26ാമത് ‘കെ.സി.എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ’ ഒക്ടോബറിൽ; രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsദി ഇന്ത്യൻ ടാലന്റ് സ്കാൻ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽനിന്ന്
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) കുട്ടികൾക്കായി 26 വർഷമായി സംഘടിപ്പിച്ചു വരുന്ന പ്രമുഖ കലാ-സാഹിത്യ, സാംസ്കാരിക മത്സരമായ “കെ.സി.എ ദി ഇന്ത്യൻ ടാലെന്റ് സ്കാൻ” ഈവർഷവും വിപുലമായി നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബഹ്‌റൈനിൽ താമസക്കാരായ ഇന്ത്യൻ കുട്ടികൾക്കായി നടത്തുന്ന മത്സരങ്ങൾ 2026 ഒക്ടോബർ മൂന്നാം വാരം മുതൽ ഡിസംബർ ആദ്യ വാരം വരെ വിവിധ ഘട്ടങ്ങളിലായി നടക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ലിയോ ജോസഫ് ചെയർമാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചതായി കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ അറിയിച്ചു. ചീഫ് കോർഡിനേറ്ററായി സിമി ലിയോ, വൈസ് ചെയർമാനായി ജോഷി വിതയത്തിൽ, വൈസ് ചെയർപേഴ്‌സൺമാരായി സിമി അശോക്, പ്രെറ്റി റോയ് എന്നിവർ നേതൃത്വം നൽകും. കൂടാതെ വിവിധ ഉപസമിതികൾക്ക് ഷൈനി നിത്യൻ, ബാബു തങ്കളത്തിൽ, ജോബി ജോർജ്ജ്, നിക്സൺ വർഗീസ്, നിത്യൻ തോമസ്, ജോയൽ ജോസ്, സണ്ണി ആയിരൂർ, ജൂലിയറ്റ് തോമസ്, മാഗി വർഗീസ്, അശോക് മാത്യു, ജിൻസ് ജോസഫ്, ജിതിൻ ജോസ്, ബാബു വർഗീസ്, എൽമി വിൻസെന്റ്, മരിയ ജിബി, ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവരും, ഉപദേശക സമിതി അംഗങ്ങളായി സേവി മാത്തുണ്ണി, വർഗീസ് ജോസഫ്, റോയ് സി. ആന്റണി, അരുൾദാസ് തോമസ് എന്നിവരും പ്രവർത്തിക്കും.
2008 ഒക്ടോബർ 1-നും 2021 സെപ്റ്റംബർ 30-നും ഇടയിൽ ജനിച്ച ബഹ്‌റൈനിലെ ഇന്ത്യൻ കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കാളികളാകാം. അഞ്ച് പ്രായഗ്രൂപ്പുകളിലായി 180-ലധികം വ്യക്തിഗത ഇനങ്ങളും വിവിധ ടീം ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് പരമാവധി 12 വ്യക്തിഗത ഇനങ്ങളിൽ മത്സരിക്കാം. ഇതിനോടകം ആരംഭിച്ച മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ 08-ന് അവസാനിക്കും. അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നാട്യരത്ന, സംഗീതരത്ന, കലാരത്ന, സാഹിത്യരത്ന, ആഡ്-ഓൺ, ടീം ഇനങ്ങൾ എന്നിങ്ങനെ 6 വിഭാഗങ്ങളായാണ് മത്സരങ്ങൾ തിരിച്ചിരിക്കുന്നത്. കലാതിലകം, കലാപ്രതിഭ, മികച്ച അധ്യാപകർക്കും സ്‌കൂളുകൾക്കുമുള്ള പുരസ്കാരങ്ങൾ എന്നിവയടക്കം നിരവധി ട്രോഫികളും സർട്ടിഫിക്കറ്റുകളും വിജയികൾക്ക് നൽകും.
പത്രസമ്മേളനത്തിൽ സിമി അശോക്, സിമി ലിയോ, വിനു ക്രിസ്റ്റി, ജെയിംസ് ജോൺ, ആനന്ദ് നായർ (ബി.എഫ്.സി മാർക്കറ്റിംഗ് ഹെഡ്), ലിയോ ജോസഫ്, ജോഷി വിതയത്തിൽ, ജിൻസ് ജോസഫ് എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.kcabah.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

