മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസ്; ഏഷ്യൻ ഒളിമ്പിക് കമ്മിറ്റി പ്രതിനിധി സംഘങ്ങളുടെ യോഗം ചേർന്നു
text_fieldsമൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഏഷ്യൻ ഒളിമ്പിക് കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളുടെ യോഗം മനാമയിൽ ചേർന്നപ്പോൾ
മനാമ: മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഏഷ്യൻ ഒളിമ്പിക് കമ്മിറ്റികളിൽനിന്നുള്ള പ്രതിനിധിസംഘങ്ങളുടെ തലവൻമാരുടെ യോഗം മനാമയിൽ ചേർന്നു. ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) സെക്രട്ടറി ജനറൽ ഫാരിസ് മുസ്തഫ അൽ കുഹേജി, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ( ഒ.സി.എ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിനോദ് കുമാർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
ഒക്ടോബർ 22 മുതൽ 31 വരെയാണ് ഏഷ്യൻ യൂത്ത് ഗെയിംസ് നടക്കുക. ഏഷ്യയുടെ എല്ലാവിധ വൈവിധ്യങ്ങളും ഐക്യവും പ്രതിഫലിപ്പിക്കുന്ന ഉയർന്ന നിലവാരമുള്ള ഇവന്റായിരിക്കും ബഹ്റൈൻ ഒരുക്കുകയെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ യൂസുഫ് ദുഐജ് പറഞ്ഞു.
ദമ്മാമിലെ പരിശീലന ക്യാമ്പുകൾ ഉൾപ്പെടെ അത്ലറ്റുകളുടെ വരവിനെ സഹായിക്കുന്നതിനായി മെച്ചപ്പെട്ട സൈൻ ഏജ്, ബാഗേജ് ട്രാക്കിങ്, ഇമിഗ്രേഷൻ നടപടിക്രമങ്ങൾ, ലോജിസ്റ്റിക്സ് സഹായം എന്നിവ ഉണ്ടാകുമെന്ന് അൽ കുഹേജി സ്ഥിരീകരിച്ചു. സൗകര്യപ്രദമായ താമസ സൗകര്യങ്ങൾ, ഉദ്യോഗസ്ഥർക്ക് പ്രത്യേക താമസ സൗകര്യം, ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് എന്നിവയും ഉണ്ടാകും.
42 ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള 3500ലധികം അത്ലറ്റുകൾ 31 ഉപവിഭാഗങ്ങളിലായി 24 കായിക ഇനങ്ങളിൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും മിക്സഡ് ടീമുകൾക്കുമായി ആകെ 253 ഇനങ്ങളുണ്ട്. ഇസ സ്പോർട്സ് സിറ്റി, ഖലീഫ സ്പോർട്സ് സിറ്റി, എക്സിബിഷൻ വേൾഡ് ബഹ്റൈൻ, എൻഡുറൻസ് വില്ലേജ്, സാമ ബേ എന്നിവയുൾപ്പെടെയുള്ള വേദികളിൽ മത്സരങ്ങൾ നടക്കും.
ജൂണിൽ അക്രഡിറ്റേഷൻ സംവിധാനം ആരംഭിക്കുമെന്നും ജൂലൈ 31 വരെ സമർപ്പിക്കാനുള്ള സമയപരിധിയുണ്ടെന്നും സംഘാടകർ സ്ഥിരീകരിച്ചു. സെപ്റ്റംബറിൽ ഡിജിറ്റൽ അക്രഡിറ്റേഷൻ കാർഡുകൾ വിതരണം ചെയ്യും. ഒക്ടോബർ 13ന് ഔദ്യോഗിക അക്രഡിറ്റേഷൻ കേന്ദ്രം തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

