരിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി വരുന്നു.
പ്രസിഡന്റ്: ഖലീൽ റഹ്മാൻ (സ്കൈ വീൽ), ചെയർമാൻ: മൊയ്തീൻകുട്ടി, രക്ഷാധികാരികൾ: മുസ്തഫ ടോപ്പ്, അബ്ദുല്ല, ജനറൽ സെക്രട്ടറി: മൻസൂർ അത്തോളി, ട്രഷറർ: ഇബ്രാഹിം ചിറ്റണ്ട എന്നിവരാണ് നിലവിലെ ക്ലബിന്റെ ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

